തിരുവനന്തപുരം∙ പരിസ്ഥിതിലോല മേഖലാ വിഷയത്തിൽ ആശങ്ക നിലനിൽക്കുന്നതിനിടെ കേരളത്തിലെ 3 പ്രമുഖ വന്യജീവി സങ്കേതങ്ങൾക്കു സമീപം 3 ക്വാറികൾക്കു കൂടി ദേശീയ വന്യജീവി ബോർഡിന്റെ പ്രവർത്തനാനുമതി. പെരിയാർ കടുവാ സങ്കേതം, മലബാർ, പീച്ചി–വാഴാനി വന്യജീവി സങ്കേതങ്ങൾ എന്നിവയ്ക്കു സമീപമുള്ള ക്വാറികൾക്കാണ് ഒക്ടോബർ 13 ന് ഓൺലൈനായി ചേർന്ന ദേശീയ വന്യജീവി ബോർഡിന്റെ സ്ഥിരസമിതി യോഗം അനുമതി നൽകിയത്.
സങ്കേതങ്ങൾക്കു വളരെ അകലെയാണ് ക്വാറികൾ സ്ഥാപിക്കുകയെന്നും സങ്കേതങ്ങളെ ബാധിക്കില്ലെന്നുമുള്ള സംസ്ഥാന ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ റിപ്പോർട്ടിനെ തുടർന്നാണ് അനുമതി നൽകിയതെന്ന് ബോർഡ് യോഗത്തിന്റെ മിനിറ്റ്സിൽ രേഖപ്പെടുത്തി.വിഴിഞ്ഞം തുറമുഖ പദ്ധതി നടത്തിപ്പുകാരായ അദാനി ഗ്രൂപ്പിന്റെ തിരുവനന്തപുരത്തെ 2 ക്വാറികൾക്ക് മേയ് 30 നു ചേർന്ന ദേശീയ ബോർഡിന്റെ സ്ഥിരസമിതി യോഗം അനുമതി നൽകിയിരുന്നു. നെയ്യാർ–പേപ്പാറ വന്യജീവി സങ്കേതങ്ങൾക്കു സമീപമാണ് ഇവ.
ദേശീയ ഉദ്യാനങ്ങൾക്കും വന്യജീവി സങ്കേതങ്ങൾക്കും ചുറ്റുമുള്ള പരിസ്ഥിതി ലോല മേഖലയുടെ പ്രഖ്യാപനത്തിനുള്ള നടപടി വേഗത്തിലാക്കണമെന്നും ദേശീയ വന്യജീവി ബോർഡ് സംസ്ഥാന ചീഫ് വൈൽഡ് ലൈഫ് വാർഡനോട് നിർദേശിച്ചിട്ടുണ്ട്. എന്നാൽ, 23 സംരക്ഷിത വനപ്രദേശങ്ങൾക്കു ചുറ്റുമുള്ള ഒരു കിലോമീറ്റർ നിർദിഷ്ട പരിസ്ഥിതിലോല മേഖലയിലെ ജനവാസമേഖലകളും മറ്റും നിർണയിക്കാൻ നിയോഗിച്ച വിദഗ്ധ സമിതിയുടെ സ്ഥല പരിശോധന ഇനിയും തുടങ്ങിയിട്ടില്ല. ഇതിനിടെയാണ് സങ്കേതങ്ങൾക്ക് അടുത്തായി 3 ക്വാറികൾക്കു കൂടി അനുമതി.
അനുമതി ലഭിച്ച ക്വാറികൾ
പെരിയാർ കടുവാസങ്കേതം അതിർത്തിയിൽ നിന്ന് 8.61 കിലോമീറ്റർ അകലെ ഹൈറേഞ്ച് മെറ്റൽ ക്രഷർ . മലബാർ വന്യജീവി സങ്കേത അതിർത്തിയിൽ നിന്നു 2.56 കിലോമീറ്റർ അകലെ നെല്ലിക്കുന്ന് ഗ്രാനൈറ്റ്സ് ആൻഡ് ക്രഷേഴ്സ് . പീച്ചി–വാഴാനി സങ്കേത അതിർത്തിയിൽ നിന്ന് 6.68 കിലോമീറ്റർ അകലെ കിള്ളിമംഗലത്തെ ക്വാറി.സൂര്യോദയത്തിനു മുൻപും സൂര്യാസ്തമയത്തിനു ശേഷവും പ്രവർത്തനം പാടില്ല തുടങ്ങിയ വ്യവസ്ഥകളോടെയാണ് ക്വാറികൾക്ക് അനുമതി നൽകിയത്.
English Summary: Approval for 3 Quarries near wild life sanctuary