ഇറങ്ങിത്തിരിച്ചത് 63,940 കോടിയുടെ പദ്ധതിക്ക്; 2 പാലത്തിന് 18.5 കോടി നൽകാൻ പണമില്ല

HIGHLIGHTS
  • സർക്കാർ പണം നൽകാത്തതിനാൽ തടസ്സപ്പെട്ട് കെ റെയിലിന്റെ മേൽപാല നിർമാണം
Pinarayi Vijayan | Photo: RINKU RAJ MATTANCHERIYIL
മുഖ്യമന്ത്രി പിണറായി വിജയൻ. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙മനോരമ
SHARE

തിരുവനന്തപുരം∙ 63,940 കോടി രൂപയുടെ സിൽവർലൈൻ വേഗറെയിൽ പദ്ധതി നടപ്പാക്കാൻ ഇറങ്ങിത്തിരിച്ച സംസ്ഥാന സർക്കാരിനു 2 റെയിൽവേ മേൽപാലത്തിന് 18.5 കോടി രൂപ നൽകാൻ പണമില്ല. സിൽവർലൈൻ നടത്തിപ്പുകാരായ കെ റെയിൽ വഴി നടപ്പാക്കുന്ന ഈ പദ്ധതികൾക്കായി പലതവണ ആവശ്യപ്പെട്ടിട്ടും പണം നൽകിയിട്ടില്ല. ടെൻഡർ ഉറപ്പിക്കേണ്ട സമയപരിധി കഴിഞ്ഞതിനാൽ, കുറഞ്ഞ തുക ക്വോട്ട് ചെയ്ത കമ്പനിയോടു 4 മാസ സമയം കൂടി കെ റെയിൽ നീട്ടിവാങ്ങി.

ജനുവരിക്കകം ടെൻഡർ ഉറപ്പിച്ചു നൽകിയില്ലെങ്കിൽ റീ ടെൻഡർ വേണ്ടിവരും. എസ്റ്റിമേറ്റും ഉയരും. സിൽവർലൈൻ പദ്ധതി മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്തതിനു കേന്ദ്ര സർക്കാരിനെയും സമരക്കാരെയും പഴിക്കുന്ന സർക്കാരിന് ഇക്കാര്യത്തിൽ മറ്റാരെയും കുറ്റപ്പെടുത്താനില്ല. താൽക്കാലികമായി മരവിപ്പിച്ച സിൽവർലൈനു വേണ്ടി ഇതുവരെ ചെലവായത് 34.52 കോടി രൂപയാണ്. രണ്ടു മേൽപാലങ്ങൾക്കായി ഇതിന്റെ പകുതി ചോദിച്ചിട്ടും തരാനില്ലെന്നാണു സർക്കാരിന്റെ നിലപാട്.

കേന്ദ്ര റെയിൽവേയും കേരളവും ചേർന്നു കേരള റെയിൽ ഡവലപ്മെന്റ് കോർപറേഷൻ രൂപീകരിച്ചതു സിൽവർലൈൻ പദ്ധതി നടപ്പാക്കാൻ വേണ്ടി മാത്രമല്ല. സംസ്ഥാനത്തെ റെയിൽ പദ്ധതികളുടെ നി‍ർമാണത്തിനു വേണ്ടിയാണ്. റെയിൽവേ മേൽപാലങ്ങളും ഇക്കൂട്ടത്തിൽ വരും. അങ്ങനെയാണ് ആകെ 500 കോടി ചെലവുള്ള 25 മേൽപാലങ്ങളുടെ നിർമാണം കെ റെയിലിനെ ഏൽപിച്ചത്. പദ്ധതിച്ചെലവിന്റെ പകുതി തുക വീതം സംസ്ഥാനവും കേന്ദ്രവും വഹിക്കണം. നിർമാണം തുടങ്ങിവയ്ക്കാനുള്ള പണം മുടക്കേണ്ടതു സംസ്ഥാനമാണ്. നിർമാണ പുരോഗതിക്കനുസരിച്ചു കേന്ദ്രം പണം നൽകും.

ധന വകുപ്പിന്റെ അനുമതിയോടെ മരാമത്തു വകുപ്പാണു ഭരണാനുമതിയും ഫണ്ടും നൽകേണ്ടത്. തൃശൂർ പള്ളി ഗേറ്റ് മേൽപാലം (22 കോടി), നിലമ്പൂർ യാഡ് ഗേറ്റ് മേൽപാലം (15 കോടി) എന്നിവയുടെ ടെൻഡർ നടപടിയാണു മാർച്ചിൽ പൂർത്തിയായത്. ഒരു നിർമാണക്കമ്പനിക്കാണു രണ്ടു ടെൻഡറും ലഭിച്ചത്. ടെൻഡർ തുറന്ന് കകരാറുകാരനെ കണ്ടെത്തിക്കഴിഞ്ഞാൽ 6 മാസത്തിനകം ടെൻഡർ ഉറപ്പിച്ചു നൽകണം.

പണം ചോദിച്ചു കെ റെയിൽ പലതവണ എഴുതിയെങ്കിലും സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി കാത്തിരിക്കാൻ മറുപടി ലഭിച്ചു. ഒടുവിൽ ടെൻഡറിന്റെ കാലാവധി കഴിഞ്ഞു. നീട്ടിയ കാലാവധി അടുത്ത മാസം തീരും. കാക്കനാട് ഗേറ്റ്, താമരക്കുളം (ആലപ്പുഴ), ഇടക്കുളങ്ങര, പോളയത്തോട് (കൊല്ലം), മങ്കര (പാലക്കാട്), ഉപ്പള, സൗത്ത് തൃക്കരിപ്പൂർ (കാസർകോട്), വെള്ളയിൽ (കോഴിക്കോട്), ഏഴിമല (കണ്ണൂർ) എന്നീ 9 മേൽപാല പദ്ധതികളും ടെൻഡറിനു തയാറായിട്ടുണ്ട്. 

English Summary: Kerala government does not have money to construct two railway bridges

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS