വീണ്ടും സർക്കാരിന് തിരിച്ചടി; ഗവർണർക്ക് കൂടുതൽ കരുത്ത്

arif-mohammed-khan
SHARE

തിരുവനന്തപുരം ∙ താൽക്കാലിക വൈസ് ചാൻസലർ നിയമനം സംബന്ധിച്ച് സമാന വ്യവസ്ഥകളുള്ള സാങ്കേതിക സർവകലാശാലയിലും (കെടിയു) ഫിഷറീസ് സർവകലാശാലയിലും (കുഫോസ്) വ്യത്യസ്ത നിലപാട് സ്വീകരിച്ച സർക്കാരിനുള്ള കനത്ത തിരിച്ചടിയാണ് ഡോ.സിസ തോമസിന്റെ നിയമനം ശരിവയ്ക്കുന്ന ഹൈക്കോടതി വിധി. സർവകലാശാലാ ഇടപെടലുകളിൽ ഗവർണർക്ക് ഇതു കൂടുതൽ കരുത്തു പകരും. എന്നാൽ, 3 മാസത്തിനകം കെടിയുവിൽ സ്ഥിരം വിസിയെ നിയമിക്കണമെന്ന ഹൈക്കോടതി നിർദേശം നടപ്പാക്കാൻ സാങ്കേതിക പ്രശ്നങ്ങളുണ്ട്.

സർക്കാരുമായി ആലോചിച്ചു ചാൻസലർ വിസിയെ നിയമിക്കണമെന്നാണ് കെടിയു, കുഫോസ് സർവകലാശാലാ നിയമങ്ങളിൽ പറയുന്നത്. കെടിയുവിൽ ഗവർണർ വിസിയെ നിയമിച്ചപ്പോൾ അവർക്കെതിരെ പ്രക്ഷോഭ പരമ്പര നടത്തി; പ്രവർത്തിക്കാൻ അനുവദിച്ചതുമില്ല. നിയമനത്തിന്റെ പേരിൽ ഗവർണർക്കെതിരെ സർക്കാർ കേസിനു പോയി. കുഫോസിൽ ഗവർണർ സർക്കാരിനോട് ആലോചിക്കാതെ നിയമനം നടത്തിയെങ്കിലും ആർക്കും പ്രതിഷേധമില്ല. സർക്കാർ കേസും കൊടുത്തില്ല. രണ്ടിടത്തും ഗവർണർ നിയമിച്ചത് യോഗ്യതയുള്ള സീനിയർ പ്രഫസർമാരെയാണ്. സർക്കാരും എൽഡിഎഫും സ്വീകരിച്ച ഈ ഇരട്ടത്താപ്പാണ് ഹൈക്കോടതി വിധിയിലൂടെ പൊളിഞ്ഞത്.

കെടിയു വിസിയെ 3 മാസത്തിനകം നിയമിക്കണമെന്ന കോടതി നിർദേശം പാലിക്കണമെങ്കിൽ സർവകലാശാലാ നിയമം ഭേദഗതി ചെയ്യേണ്ടിവരും. കെടിയു നിയമം അനുസരിച്ച് വിസിയെ തിരഞ്ഞെടുക്കാനുള്ള സേർച് കമ്മിറ്റിയിൽ എഐസിടിഇ പ്രതിനിധി, ബോർഡ് ഓഫ് ഗവേണേഴ്സ് പ്രതിനിധി, ചീഫ് സെക്രട്ടറി എന്നിവരാണുള്ളത്. അക്കാദമിക് വിദഗ്ധർ മാത്രമേ സേർച് കമ്മിറ്റിയിൽ ഉണ്ടാകാൻ പാടുള്ളൂ എന്ന വ്യവസ്ഥ അനുസരിച്ച് ചീഫ് സെക്രട്ടറിയെ ഒഴിവാക്കേണ്ടിവരും. എഐസിടിഇ പ്രതിനിധിക്കു പകരം യുജിസി പ്രതിനിധിയെ ഉൾപ്പെടുത്തിയാൽ മാത്രമേ യുജിസി മാനദണ്ഡം അനുസരിച്ചു നിയമനം അംഗീകരിക്കപ്പെടൂ. ഇതിനായി നിയമം ഭേദഗതി ചെയ്യണം. പകരം കമ്മിറ്റിയിൽ ആരെ ഉൾപ്പെടുത്തുമെന്നത് ഗവർണറും സർക്കാരുമായി ഏറ്റുമുട്ടലിനു വഴിയൊരുക്കാം. യുജിസി വ്യവസ്ഥയനുസരിച്ചുള്ള അംഗങ്ങളെ മാത്രം ഉൾപ്പെടുത്തി സ്വന്തം നിലയിൽ സേർച് കമ്മിറ്റി രൂപീകരിക്കാനും ഗവർണർക്കു സാധിക്കും.

ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്നു പുറത്താക്കാനുള്ള കരട് ഓർഡിനൻസ് കൊണ്ടുവന്ന് ഒരാഴ്ചയ്ക്കകം നിയമസഭ വിളിച്ചുചേർക്കാൻ തീരുമാനിച്ചതിനാൽ അത് ഇല്ലാതായിരുന്നു. പകരം നിയമസഭയിൽ ബിൽ കൊണ്ടുവരാ‍ൻ തീരുമാനിച്ചിരിക്കെയാണ് കോടതിയിൽനിന്നു സർക്കാരിനു തുടർച്ചയായി നാലാമത്തെ തിരിച്ചടി ലഭിക്കുന്നത്.

English Summary: Dr. Sisa Thomas appointment; Government defends 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാവർക്കും ഇഷ്ടപ്പെടും രുചിയിൽ ചില്ലി മഷ്റും

MORE VIDEOS