ADVERTISEMENT

തിരുവനന്തപുരം∙ തനിക്ക് ആരെയും ഭയമില്ലെന്നും ആരും തന്നെ ഭയക്കേണ്ട കാര്യമില്ലെന്നും വ്യക്തമാക്കി ശശി തരൂർ തെക്കൻ ജില്ലകളിലെ പര്യടനം തുടങ്ങി. കോൺഗ്രസ് നേതൃത്വത്തിലെ ഒരു വിഭാഗം നിസ്സഹകരണ സമീപനം തുടർന്നതോടെ വിവാദങ്ങൾ വീണ്ടും മുളപൊട്ടി.

ഡൽഹിയിൽനിന്നു ശനിയാഴ്ച രാവിലെ തലസ്ഥാനത്തെത്തിയ തരൂരിനെ കാത്തിരുന്നത് ഈരാറ്റുപേട്ടയിലെ യൂത്ത് കോൺഗ്രസ് പരിപാടിയോട് കോട്ടയം ഡിസിസി ഇടഞ്ഞ വാർത്തയാണ്. അതിന്റെ പേരിൽ പരിപാടിയിൽനിന്നു പിന്മാറി യൂത്ത് കോൺഗ്രസുകാരെ നിരാശരാക്കില്ലെന്നു തരൂർ പ്രതികരിച്ചു. പരിപാടിയുടെ കാര്യം കോട്ടയം ഡിസിസിയെ അറിയിച്ചതാണെന്നും വിശദീകരിച്ചു.

14 വർഷമായി രാഷ്ട്രീയത്തിൽ സജീവമാണ്. അന്നു മുതൽ എവിടെ പരിപാടിക്കു പോയാലും തന്റെ ഓഫിസ് ബന്ധപ്പെട്ട ഡിസിസി പ്രസിഡന്റിനെ അറിയിക്കാറുണ്ട്. അതു സ്വാഭാവികമായി ചെയ്യുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ പരിപാടികളിൽനിന്നു കോൺഗ്രസ് നേതാക്കൾ വിട്ടുനിൽക്കുന്നതു ഗൗരവത്തിൽ എടുക്കുന്നില്ലെന്ന നിലപാടാണ് തരൂർ എടുത്തത്. ഒരു പരിപാടിക്ക് വരാൻ കഴിയാത്തവർ അടുത്തതിനു വരുമായിരിക്കും. അല്ലെങ്കിൽ യുട്യൂബിൽ പ്രസംഗം കാണാൻ അവസരം ഉണ്ട്.

തന്റെ പ്രസംഗ പരിപാടികൾ എന്തുകൊണ്ടാണു വിവാദത്തിൽ ആകുന്നത് എന്നറിയില്ല. വർഷങ്ങളായി കേരളത്തിൽ അങ്ങോളമിങ്ങോളം പരിപാടികളിൽ പങ്കെടുക്കാറുണ്ട്. പെട്ടെന്നു മനോഭാവത്തിൽ ഉണ്ടായ മാറ്റത്തെക്കുറിച്ച് അവരോടു തന്നെ ചോദിക്കണം. തനിക്ക് ഒന്നും ഒളിക്കാനില്ല. തുറന്ന പുസ്തകമാണ്. ഇതുവരെ താൻ പറഞ്ഞതിലും ചെയ്തതിലും എന്താണു വിവാദം എന്നു ചൂണ്ടിക്കാണിച്ചാൽ മനസ്സിലാക്കാനെങ്കിലും കഴിയുമെന്നും തരൂർ പറഞ്ഞു. തനിക്ക് വിലക്ക് ഇല്ലെന്നു കെപിസിസി പ്രസിഡന്റ് വിശദീകരിച്ച ശേഷവും ചിലർ എതിർക്കുന്നതിലെ പ്രതിഷേധവും തരൂർ മറച്ചു വച്ചില്ല. ‘സുധാകർജി പറയുന്നതു കേൾക്കാൻ ചിലർ തയാറല്ലായിരിക്കും’ – അദ്ദേഹം പറഞ്ഞു.

തെക്കൻ പര്യടനത്തിലെ ഏക പാർട്ടി പരിപാടിയുടെ കാര്യത്തിലാണ് കോട്ടയത്തെ പാർട്ടി ഇടഞ്ഞത്. ഡിസിസിയെ ഇക്കാര്യം അറിയിച്ചിട്ടില്ലെന്നു കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് ആവർത്തിക്കുമ്പോൾ തരൂർ അത് നിഷേധിക്കുകയാണ്. ഉന്നത നേതാക്കൾ വിവാദങ്ങളിൽ പ്രതികരിക്കാതെ ജാഗ്രത പാലിക്കുകയാണ്.

കെപിസിസി നോക്കും; ഹൈക്കമാൻഡിന് റോളില്ല: വേണുഗോപാൽ

ന്യൂഡൽഹി ∙ ശശി തരൂരുമായി ബന്ധപ്പെട്ടു കേരളത്തിൽ‌ ഉയർന്ന വിവാദത്തിൽ എഐസിസി നിലവിൽ ഇടപെടേണ്ടതില്ലെന്നും അഭിപ്രായ ഭിന്നത ഉണ്ടെങ്കിൽ കെപിസിസി നേതൃത്വം അതു പരിഹരിക്കുമെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. സംസ്ഥാനത്തെ കാര്യങ്ങൾ നോക്കാൻ പാർട്ടിക്ക് അധ്യക്ഷനും പ്രതിപക്ഷ നേതാവുമുണ്ട്. നേതാക്കൾ തമ്മിൽ നല്ല സൗഹൃദമുണ്ട്. എഐസിസി ഇടപെടേണ്ട ഗൗരവ സാഹചര്യം കേരളത്തിൽ ഇല്ല –വേണുഗോപാൽ പറഞ്ഞു.

English Summary: Shashi Tharoor yatra in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com