ADVERTISEMENT

തിരുവനന്തപുരം∙ നിയമസഭാ സമ്മേളനം തിങ്കളാഴ്ച ചേരാനിരിക്കെ, ഗവർണറുടെ പ്രീതി നഷ്ടപ്പെട്ട മന്ത്രി കെ.എൻ.ബാലഗോപാലിനോട് പ്രതിപക്ഷവും ഗവർണറും സ്വീകരിക്കുന്ന നിലപാട് ശ്രദ്ധേയമാകും.

ഇപ്പോഴത്തെ സമ്മേളനം ജനുവരിയിലേക്കു തുടർന്നാലും ഇല്ലെങ്കിലും അടുത്ത സാമ്പത്തികവർഷത്തെ ബജറ്റ് അടുത്ത വർഷം ആദ്യം ധനമന്ത്രി നിയമസഭയിൽ അവതരിപ്പിക്കണം. ഇതിന്റെ തുടർച്ചയായി ധനമന്ത്രി അവതരിപ്പിക്കുന്ന ധനബിൽ, ധനവിനിയോഗ ബില്ലുകൾ, ഉപധനാഭ്യർഥനയുടെ ധനവിനിയോഗ ബില്ലുകൾ എന്നിവ നിയമസഭ പാസാക്കി ഗവർണറുടെ അംഗീകാരത്തിന് അയയ്ക്കും.

ധനസംബന്ധമായ ബില്ലുകൾക്കു ഗവർണറുടെ മുൻകൂർ അനുമതി വേണം. തുടർന്നു നിയമസഭ പാസാക്കുന്ന ഈ ബില്ലുകൾക്ക് ഭരണഘടനാ വ്യവസ്ഥ അനുസരിച്ച് ഗവർണർ അംഗീകാരം നൽകണം. ഭരണപ്രതിസന്ധി ഉണ്ടാകും എന്നതിനാൽ ഇത്തരം ബില്ലുകൾ ഒപ്പു വയ്ക്കാതെ തടഞ്ഞുവയ്ക്കാൻ ഗവർണർക്കു സാധിക്കില്ല. 

ബാലഗോപാലിന് എതിരെ ദേശദ്രോഹക്കുറ്റവും സത്യപ്രതിജ്ഞാ ലംഘനവും ആരോപിച്ചും ഇക്കാര്യത്തിൽ ഭരണഘടനാപരമായി ഉചിത നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുമാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രി പിണറായി വിജയനു കത്തെഴുതിയത്. ഉടനടി നിർദേശം തള്ളി മുഖ്യമന്ത്രി മറുപടിയും നൽകി. തന്റെ അപ്രീതിക്കു പാത്രമാകുന്ന മന്ത്രിയെ പുറത്താക്കണമെന്നു ഗവർണർക്ക് മുഖ്യമന്ത്രിയോടു നിർദേശിക്കാം. എന്നാൽ അദ്ദേഹം മന്ത്രിസഭയിൽ തുടരണോ എന്നു തീരുമാനിക്കാനുള്ള അധികാരം മുഖ്യമന്ത്രിക്കാണ്. 

പ്രീതി നഷ്ടപ്പെട്ടെങ്കിലും ബാലഗോപാലിനെ മാറ്റാനുള്ള അധികാരം തനിക്കില്ലെന്നും അതു മുഖ്യമന്ത്രിയുടെ ‘ചോയ്സ്’ ആണെന്നും ഗവർണർ പിന്നീടു വ്യക്തമാക്കിയിരുന്നു. മന്ത്രി തനിക്കെതിരെ പറഞ്ഞതു കൊണ്ടല്ല, രാജ്യത്തിന്റെ ഐക്യത്തിനു നിരക്കാത്തതു പറഞ്ഞതു കൊണ്ടാണ് പ്രീതി പിൻവലിച്ചത്. യുപിയിലുള്ള ആൾക്ക് കേരളത്തിലെ വിദ്യാഭ്യാസ രീതി മനസ്സിലാകില്ലെന്നു പറയുന്നതിന്റെ ഉദ്ദേശ്യം എന്താണ് എന്നും ഗവർണർ ആരാഞ്ഞിരുന്നു. ഇന്നലെ കൊച്ചിയിലേക്കു പോയ ഗവർണർ നിയമസഭ തുടങ്ങുന്ന തിങ്കളാഴ്ചയേ തിരുവനന്തപുരത്തു തിരികെയെത്തൂ.

Content Highlight: Kerala Assembly session

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com