സിബിഐ റിപ്പോർട്ടിലെ വീഴ്ചകൾ എടുത്തുകാട്ടി ഹൈക്കോടതി

saseendran-death-newspaper-cutting
SHARE

കൊച്ചി∙ മലബാർ സിമന്റ്സിലെ മുൻ കമ്പനി സെക്രട്ടറി വി.ശശീന്ദ്രന്റെയും മക്കളുടെയും മരണം ആത്മഹത്യയാണെന്നു കുറ്റപത്രം നൽകിയ സിബിഐയെ വിമർശിച്ചു ഹൈക്കോടതി ചൂണ്ടിക്കാട്ടിയ പ്രധാന വീഴ്ചകൾ ഇവയാണ്. 

∙ശശീന്ദ്രന്റെ ശരീരത്തിൽ കണ്ടെത്തിയ പരുക്കുകളെക്കുറിച്ചു ഫൊറൻസിക് സംഘാംഗം തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജ് ഫൊറൻസിക് വിഭാഗം മേധാവി കെ.ശ്രീകുമാരിയുടെ അഭിപ്രായം കണക്കിലെടുത്തില്ല. അസാധാരണമായ ശബ്ദമൊന്നും കേട്ടില്ലെന്ന് അയൽവാസികൾ പറഞ്ഞതു ബലമില്ലാത്ത കാരണമാണ്.

∙ഭാര്യയെ ഒഴിവാക്കി ശശീന്ദ്രൻ രണ്ടു മക്കളെ കൊന്നത് എന്തുകൊണ്ടാണെന്നു തൃപ്തികരമായി വിശദീകരിക്കാനായിട്ടില്ല. ഭാര്യയും ഭർത്താവും തമ്മിലുള്ള അസ്വാരസ്യം മൂലം രണ്ടു മക്കളെ പിതാവ് കൊന്നു എന്ന തീരുമാനത്തിലെത്താനാവില്ല.

∙പതിനൊന്നും എട്ടും വയസ്സുള്ള മക്കളെ കെട്ടിത്തൂക്കിയശേഷം ശശീന്ദ്രൻ ജീവനൊടുക്കിയെന്ന കണ്ടെത്തൽ അവിശ്വസനീയമാണ്. കുട്ടികളുടെ ഭാരവും മറ്റും പരിശോധിച്ചാൽ ഒരാൾക്ക് ഒറ്റയ്ക്ക് ഇതു ചെയ്യാനാവില്ല. ഒരാൾക്കു ശേഷം മറ്റൊരാൾ എന്ന രീതിയിലാണു കുട്ടികളെ കെട്ടിത്തൂക്കിയതെങ്കിൽ ഒന്നാമത്തെയാൾക്കു നേരെയുള്ള കുറ്റകൃത്യം കാണുമ്പോൾ രണ്ടാമത്തെയാൾ എതിർക്കുകയും ബഹളമുണ്ടാക്കുകയും ഓടി രക്ഷപ്പെടുകയും ചെയ്യുമായിരുന്നു. കുട്ടികൾ കൊല്ലപ്പെടാൻ സ്വയം നിന്നുകൊടുത്തു എന്ന അന്വേഷണ ഏജൻസിയുടെ വാദം അവിശ്വസനീയമാണ്.

പാതിവെന്ത റിപ്പോർട്ട്

ഒന്നും എടുത്തുകാട്ടാനില്ലാതെ അന്വേഷണം പത്തുവർഷത്തിലേറെയായി നീളുകയാണെന്നു കോടതി കുറ്റപ്പെടുത്തി. കുറ്റകൃത്യത്തിൽ ഉൾപ്പെട്ട പ്രസക്ത വിഷയങ്ങൾ പരിശോധിക്കാതെ കണ്ണിൽ പൊടിയിടാൻ പാതിവെന്ത സപ്ലിമെന്ററി റിപ്പോർട്ട് സിബിഐ നൽകി. ഇന്ത്യയിലെ പ്രശസ്തമായ അന്വേഷണ ഏജൻസികളിൽ ഒന്നായ സിബിഐ ഗുരുതരമായ കുറ്റങ്ങൾ സംബന്ധിച്ച് അന്വേഷണം നടത്തുമ്പോൾ കൂടുതൽ ജാഗ്രത കാട്ടണം.

English Summary: Saseendran and children death case

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എനിക്ക് മലയാളം വായിക്കാനറിയില്ല. അമ്മ വായിച്ചുതരും

MORE VIDEOS