ADVERTISEMENT

തിരുവനന്തപുരം ∙ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്നു ഗവർണറെ പുറത്താക്കാൻ സർവകലാശാലാ നിയമങ്ങളിൽ ഭേദഗതി വരുത്തുന്ന കരടു ബില്ലിനു മന്ത്രിസഭയുടെ അംഗീകാരം. വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക, പൊതുഭരണ, സൈദ്ധാന്തിക മേഖലകളിലെ പ്രഗല്ഭരെയാകും ചാൻസലറായി നിയമിക്കുക. ഈ സ്ഥാനത്ത് എത്തുന്നയാൾ ഫലത്തിൽ പ്രോ–ചാൻസലറായ മന്ത്രിയുടെ മുകളിലായിരിക്കും.

കേരള, എംജി, കുസാറ്റ്, കാലിക്കറ്റ്, കണ്ണൂർ, സംസ്കൃതം, മലയാളം, ഡിജിറ്റൽ, ശ്രീനാരായണഗുരു, കാർഷിക, വെറ്ററിനറി, ഫിഷറീസ്, ആരോഗ്യ, സാങ്കേതിക സർവകലാശാലാ നിയമങ്ങളിലാണു ഭേദഗതി വരുത്തുന്നത്. നിയമസഭാ സമ്മേളനം തുടങ്ങുന്ന തിങ്കളാഴ്ച തന്നെ ബിൽ കൊണ്ടുവരാനാണു ധാരണ.

ഇതിനിടെ, കരടു ബില്ലിലെ സാങ്കേതികപ്പിഴവു മന്ത്രിസഭാ യോഗത്തിന്റെ കുറിപ്പിൽ ചൂണ്ടിക്കാട്ടിയ കൃഷി സെക്രട്ടറി ബി.അശോകിന്റെ നിലപാടിനെ മുഖ്യമന്ത്രിയും മന്ത്രിമാരും യോഗത്തിൽ കടുത്ത ഭാഷയിൽ വിമർശിച്ചു. അതൃപ്തി അറിയിക്കാൻ കൃഷിമന്ത്രി പി.പ്രസാദിനെയും ചീഫ് സെക്രട്ടറിയെയും ചുമതലപ്പെടുത്തി. ഇന്നു ചേരുന്ന പ്രത്യേക മന്ത്രിസഭായോഗം അശോക് ചൂണ്ടിക്കാട്ടിയ പിഴവും ചർച്ച ചെയ്യുമെന്നാണു സൂചന. ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്നു മാറ്റുന്ന ബില്ലിന്റെ ആമുഖത്തിൽ ആ നീക്കത്തിന് എന്താണു കാരണമെന്നു ചൂണ്ടിക്കാട്ടുന്നില്ല എന്നതാണ് ആദ്യ പിഴവായി അശോക് ചൂണ്ടിക്കാട്ടിയത്. 

ബില്ലിന്റെ ഉദ്ദേശ്യം വ്യക്തമാക്കുന്നില്ലെന്നും ഒന്നര പേജുള്ള കുറിപ്പിൽ പറയുന്നു. സർവകലാശാലാ ഭരണ വകുപ്പുകളുമായി ബന്ധപ്പെട്ട മന്ത്രിമാരുടെയും സെക്രട്ടറിമാരുടെയും നിർദേശങ്ങൾ കരടു ബില്ലിനൊപ്പം പരിഗണനയ്ക്കു വയ്ക്കാൻ തീരുമാനിച്ചിരുന്നു. ഇതനുസരിച്ചാണു കാർഷിക സർവകലാശാലയുടെ ഭരണ വകുപ്പായ കൃഷി വകുപ്പിന്റെ സെക്രട്ടറിയുടെ അഭിപ്രായം തേടിയത്.

ഉദ്യോഗസ്ഥർ പരിധിവിട്ട് അഭിപ്രായപ്രകടനം നടത്തരുതെന്നും വിഷയത്തിൽ ഒതുങ്ങിനിന്നാകണം കുറിപ്പുകളെന്നും മന്ത്രിമാർ പറഞ്ഞു. സെക്രട്ടറിയുടെ നിലപാടിലെ അസഹിഷ്ണുത മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാട്ടി. യോഗത്തിന്റെ ഭൂരിഭാഗം സമയവും ഇക്കാര്യത്തിലുള്ള അതൃപ്തിയാണു ചർച്ച ചെയ്തത്.

ചാൻസലറെ നീക്കാൻ സർക്കാരിന് അധികാരം

ഗവർണർക്കു പകരം വരുന്ന ചാൻസലർക്കെതിരെ ഗുരുതര പെരുമാറ്റദൂഷ്യ ആരോപണം വന്നാൽ സുപ്രീം കോടതിയിലെയോ ഹൈക്കോടതിയിലെയോ മുൻ ജഡ്ജി നടത്തുന്ന അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ചുമതലകളിൽനിന്നു നീക്കാൻ സർക്കാരിന് അധികാരമുണ്ടെന്നു കരടു ബില്ലിൽ പറയുന്നു. 75 വയസ്സോ 5 വർഷമോ, ഏതാണോ ആദ്യം വരിക, അതുവരെ പദവിയിൽ തുടരാം. 75 വയസ്സാകാത്തവർക്ക് ഒരുതവണ പുനർനിയമനമാകാം.

ചാൻസലർക്കുള്ള ആനുകൂല്യങ്ങൾക്കും മറ്റു ചെലവുകൾക്കുമുള്ള തുക സർവകലാശാലകളുടെ തനതു ഫണ്ടിൽനിന്നു കണ്ടെത്തും. ഖജനാവിൽനിന്നു തുക ചെലവഴിക്കാനുള്ള വ്യവസ്ഥ ബില്ലിൽ ഉൾപ്പെടുത്തിയാൽ പാസാക്കുന്നതിനു മുൻപ് ഗവർണറുടെ അനുമതി വേണ്ടിവരും. ഇതൊഴിവാക്കാനാണു സർവകലാശാലാ ഫണ്ടിൽനിന്നു പണം ചെലവഴിക്കാമെന്നു നിർദേശിച്ചിരിക്കുന്നത്. ചാൻസലർക്ക് സർവകലാശാലകളിൽതന്നെ ഓഫിസ് ഒരുക്കും. ഇതിന്റെ ചെലവും സർവകലാശാല വഹിക്കണം. ചാൻസലറുടെ പഴ്സനൽ സ്റ്റാഫിന്റെ കാര്യം പ്രത്യേകം പറയുന്നില്ലെന്നാണു സൂചന.

English Summary: Kerala Cabinet approves Bill removing Governor as Chancellor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com