കോഴിക്കോട് ∙ കോർപറേഷന്റെ ഫണ്ട് ബാങ്ക് മാനേജർ സ്വന്തം അക്കൗണ്ടിലേക്കു മാറ്റി തട്ടിയെടുത്ത സംഭവത്തിൽ ബാങ്കിലെ ഓഡിറ്റിങ് പുരോഗമിക്കുന്നു. ഇന്ന് ഓഡിറ്റിങ് പൂർത്തിയായാൽ കൂടുതൽ പേരുടെ തുക നഷ്ടമായിട്ടുണ്ടോ എന്നതു സംബന്ധിച്ചു വ്യക്തത വരും.
തട്ടിപ്പു പുറത്തുവന്നത് ബാങ്ക് അധികൃതർ നടത്തിയ പരിശോധനയിലാണ്. 2019 മുതൽ ഈ വർഷം ജൂൺ വരെയാണ് എം.പി.റിജിൽ പഞ്ചാബ് നാഷനൽ ബാങ്ക് ലിങ്ക് റോഡ് ശാഖയിൽ ജോലിയിലുണ്ടായിരുന്നത്. പിന്നീട് എരഞ്ഞിപ്പാലം ശാഖയിലേക്കു സ്ഥലം മാറി. നവംബർ 25ന് കോർപറേഷന്റെ അക്കൗണ്ട് സ്റ്റേറ്റ്മെന്റ് പരിശോധിച്ചപ്പോൾ 98.59 ലക്ഷം രൂപ അനുമതിയില്ലാതെ പിൻവലിച്ചതായി കോർപറേഷൻ അറിയിച്ചു.
അന്വേഷണത്തിൽ ബാങ്കിന്റെ എരഞ്ഞിപ്പാലം ശാഖയിൽ നിന്നാണ് ഇടപാട് നടത്തിയതെന്നു മനസ്സിലായി. അവിടെ സീനിയർ മാനേജരായ റിജിലിനോട് അന്വേഷിച്ചപ്പോൾ കോർപറേഷൻ അക്കൗണ്ട്സ് ഓഫിസറുമായി ബന്ധപ്പെട്ടു പരിഹരിക്കാം എന്നു മറുപടി നൽകി. കോർപറേഷന്റെ തന്നെ മറ്റൊരു അക്കൗണ്ടിൽ നിന്നു 98.59 ലക്ഷം രൂപ ആദ്യ അക്കൗണ്ടിലേക്ക് നിക്ഷേപിക്കപ്പെട്ടു. ഇതിൽ സംശയം തോന്നിയാണു വിശദ പരിശോധന നടത്തിയത്.
കോർപറേഷൻ അക്കൗണ്ടിൽ നിന്നുള്ള തുക മാറ്റിയത് രവീന്ദ്രൻ എന്ന വ്യക്തിയുടെ അക്കൗണ്ടിലേക്കാണ്. ബാങ്കിലെ റിജിലിന്റെ രേഖകൾ ഒത്തു നോക്കിയപ്പോൾ രവീന്ദ്രൻ റിജിലിന്റെ പിതാവാണെന്നു വ്യക്തമായി. പിതാവിന്റെ അക്കൗണ്ടിൽ നിന്ന് റിജിൽ മറ്റൊരു ബാങ്കിലുള്ള സ്വന്തം അക്കൗണ്ടിലേക്കും തുക മാറ്റിയതായി കണ്ടെത്തി. ഇതോടെയാണ് തട്ടിപ്പ് പുറത്തു വന്നത്. ബാങ്ക് അധികൃതരുടെയും കോർപറേഷന്റെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. സ്ഥിരമായി ഉപയോഗിക്കാത്ത അക്കൗണ്ടുകളിൽ നിന്നാണു പണം നഷ്ടമായതെന്ന് കോർപറേഷൻ അധികൃതർ വ്യക്തമാക്കി.
English Summary: Kozhikode corporation account fraud