കേരളത്തിൽ ട്രെയിൻ വേഗം 160 കിലോമീറ്റർ വരെയാക്കും; പഠനവുമായി ദക്ഷിണ റെയിൽവേ

HIGHLIGHTS
  • നടപ്പായാൽ തിരുവനന്തപുരം – എറണാകുളം യാത്ര രണ്ടര മണിക്കൂർ
train
SHARE

തിരുവനന്തപുരം ∙ കേരളത്തിലെ പ്രധാന റൂട്ടുകളിൽ ട്രെയിൻ വേഗം മണിക്കൂറിൽ 160 കിലോമീറ്റർ വരെയായി ഉയർത്താൻ ദക്ഷിണ റെയിൽവേ പഠനം തുടങ്ങി. വേഗം വർധിപ്പിക്കുന്നതിന്റെ ആദ്യഘട്ടം 2025 മാർച്ചിനു മുൻപ് പൂർത്തിയാക്കും. ആദ്യഘട്ടത്തിലെ വേഗവർധന നടപ്പായാൽ സ്റ്റോപ്പുകളുടെ എണ്ണം കുറവായ ട്രെയിനുകൾക്ക് തിരുവനന്തപുരം സെൻട്രലിൽനിന്ന് എറണാകുളം വരെ രണ്ടര മണിക്കൂറിനുള്ളിൽ എത്താനാകും.

നിലവിൽ പ്രതിദിന ട്രെയിനുകളിൽ ഏറ്റവും വേഗമേറിയ ജനശതാബ്ദി എക്സ്പ്രസ് മൂന്നേകാൽ മണിക്കൂർ കൊണ്ടാണ് തിരുവനന്തപുരത്തുനിന്ന് എറണാകുളത്ത് എത്തുന്നത്. ഈ ട്രെയിനിന് വർക്കല, കൊല്ലം, കായംകുളം, ആലപ്പുഴ, ചേർത്തല എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്. ജനശതാബ്ദി കടന്നുപോകാനായി മറ്റു ട്രെയിനുകൾ പിടിച്ചിടുന്നതുകൊണ്ടാണ് ഈ വേഗം ലഭിക്കുന്നത്. ട്രെയിനുകളുടെ വേഗം വർധിപ്പിക്കാനുള്ള നടപടികൾ തുടങ്ങുമ്പോൾ അമ്പലപ്പുഴ – എറണാകുളം ഇരട്ടപ്പാത ഉൾപ്പെടെ ജോലികളും പൂർത്തിയാക്കേണ്ടി വരും. 69 കിലോമീറ്റർ ദൂരം ഇപ്പോഴും ഒറ്റവരിയാണ്.

ആലപ്പുഴ വഴിയും കോട്ടയം വഴിയും തിരുവനന്തപുരം – മംഗളൂരു സെക്‌ഷനിലെ ട്രെയിനുകളുടെ പരമാവധി വേഗം മണിക്കൂറിൽ 130 – 160 കിലോമീറ്റർ വരെയായി ഉയർത്താനുള്ള സാധ്യതാ പഠനം പുരോഗമിക്കുകയാണ്. ഷൊർണൂർ – മംഗളൂരു സെക്‌ഷനിലെ (306.57 കിലോമീറ്റർ ദൂരം) പരമാവധി വേഗം 2025 മാർച്ചിനു മുൻപ് മണിക്കൂറിൽ 110 കിലോമീറ്ററിൽനിന്ന് 130 കിലോമീറ്ററായി ഉയർത്തും. പോത്തനൂർ – ഷൊർണൂർ (92.75 കിലോമീറ്റർ) സെക്‌ഷനിലെ പരമാവധി വേഗം 2026 മാർച്ചിനു മുൻപ് 130 കിലോമ‍ീറ്ററാക്കും.

തിരുവനന്തപുരം - കായംകുളം റൂട്ടിൽ മണിക്കൂറിൽ 110 കിമീ (നിലവിൽ 100 കിമീ), കായംകുളം - തുറവൂർ റൂട്ടിൽ 110 കിലോമീറ്റർ (നിലവിൽ 90 കിമീ), തുറവൂർ - എറണാകുളം 110 കിമീ (നിലവിൽ 80 കിമീ), എറണാകുളം - ഷൊർണൂർ 90 കിമീ (നിലവിൽ 80 കിമീ) എന്നിങ്ങനെയാണ് ആദ്യഘട്ടത്തിൽ സെക്‌ഷനുകളിലെ വേഗം കൂട്ടുന്നത്. തുടർന്ന് ഇത് 130 – 160 കിലോമീറ്റർ വരെയായി ഉയർത്തും. പഠനറിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ട്രാക്ക് പുതുക്കൽ, വളവുകൾ നിവർത്തൽ, സിഗ്നൽ സംവിധാനങ്ങളുടെ നവീകരണം അടക്കമുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷം വേഗവർധനയ്ക്ക് അനുമതി നൽകുമെന്നും റെയിൽവേ അറിയിച്ചു.

English Summary: South indian railway study inorder to increase speed of trains in kerala 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Happy Home | ഈ വീട് നിങ്ങളെ സന്തോഷിപ്പിക്കും! 

MORE VIDEOS