സിപിഎം ഫണ്ടിലേക്ക് കേരളത്തിൽനിന്നുള്ള സംഭാവന: മൂന്നിലൊന്നും ക്വാറി ഉടമകൾ

HIGHLIGHTS
  • 20,000 രൂപയ്ക്കുമേൽ നൽകിയവരുടെ പട്ടിക തിരഞ്ഞെടുപ്പ് കമ്മിഷന്
cartoon
SHARE

ന്യൂഡൽഹി ∙ സിപിഎമ്മിനു സംഭാവനയിലൂടെ കേരളത്തിലെ ക്വാറി ഉടമകളും‍ കെട്ടുറപ്പു നൽകുന്നുവെന്നു കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷനു പാർട്ടി നൽകിയ കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം കേരളത്തിൽനിന്ന് പാർട്ടി അംഗങ്ങൾ അല്ലാതെ സംഭാവന നൽകിയവരിൽ മൂന്നിലൊന്നും ക്വാറി ഉടമകളാണ്. 

ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി തിരഞ്ഞെടുപ്പു കമ്മിഷനു നൽ‍കിയ പട്ടികയനുസരിച്ച്, കേരളത്തിൽനിന്നു സംഭാവന നൽകിയവരുടെ എണ്ണത്തിൽ രണ്ടാമതുള്ളത് സമുദ്രോൽപന്ന കയറ്റുമതി മേഖലയിലെ സ്ഥാപനങ്ങളാണ്. 20,000 രൂപയിൽ കൂടുതൽ സംഭാവന ചെക്കായോ ഓൺലൈനായോ കൈമാറിയവരുടേതാണു പട്ടിക. ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥയനുസരിച്ചാണ് പാർട്ടികൾ എല്ലാ വർഷവും കമ്മിഷനു കണക്കു നൽ‍കുന്നത്. 

വിവിധ സംസ്ഥാനങ്ങളിൽനിന്നായി 10 കോടി രൂപയാണ് പാർട്ടിക്കു സംഭാവനയായി ലഭിച്ചത്. പാർട്ടി നേതാക്കളുൾപ്പെടെ 535 വ്യക്തികളും സ്ഥാപനങ്ങളും സംഭാവന നൽകിയവരുടെ പട്ടികയിൽ ഉൾപ്പെടുന്നു. ഇതിൽ കേരളത്തിൽനിന്നു പ്രത്യക്ഷത്തിൽ പാർട്ടി അംഗങ്ങളല്ലാത്ത വ്യക്തികളും സ്ഥാപനങ്ങളും 95. അതിൽ 33 എണ്ണമാണ് ക്വാറി മേഖലയിൽനിന്നുള്ളത്. 

അരക്കോടിയിലേറെ രൂപ ക്വാറി ഉടമകളിൽനിന്നു മാത്രം ലഭിച്ചിട്ടുണ്ട്. സമുദ്രോൽപന്ന മേഖലയിലെ 9 സ്ഥാപനങ്ങളും സംഭാവന നൽകി. സ്വർണ വ്യാപാര മേഖലയിലുള്ള സ്ഥാപനം വിവിധ പേരുകളിൽ പാർട്ടിക്ക് 2.2 കോടിയും കൊച്ചിയിലെ റിയൽ എസ്റ്റേറ്റ് സ്ഥാപനം അരക്കോടിയും നൽകി. സംഭാവന നൽകിയവരിൽ മുന്നൂറും തെലങ്കാനയിൽനിന്നാണ്. അൻപതോളം ത്രിപുരയിൽ നിന്ന്, ബംഗാളിൽനിന്ന് 2. 

2020–21 ൽ പാർട്ടിക്ക് 12 കോടിയാണു സംഭാവനയായി ലഭിച്ചത്. അന്നു കേരളത്തിൽനിന്നു സംഭാവന നൽകിയതിൽ കൂടുതലും കെട്ടിട നിർമാണ മേഖലയിലെ സ്ഥാപനങ്ങളായിരുന്നു; ഒരു സ്ഥാപനം തന്നെ 4 കോടി നൽകി. 

കേരളത്തിൽനിന്ന് ബിജെപിക്ക് 3.4 കോടി; കോൺഗ്രസിന് 1.58 കോടി

തിരഞ്ഞെടുപ്പു കമ്മിഷനു നൽകിയ കണക്കനുസരിച്ച്, ബിജെപിക്ക് 614 കോടിയും കോൺഗ്രസിന് 95 കോടിയുമാണു കഴിഞ്ഞവർഷം‌ സംഭാവനയായി ലഭിച്ചത്. ഇതിൽ ബിജെപിക്ക് കേരളത്തിൽനിന്നു ലഭിച്ചത് 3.4 കോടി. സംഭാവനപ്പട്ടികയിലുള്ള 27 പേരുകളിൽ ഒരാൾ ഒരു കോടിയും 2 ജ്വല്ലറികളും ഒരു ധനകാര്യസ്ഥാപനവും അരക്കോടി വീതവും നൽകി. 1.58 കോടിയാണ് കോൺഗ്രസിനു കേരളത്തിൽനിന്നു ലഭിച്ചത്. അധ്യാപക സംഘടനകളും ജ്വല്ലറികളും ധനകാര്യ സ്ഥാപനങ്ങളും ഉൾപ്പെടെ 20 പേരുകളാണു സംഭാവനപ്പട്ടികയിലുള്ളത്. ഒരു ധനകാര്യ സ്ഥാപനം അരക്കോടി നൽകി.

English Summary: One third of CPM fund from Kerala is from quary owners

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS