വിദേശവനിതയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസ്: രണ്ടു പ്രതികളും കുറ്റക്കാർ; ശിക്ഷ തിങ്കളാഴ്ച വിധിക്കും

foreign-lady-murder
പ്രതികളായ ഉമേഷും ഉദയകുമാറും (ഫയൽ ചിത്രം)
SHARE

തിരുവനന്തപുരം ∙ കോവളത്തു വിദേശവനിതയെ പീഡിപ്പിച്ചു കൊലപ്പെടുത്തി കെട്ടിത്തൂക്കിയ കേസിൽ പ്രതികൾ വെള്ളാർ പനത്തുറ സ്വദേശികളായ ഉമേഷ് (28), ഇയാളുടെ ബന്ധുവും സുഹൃത്തുമായ ഉദയകുമാർ (24) എന്നിവർ കുറ്റക്കാരാണെന്ന് അഡീഷനൽ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി കെ.സനിൽ കുമാർ കണ്ടെത്തി. ശിക്ഷ തിങ്കളാഴ്ച വിധിക്കും.

കൊലക്കുറ്റം, കൂട്ടബലാത്സംഗം, തെളിവുനശിപ്പിക്കൽ, ലഹരി മരുന്നു നൽകി ഉപദ്രവം, സംഘം ചേർന്നുള്ള ഗൂഢാലോചന എന്നീ കുറ്റങ്ങളാണു തെളിഞ്ഞത്. കൊല്ലപ്പെട്ട യുവതിയുടെ വിദേശത്തുള്ള സഹോദരിക്കു സാങ്കേതികതടസ്സം കാരണം ഓൺലൈൻ വഴി കോടതി നടപടികൾ വീക്ഷിക്കാൻ സാധിച്ചില്ല.

ആയുർവേദ ചികിത്സയ്ക്കായി 2018 ഫെബ്രുവരി 21നു സഹോദരിക്കും സുഹൃത്തിനുമൊപ്പമാണ് നാൽപതുകാരിയായ ലാത്വിയൻ യുവതി കേരളത്തിലെത്തിയത്. മാർച്ച് 14ന് രാവിലെ നടക്കാനിറങ്ങിയ ഇവരെ കാണാതായി. 36 ദിവസം കഴിഞ്ഞാണ് അഴുകി ജീർണിച്ച് തല വേർപെട്ട നിലയിൽ മൃതദേഹം കണ്ടെത്തിയത്. കടുത്ത വിഷാദരോഗത്തെ തുടർന്നാണു യുവതിയെ സഹോദരിയും സുഹൃത്തും ചികിത്സയ്ക്കായി എത്തിച്ചത്. ഹോട്ടൽ മാനേജ്മെന്റ് രംഗത്താണ് യുവതിയും സഹോദരിയും പ്രവർത്തിച്ചിരുന്നത്.

ഓൺലൈനിലൂടെയാണ് പോത്തൻകോട്ടുള്ള ആയുർവേദ കേന്ദ്രത്തെക്കുറിച്ചറിഞ്ഞത്. കാണാതായ ദിവസംതന്നെ സഹോദരിയും ആശുപത്രി ജീവനക്കാരും കോവളം, പോത്തൻകോട് പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകി. പൊലീസ് കാര്യമായി അന്വേഷിച്ചില്ല. ഓട്ടോറിക്ഷയിൽ കോവളം ബീച്ചിൽ എത്തിയ യുവതി 800 രൂപ ഓട്ടോറിക്ഷക്കാരനു നൽകിയെന്നും തുടർന്നു നടന്നു പോയെന്നും അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു. ചില സ്ഥാപനങ്ങളിലെ സിസിടിവി ക്യാമറകൾ പരിശോധിച്ചെങ്കിലും തുമ്പുകിട്ടിയില്ല. കടൽത്തീരങ്ങൾ മാത്രം കേന്ദ്രീകരിച്ചായിരുന്നു ആദ്യഘട്ട അന്വേഷണം.

കോവളം ബീച്ചിൽനിന്നു വാഴമുട്ടത്തെ കണ്ടൽക്കാടിന് അടുത്തുള്ള ക്ഷേത്ര ഓഡിറ്റോറിയം വരെ നടന്നെത്തിയ വനിതയെ ടൂറിസ്റ്റ് ഗൈഡ് എന്ന വ്യാജേന ഉമേഷ് കെണിയിൽ വീഴ്ത്തിയെന്നാണു പൊലീസ് പറയുന്നത്. സുഹൃത്തായ ഉദയനുമൊത്തു യുവതിക്കു ലഹരിമരുന്നു നൽകി കാടിനുള്ളിൽ കൊണ്ടുപോയി പീഡിപ്പിച്ചു. വൈകിട്ടോടെ ബോധം വീണ്ടെടുത്ത യുവതി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. ആത്മഹത്യയെന്നു വരുത്തിത്തീർക്കാൻ മൃതദേഹം സമീപത്തുള്ള മരത്തിൽ കാട്ടുവള്ളി ഉപയോഗിച്ചു കെട്ടിത്തൂക്കി. പിന്നീടുള്ള പല ദിവസവും പ്രതികൾ സ്ഥലത്തെത്തി മൃതദേഹം നിരീക്ഷിച്ചു. വള്ളി അഴുകിയതിനെത്തുടർന്നു ശരീരം പൊട്ടിവീണു. ശിരസ്സ് അറ്റുപോയി.

കുറ്റപത്രത്തിൽ 104 സാക്ഷികൾ ഉണ്ടായിരുന്നു. ഇതിൽ 30 സാക്ഷികളെയാണു പ്രോസിക്യൂഷൻ വിസ്‌തരിച്ചത്. 28 സാക്ഷികൾ പ്രോസിക്യൂഷനെ അനുകൂലിച്ചപ്പോൾ രണ്ടു പേർ കൂറു മാറി. തിരുവനന്തപുരം കെമിക്കൽ ലബോറട്ടറിയിലെ അസി.കെമിക്കൽ എക്സാമിനർ അശോക് കുമാറും കോവളത്തെ കടയുടമ ഉമറുമാണു കൂറുമാറിയത്.

English Summary: Verdict on Latvian tourist murder case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ആദ്യമായി ഒരു ഇന്റവ്യൂവിൽ ഇത് പറയുന്നു

MORE VIDEOS