പന്ന്യൻ, ഇസ്മായിൽ, ദിവാകരൻ ജില്ലാ ഘടകങ്ങളിലേക്ക്

pannyan-raveendran-ke-ismail-and-c-divakaran
പന്ന്യൻ രവീന്ദ്രൻ, കെ.ഇ. ഇസ്മായിൽ, സി. ദിവാകരൻ
SHARE

തിരുവനന്തപുരം∙ പ്രായപരിധി പിന്നിട്ടതിന്റെ പേരിൽ സിപിഐയുടെ ദേശീയ, സംസ്ഥാന നേതൃ സമിതികളിൽ നിന്ന് ഒഴിവാക്കപ്പെട്ട മുതിർന്ന നേതാക്കളുടെ പ്രവർത്തന കേന്ദ്രം ഇനി ജില്ലകൾ. പന്ന്യൻ രവീന്ദ്രൻ, കെ.ഇ.ഇസ്മായിൽ, സി.ദിവാകരൻ എന്നിവരോടാണ് ജില്ലാ ഘടകങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കാൻ സംസ്ഥാന നിർവാഹകസമിതി നിർദേശിച്ചത്.

പന്ന്യൻ രവീന്ദ്രൻ (കണ്ണൂർ), കെ.ഇ.ഇസ്മായിൽ (പാലക്കാട്), സി.ദിവാകരൻ (തിരുവനന്തപുരം) എന്നിവർ ഈ ഘടകങ്ങളുമായി ചേർന്നു പ്രവർത്തിക്കണമെന്നാണ് തീരുമാനം. മറ്റൊരു മുൻ സംസ്ഥാന നിർവാഹകസമിതി അംഗം എ.കെ.ചന്ദ്രനോട് തൃശൂരിൽ പ്രവർത്തിക്കാനും നി‍ർദേശിച്ചു. പതിറ്റാണ്ടുകളായി തലസ്ഥാനത്തെ സാമൂഹിക–സാംസ്കാരിക രംഗങ്ങളിലെ സാന്നിധ്യം കൂടിയായ പന്ന്യൻ തലസ്ഥാനത്തു തന്നെ തുടരാനുള്ള തീരുമാനത്തിലാണ്.

ദേശീയ, സംസ്ഥാന കൗൺസിൽ അംഗങ്ങളുടെ പ്രായപരിധി 75 ആയി നിശ്ചയിച്ചതോടെയാണ് ഈ 4 നേതാക്കളും നേതൃനിരയിൽ നിന്ന് ഒഴിവായത്. ജില്ലാ കമ്മിറ്റി ആയിരിക്കും ഇനി ഇവരുടെ ഘടകം. എന്നാൽ സിപിഐയുടെ സമുന്നത നേതാക്കളെ ജില്ലാ ഘടകങ്ങളിൽ ഉൾപ്പെടുത്തിയെന്ന പ്രതീതി ഉണ്ടാക്കാതിരിക്കാൻ ശ്രദ്ധിക്കും. ‘‘ജില്ലാ കമ്മിറ്റി യോഗങ്ങളിലേക്ക് അവരെ ക്ഷണിക്കും. അവർ പ്രവർത്തന കേന്ദ്രമായ പ്രദേശത്തു പാർട്ടിയുമായി ബന്ധപ്പെട്ടു തുടരുക എന്നതാണ് കാഴ്ചപ്പാട്’’ – നേതൃത്വം വ്യക്തമാക്കി.

ദേശീയ നിർവാഹകസമിതി അംഗമായിരുന്ന കെ.ഇ.ഇസ്മായിലിനെയും കേന്ദ്ര കൺട്രോൾ കമ്മിഷൻ ചെയർമാൻ ആയിരുന്ന പന്ന്യൻ രവീന്ദ്രനെയും സംസ്ഥാന കൗൺസിലിൽ ക്ഷണിതാക്കളായി ഉൾപ്പെടുത്തുമെന്ന സൂചന നേരത്തേ ഉണ്ടായിരുന്നെങ്കിലും പരിഗണിക്കപ്പെട്ടില്ല. അതേസമയം അഡിഷനൽ അഡ്വക്കറ്റ് ജനറലിനെ പാർട്ടി സംസ്ഥാന കൗൺസിലിൽ ക്ഷണിതാവായി ഉൾപ്പെടുത്തിയത് പാർട്ടിയിൽ ചർച്ചയുമായി.

സിപിഐയുടെ പ്രഭാത് ബുക്ക് ഹൗസ് ചെയർമാൻ സ്ഥാനത്ത് തൽക്കാലം സി.ദിവാകരൻ തുടരും. നിർവാഹകസമിതിയിൽ നിന്ന് ഒഴിവാക്കപ്പെട്ട സാഹചര്യത്തിൽ അദ്ദേഹത്തിനു പകരം മറ്റൊരാൾ ആ പദവിയിലേക്ക് വരാനായിരുന്നു സാധ്യതയെങ്കിലും ആ മാറ്റം നേതൃത്വം പരിഗണിച്ചില്ല. ദിവാകരൻ ചുമതലയേറ്റ ശേഷം ‘പ്രഭാതി’ ന് ഉണ്ടായ പ്രവർത്തന പുരോഗതി കൂടി കണക്കിലെടുത്താണ് തിരക്കിട്ട് മാറ്റം വേണ്ടെന്നു വച്ചത്.

English Summary: Pannyan Raveendran, K.E. Ismail and C. Divakaran to district committees

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS