ADVERTISEMENT

വി‍ഴിഞ്ഞം തുറമുഖ നിർമാണം മൂലമുണ്ടാകുന്ന തീരശോഷ‍ണത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് തുറമുഖ നിർമാണ വിരുദ്ധ സമരസമിതി നടത്തുന്ന പ്രക്ഷോഭം 135 ദിവസം പിന്നിട്ടു. ജൂലൈ 20 ന് സെക്രട്ടേറിയറ്റിനു മുന്നിലാണ് തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിലുള്ള സമിതി സമരം തുടങ്ങിയത്. ഓഗസ്റ്റ് 16ന് സമരമുഖം തുറമുഖ നിർമാണ കവാടത്തിലേക്കു മാറ്റി. 7 ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. സർക്കാരിനു മുൻപാകെ സമരസമിതി ഉന്നയിച്ച 7 ആവശ്യങ്ങളും അതിനോടുള്ള സർക്കാരിന്റെ പ്രതികരണവും: 

1. സമരസമിതിയുടെ ആവശ്യം: തീരശോഷ‍ണത്തിനു ശാശ്വത പരിഹാരം വേണം

∙ സർക്കാർ മറുപടി: ഓരോ തീരത്തിനും സംരക്ഷണം ഏർപ്പെടുത്താനുള്ള വിവിധ നടപടികൾ നടപ്പാക്കി വരികയാണ്. തീര‍ശോഷണത്തെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് നൽകുന്ന മുറയ്ക്ക്, പ്രദേശത്തെ ജനപ്രതിനിധികളുമായി ചർച്ച ചെയ്തു തുടർനടപടി കൈക്കൊള്ളും. 

2. തീരശോഷണം മൂലം വീടും സ്ഥലവും നഷ്ടപ്പെട്ടവർക്കു മാറിത്താമസിക്കാൻ വാടക നൽകണം

∙ 5,500 രൂപ മാസ‍വാടക നൽകുന്ന പദ്ധതിക്കു സർക്കാർ തുടക്കം കുറിച്ചു. കണ്ടെത്തിയ 284 കുടുംബങ്ങളിൽ 151 പേരുടെ അക്കൗണ്ടിലേക്കു പണമെത്തി. 

3. ശാശ്വത പുനരധിവാസ പദ്ധതി വേണം

∙ മുട്ടത്ത‍റയിലെ 10 ഏക്കർ ഭൂമിയിൽ 600 ൽ പരം ഫ്ലാറ്റുകൾ നിർമിക്കും. ഇതിൽ 400 ഫ്ലാറ്റുകൾ നിർമിക്കുന്നതിന് 81 കോടി രൂപയുടെ എസ്റ്റിമേറ്റ് പരിഗണനയിലാണ്. കൂടാതെ, പുനർഗേഹം പദ്ധതി പ്രകാരം മുട്ടത്തറയിൽ 192 ഫ്ലാറ്റും ബീമാപ്പള്ളിയിൽ 20 ഫ്ലാറ്റും ഇതിനകം കൈമാറി. തിരുവനന്തപുരം സോഷ്യൽ സർവീസ് സൊസൈറ്റി കൈമാറിയ രണ്ടേക്കർ ഭൂമിയും വലിയതുറ സെന്റ് ആന്റണീസ് സ്കൂൾ കൈമാറിയ 37 സെന്റ് ഭൂമിയും ഫിഷറീസ് വകുപ്പിന് ലഭ്യമാക്കി ഫ്ലാറ്റ് നിർമാണത്തിനു നടപടി സ്വീകരിച്ചിട്ടുണ്ട്. 

വി‍ഴി​ഞ്ഞം പുനരധിവാസ പദ്ധതിയിൽ പ്രഖ്യാപിച്ചിരുന്ന പന‍ത്തുറ മുതൽ വേളി വരെ പ്രദേശത്ത് വേലിയേറ്റ രേഖയിൽനിന്ന് 50 മീറ്റർ പരിധിക്കുള്ളിൽ 1665 വീടുകളാണ് ഉണ്ടായിരുന്നത്. ഇതിൽ മാറി താമസിക്കാൻ തയാറായ 963 പേർക്ക് പുനർഗേഹം പദ്ധതിയിൽ 10 ലക്ഷം രൂപ സഹായം അനുവദിക്കും. ഇതി‍ൻപ്രകാരം 84 പേർ ഭൂമി കണ്ടെത്തുകയും 63 പേർ ഭൂമി റജിസ്റ്റർ ചെയ്യുകയും 28 പേർ വീട് പൂർത്തീകരിക്കുകയും ചെയ്തു.

4. കാലാവസ്ഥാ മുന്നറിയിപ്പു കാരണം തൊഴിൽ നഷ്ടം അനുഭവിച്ചവർക്കു മിനിമം വേതനം നൽകണം

∙ കാലാവസ്ഥ മുന്നറിയിപ്പിനെ തുടർന്ന് ജോലിക്കു പോകാൻ കഴിയാത്ത സാഹചര്യങ്ങളിൽ മുൻകാലങ്ങളിൽ ധനസഹായവും സൗജന്യ റേഷനും ഭക്ഷ്യക്കിറ്റും മത്സ്യത്തൊഴിലാളികൾക്ക് നൽകിയിട്ടുണ്ട്. സാഹചര്യം കണക്കിലെടുത്ത് ഇനിയും ഇതു വിതരണം ചെയ്യും. 

5. മുതലപ്പൊ‍ഴിയിൽ അശാസ്ത്രീയമായി നിർമിച്ച ഫിഷിങ് ഹാർബർ മൂലമുള്ള പ്രശ്നങ്ങൾ പരിഹരിക്കണം

∙ ആവശ്യം പരിഗണിച്ചു നടപടികൾ ആരംഭിച്ചിട്ടുണ്ട്. ശാസ്ത്രീയ റിപ്പോർട്ട് തയാറാക്കാൻ പുണെ സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച് സ്റ്റേഷനെ ചുമതലപ്പെടുത്തി.

6. മണ്ണെണ്ണ വില കുറയ്ക്കാൻ സംസ്ഥാന സർക്കാർ ഇടപെടണം, സബ്സിഡി വർധിപ്പിക്കണം

∙ മണ്ണെണ്ണ വില നിശ്ചയിക്കുന്നതു കേന്ദ്ര സർക്കാരാണ്. ഇതിനായി കേന്ദ്രത്തിന് കത്തു നൽകി. മണ്ണെണ്ണ ഇതര ഇന്ധനം ഉപയോഗിച്ചു പ്രവർത്തിക്കുന്ന എൻജി‍നുകളിലേക്കു മാറാനുള്ള സബ്സിഡി അനുവദിക്കും.

7. തുറമുഖ നിർമാണം നിർത്തിവച്ച് തീരശോഷണ‍ത്തെക്കുറിച്ചു പഠിക്കണം

∙ തീരശോഷണം പഠിക്കാൻ വിദഗ്ധസമിതിയെ നിയമിച്ചിട്ടുണ്ട്. 3 മാസത്തിനകം റിപ്പോർട്ട് നൽകും. എന്നാൽ, തുറമുഖ നിർമാണം നിർത്തിവയ്ക്കില്ല. 

English Summary: Vizhinjam Protesters demand and Kerala government reply

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com