വിഴിഞ്ഞത്തു നടന്നതു നാടിന്റെ സ്വൈരം തകർക്കാനുള്ള ശ്രമം: മുഖ്യമന്ത്രി

HIGHLIGHTS
  • ഗൂഢാലോചനയും തീവ്രസ്വഭാവമുള്ള സംഘടനകളുടെ സാന്നിധ്യവും പരിശോധിക്കുമെന്നു ഡിജിപി അനിൽകാന്ത്
Pinarayi Vijayan | File Photo: Manorama
പിണറായി വിജയൻ (File Photo: Manorama)
SHARE

തൃശൂർ ∙ വിഴിഞ്ഞത്ത് ഗൂ‍ഢ ഉദ്ദേശ്യത്തോടെ നാടിന്റെ സ്വൈരം തകർക്കാൻ ശ്രമം നടന്നെന്നു മുഖ്യമന്ത്രി പിണറായി വിജയൻ കുറ്റപ്പെടുത്തി. സംഘർഷത്തിൽ ഗൂഢാലോചനയുണ്ട്. അക്രമികളുടെ ലക്ഷ്യം സാധിക്കാതെ പോയത് പൊലീസിന്റെ ധീരമായ നിലപാടുകൊണ്ടാണെന്നും ഇതിനു പൊലീസ് സേനയെ അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. തൃശൂരിൽ വനിതാ പൊലീസ് കോൺസ്റ്റബിൾമാരുടെ പാസിങ് ഔട്ട് പരേഡ് ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

പൊലീസ് സ്‌റ്റേഷൻ കയ്യേറുമെന്നും ഉദ്യോഗസ്ഥരെ ആക്രമിക്കുമെന്നും നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. അതാണു നടപ്പാക്കിയത്. പൊലീസിനെ പോലും കൊലപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെയാണ് അക്രമികൾ എത്തിയതും അഴിഞ്ഞാടിയതും. പൊലീസ് സംയമനത്തോടെ പെരുമാറിയതു കൊണ്ട് അക്രമികളുടെ ലക്ഷ്യം നടന്നില്ല. പൊലീസിന്റെ ഭാഗത്തുനിന്നു വലിയ തോതിൽ നടപടിയുണ്ടാകുമെന്ന് കരുതിയവർക്കു തെറ്റി. ഇത്തരം പക്വതയുള്ള നിലപാടുകളാണു കേരളത്തിൽ സമാധാനം നിലനിർത്തുന്നതെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. സ്ത്രീകൾക്കു സുരക്ഷ നൽകുന്ന കാര്യത്തിൽ പൊലീസ് വിട്ടുവീഴ്ച കാട്ടരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

വിഴിഞ്ഞത്ത് ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന കാര്യവും തീവ്രസ്വഭാവമുള്ള സംഘടനകളുടെ സാന്നിധ്യവും പരിശോധിക്കുമെന്നു സല്യൂട്ട് സ്വീകരിച്ച ഡിജിപി അനിൽകാന്ത് പറഞ്ഞു. വിഴിഞ്ഞം കേസിൽ തുടർനടപടിയുണ്ടാകും. അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കും. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്. പൊലീസുകാരെ തിരഞ്ഞുപിടിച്ച് അക്രമിക്കുന്നവരുടെ വിവരം ശേഖരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ നടപടികൾ തുടങ്ങിക്കഴിഞ്ഞതായി ഡിജിപി മലപ്പുറത്തു പറഞ്ഞു. സ്റ്റേഷൻ സന്ദർശനത്തിനും പൊലീസ് ഉദ്യോഗസ്ഥരുമായുള്ള ചർച്ചയ്ക്കുമായി ജില്ലയിലെത്തിയതായിരുന്നു അദ്ദേഹം.

സമിതിയെ നിയോഗിച്ച ശേഷവും അക്രമസമരം: മുഖ്യമന്ത്രി

വിഴിഞ്ഞം പദ്ധതികൊണ്ട് ഏതെങ്കിലും തരത്തിൽ തീരശോഷണം ഉണ്ടാകുന്നുണ്ടോ എന്നു പഠിക്കാൻ വിദഗ്ധ സമിതിയെ സർക്കാർ നിയോഗിച്ച ശേഷമാണ് അക്രമസമരങ്ങൾ നടന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സമരസമിതിയുടെ ആശങ്കയും ആവശ്യവും പരിഗണിച്ചും നല്ല രീതിയിൽ ഒത്തുതീർപ്പിലേക്ക് എത്തുന്നതിനും വേണ്ടിയാണ് സമിതിയെ നിയോഗിക്കാൻ തീരുമാനിച്ചത്. പദ്ധതികൊണ്ട് തീരശോഷണം സംഭവിച്ചിട്ടില്ലെന്നു വ്യക്തമാക്കുന്ന ഒന്നിൽ അധികം റിപ്പോർട്ടുകൾ സർക്കാരിന്റെ മുന്നിലുണ്ട്. എന്നാൽ തീരശോഷണം സംബന്ധിച്ചു പഠനം നടത്തണമെന്ന സമരസമിതിയുടെ ആവശ്യം മന്ത്രിസഭാ ഉപസമിതി അംഗീകരിച്ചില്ല.

സമരത്തിനു നേതൃത്വം കൊടുക്കുന്ന മുതിർന്ന ചിലർ  അനൗപചാരികമായി തന്നെ സന്ദർശിച്ച് ഈ ആവശ്യം ഉന്നയിച്ചു. ഈ പദ്ധതി നിർത്തിവയ്ക്കണം എന്നതിനോടു സർക്കാരിന് യോജിപ്പ് ഇല്ല എന്നത് ഏറെക്കുറെ അവരും അംഗീകരിക്കുന്ന അവസ്ഥയിലേക്കു വന്നു. അവശേഷിക്കുന്ന കാര്യം പഠനമായിരുന്നു. അവരുടെ ആശങ്കയും ആവശ്യവും പരിഗണിച്ചാണ് വീണ്ടും പഠനത്തിന് തീരുമാനിച്ചത്. ഇതോടെ ഉന്നയിച്ച ഏഴിൽ, ആറ് ആവശ്യങ്ങളും അംഗീകരിച്ചു. സർക്കാരിന് ഇക്കാര്യത്തിൽ വേറൊന്നും ചെയ്യാനില്ല.

തിരുവനന്തപുരം ജില്ലയിലെ എല്ലാ രാഷ്ട്രീയപാർട്ടികളുടെയും സംഘടനകളുടെയും യോഗത്തിൽ എല്ലാവരും വിഴിഞ്ഞത്തെ അക്രമത്തെ അപലപിച്ചു. ഇനി ഞങ്ങളുടെ ഭാഗത്ത് നിന്ന് അങ്ങനെ ഉണ്ടാകില്ല എന്നാണ് സമരസമിതിയുടെ പ്രതിനിധീകരിച്ച് പങ്കെടുത്തവർ അറിയിച്ചത്. പദ്ധതി ആവശ്യമാണെന്നാണ് എല്ലാവരും യോഗത്തിൽ ആവശ്യപ്പെട്ടതെന്നും നടക്കുന്നത് എല്ലാം പൊതുസമൂഹം വിലയിരുത്തുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

English Summary: CM Pinarayi Vijayan on Vizhinjam Police Station Attack

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS