തിരുവനന്തപുരം∙ ധനവകുപ്പ് എതിർത്തെങ്കിലും ഹൈസ്കൂൾ അധ്യാപക തസ്തിക നിർണയത്തിന് ഈ വർഷം കൂടി 1:40 എന്ന അനുപാതം നിലനിർത്താൻ മന്ത്രിസഭ തീരുമാനിച്ചു. ഇതു പ്രകാരം പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കും.
പൊതു വിദ്യാലയങ്ങളിൽ കഴിഞ്ഞ 6 വർഷം കൊണ്ട് 9 ലക്ഷം വിദ്യാർഥികൾ വർധിച്ചെന്നാണു സർക്കാരിന്റെ കണക്ക്. വിദ്യാർഥികൾ കുറവായിരുന്ന കാലത്ത് അധ്യാപകരെ സംരക്ഷിക്കാൻ നൽകിയിരുന്ന ഇളവ് ഇനി തുടരേണ്ട കാര്യമില്ലെന്നാണു ധനവകുപ്പിന്റെ നിലപാട്. 1:40 അനുപാതം ഇനി അനുവദിക്കില്ലെന്നു വ്യക്തമാക്കി ഏതാനും മാസം മുൻപ് ഉത്തരവും ഇറക്കി. ആ ഉത്തരവിൽ ഇളവു വരുത്താനാണു മന്ത്രിസഭാ തീരുമാനം.
ഹൈസ്കൂൾ അധ്യാപക തസ്തിക നിർണയത്തിനു നിലവിലുള്ള അനുപാതം 1:45 (45 വിദ്യാർഥികൾക്ക് ഒരു അധ്യാപകൻ) എന്നാണ്. മതിയായ കുട്ടികളില്ലാത്ത സ്കൂളുകളിൽ മുൻവർഷങ്ങളിൽ ഇത് 1:40 ആയി കുറച്ചു നൽകിയിരുന്നു. 9,10 ക്ലാസുകളിലെ അധ്യാപക തസ്തിക സംരക്ഷിക്കാനാണ് ഇളവു നൽകിയത്. ഇത്തവണയും സമാന പ്രശ്നം ചൂണ്ടിക്കാട്ടി അധ്യാപക സംഘടനകൾ രംഗത്തു വന്നിരുന്നു.
ഈ സാഹചര്യത്തിൽ ഇക്കൊല്ലം കൂടി ഇളവു നൽകാമെന്നു മന്ത്രി വി.ശിവൻകുട്ടി സംഘടനകൾക്ക് ഉറപ്പു നൽകി. എന്നാൽ ധനവകുപ്പ് എതിർത്തു. തുടർച്ചയായി ഇളവു നൽകിയാൽ എയ്ഡഡ് മാനേജ്മെന്റുകൾ അത് ദുരുപയോഗപ്പെടുത്തി അധിക തസ്തികകളിൽ നിയമനം നടത്തുമെന്നായിരുന്നു ധനവകുപ്പിന്റെ വാദം. ഈ അധ്യയന വർഷം അവസാനിക്കാൻ 4 മാസം മാത്രമുള്ള സാഹചര്യത്തിൽ ഇളവു കൊടുക്കാമെന്ന നിലപാടിൽ പൊതു വിദ്യാഭ്യാസ വകുപ്പ് ഉറച്ചു നിന്നതോടെയാണു തീരുമാനം മന്ത്രിസഭയ്ക്കു വിട്ടത്.
English Summary: High school teacher post