തിരുവനന്തപുരം ∙ 11 വർഷത്തെ പോരാട്ടം. കാണാതായ മകളും കൊച്ചുമകളും എവിടെയാണെന്നു കണ്ടെത്താൻ. അവർക്ക് അരുതാത്തതെന്തോ സംഭവിച്ചോ എന്ന ആധി എന്നും മനസ്സിൽ ഉണ്ടായിരുന്നു. എങ്കിലും അവർ ഇനിയൊരിക്കലും തിരിച്ചുവരില്ലെന്നു സ്ഥിരീകരിക്കപ്പെട്ടപ്പോൾ ആ അമ്മ ബോധരഹിതയായി ക്രൈംബ്രാഞ്ച് ഓഫിസിൽ തളർന്നു വീണു. നെയ്യാറ്റിൻകരയ്ക്കു സമീപം ഊരൂട്ടമ്പലത്തു നിന്നു 11 വർഷം മുൻപ് കാണാതായ ദിവ്യയെയും രണ്ടര വയസ്സുള്ള മകൾ ഗൗരിയെയും കൊലപ്പെടുത്തിയതാണെന്ന് അന്വേഷണ സംഘം അറിയിച്ചപ്പോഴാണു ദിവ്യയുടെ അമ്മ രാധ വീണുപോയത്. ഇന്നലെ വൈകിട്ട് 4.30ന് ജില്ലാ ക്രൈംബ്രാഞ്ച് ഓഫിസിലായിരുന്നു വൈകാരികമായ രംഗങ്ങൾ.

ദിവ്യയ്ക്കൊപ്പം കഴിഞ്ഞിരുന്ന പങ്കാളി മാഹിൻകണ്ണ് അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ ആയിരുന്നു. തുടർച്ചയായ ചോദ്യം ചെയ്യലിനൊടുവിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. വിവാഹം ചെയ്യണമെന്ന ദിവ്യയുടെ നിർബന്ധം കൂടിയപ്പോൾ ഒഴിവാക്കാനായി അവരെയും തന്റെ മകളെയും കടലിൽ തള്ളിയിട്ടു കൊലപ്പെടുത്തിയെന്ന് ഇയാൾ കുറ്റസമ്മതം നടത്തിയെന്നാണു വിവരം.പരാതിക്കാരിയായ രാധയെ തുടർന്ന് ക്രൈംബ്രാഞ്ച് ഓഫിസിൽ വിളിച്ചു വരുത്തി. മൊഴി രേഖപ്പെടുത്താൻ വേണ്ടിയാണ് എന്നാണ് അറിയിച്ചിരുന്നത്. കൊലപാതക വിവരം സാവകാശം ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.
പറഞ്ഞു തീരും മുൻപേ അവർ ബോധരഹിതയായി താഴെ വീണു. വനിതാ പൊലീസുകാർ താങ്ങിയെടുത്താണു പുറത്തേക്കു കൊണ്ടുവന്നത്. ഉടൻ ആംബുലൻസിൽ ജില്ലാ ആശുപത്രിയിലെത്തിച്ചു.2011 ഓഗസ്റ്റ് 18 നാണ് ദിവ്യയെയും മകളെയും കാണാതായത്. തികഞ്ഞ അനാസ്ഥയോടെ കേസ് അന്വേഷിച്ച ലോക്കൽ പൊലീസ് ഏറെ വിമർശനങ്ങൾ നേരിട്ടു. രാധയുടെ പരാതിയിൽ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്ത ശേഷം മാഹിൻകണ്ണിനെ ചോദ്യം ചെയ്തു. പൂവാറിൽ കുടുംബസമേതം കഴിയുകയായിരുന്നു ഇയാൾ.
English Summary : Murder of Divya and daughter was unbearable for Divyas mother Radha