അക്കൗണ്ടിൽ നിന്നു രണ്ടരക്കോടി രൂപ ബാങ്ക് മാനേജർ മുക്കി; കോർപറേഷൻ അറിഞ്ഞില്ല

HIGHLIGHTS
  • കോർപറേഷൻ പരാതി നൽകിയതു ബാങ്ക് അധികൃതർ തട്ടിപ്പു കണ്ടെത്തി പൊലീസിൽ അറിയിച്ച ശേഷം
Bank fraud
SHARE

കോഴിക്കോട് ∙ കോർപറേഷന്റെ അക്കൗണ്ടിലെ 2.54 കോടി രൂപ ബാങ്ക് മാനേജർ തട്ടിയെടുത്തിട്ടും കോർപറേഷൻ അറിഞ്ഞില്ല. തട്ടിപ്പു കണ്ടെത്തി ബാങ്ക് അധികൃതർ പൊലീസിൽ പരാതി നൽകിയതോടെയാണു കോർപറേഷൻ അധികൃതരും പരാതിയുമായി രംഗത്തെത്തിയത്. പഞ്ചാബ് നാഷനൽ ബാങ്ക് ലിങ്ക് റോഡ് ശാഖാ മാനേജരുടെ പരാതിയിൽ മുൻ മാനേജർ എം.പി. റിജിലിനെതിരെ ടൗൺ പൊലീസ് കേസെടുത്തു. നിലവിൽ എരഞ്ഞിപ്പാലം ശാഖ മാനേജരായ റിജിലിനെ അന്വേഷണ വിധേയമായി ബാങ്കിൽ നിന്നു സസ്പെൻഡ് ചെയ്തു. 

ഒരു മാസത്തിനിടയിലാണ് കോർപറേഷന്റെ രണ്ട് അക്കൗണ്ടുകളിൽ നിന്നായി രണ്ടരക്കോടി രൂപ തട്ടിയത്. കൂടുതൽ തുക നഷ്ടമായിട്ടുണ്ടോ എന്നു വിശദ അന്വേഷണത്തിലേ വ്യക്തമാകൂ. ചില സ്വകാര്യ വ്യക്തികളുടെ അക്കൗണ്ടിൽ നിന്നും പണം തട്ടിയതായി സൂചനയുണ്ട്. ബാങ്ക് അധികൃതർ നവംബർ 29നു നൽകിയ പരാതിയിൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരുന്നെങ്കിലും കോർപറേഷന്റെ പരാതിയിൽ ഇന്നലെ ഉച്ചവരെ കേസെടുത്തിരുന്നില്ല. 

തങ്ങളുടെ ഭാഗത്തു നിന്ന് ഒരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നു കോർപറേഷൻ അധികൃതർ പറയുന്നു. അക്കൗണ്ടിലെ പിഴവിൽ സംശയം തോന്നി ബാങ്ക് അധികൃതരോടു ചൂണ്ടിക്കാട്ടിയപ്പോൾ അക്കൗണ്ട് ഇടപാട് കൃത്യമാക്കി സ്റ്റേറ്റ്മെന്റ് അയച്ചു തന്നു. വീണ്ടും പിഴവ് കണ്ടപ്പോൾ നടത്തിയ പരിശോധനയിലാണു 2.54 കോടി രൂപ നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. അറിഞ്ഞ ഉടൻ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും കോർപറേഷൻ അധികൃതർ പറഞ്ഞു.. 

അതേസമയം കോർപറേഷന്റെ ഭാഗത്തു നിന്നു ഗുരുതര വീഴ്ചയുണ്ടായതായി യുഡിഎഫ് കൗൺസിലർമാർ ആരോപിച്ചു. കോർപറേഷന്റെ ഫണ്ട് വിനിയോഗവും പണമിടപാടുകളും സംബന്ധിച്ചു ഭരണസമിതിക്കും സെക്രട്ടറിക്കും ധാരണയില്ല. ബാങ്ക് മാനേജർ പരാതി നൽകിയപ്പോഴാണു കോർപറേഷൻ സംഭവം അറിയുന്നത്. ഇത്തരം അപാകതകളെക്കുറിച്ച് കഴിഞ്ഞ ഓഡിറ്റ് റിപ്പോർട്ടിൽ തന്നെ ചൂണ്ടിക്കാട്ടിയിരുന്നുവെന്നും യുഡിഎഫ് കൗൺസിലർമാർ പറഞ്ഞു. മുനിസിപ്പൽ ചട്ടപ്രകാരം ആഴ്ചയിൽ ഒരിക്കലെങ്കിലും ബാങ്കിൽ നിന്നു സ്റ്റേറ്റ്മെന്റ് വാങ്ങണം. നിത്യവരുമാനം അക്കൗണ്ടിൽ എത്തിയോ ഇല്ലയോ എന്നു പരിശോധിക്കാൻ സെക്രട്ടറി തയാറായിട്ടില്ലെന്നും യുഡിഎഫ് ആരോപിച്ചു. 

English Summary: Fraud in corporation bank account 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

50ന്റെ ചെറുപ്പത്തിൽ കെഎസ്ആർടിസിയിലെ കാരണവർ

MORE VIDEOS