ADVERTISEMENT

തിരുവനന്തപുരം ∙ വിഴിഞ്ഞം പദ്ധതിയുടെ അനിവാര്യത ബോധ്യപ്പെടുത്തി ജനങ്ങളെ ഒപ്പം നിർത്തു‍ന്നതിന് സിപിഎം നേരിട്ടു രംഗത്തി‍റങ്ങുന്നു. നാളെ മുതൽ 9 വരെ തിരുവനന്തപുരം ജില്ലയിൽ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പ‍ന്റെ നേതൃത്വത്തിൽ പ്രചാരണ ജാഥ നടത്താൻ എൽഡിഎഫ് തീരുമാനിച്ചു.  

വർക്കലയിൽ നാളെ വൈകിട്ട് ആരംഭിക്കുന്ന ജാഥ 9 ന് വിഴിഞ്ഞത്ത് സമാപിക്കും. മന്ത്രി പി.രാജീവാണ് വർക്കലയിലെ ഉദ്ഘാടകൻ. 9 ന് വിഴിഞ്ഞത്ത് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.  ജാഥ ആർക്കും എതിരല്ലെന്നും, മത്സ്യത്തൊഴിലാളികളുടെ ന്യായമായ അവകാശങ്ങൾ അംഗീകരിക്കാൻ സർക്കാർ തയാറായിട്ടുണ്ടെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു.

മത്സ്യത്തൊഴിലാളികളെ സമരസമിതി വൈകാരികമായി ഇളക്കിവിട്ടതാണ് പ്രശ്നങ്ങൾക്കി‍ടയാക്കിയത്. വിഴിഞ്ഞ‍ത്തെ സംഘർഷത്തിന്റെ പേരിൽ മത്സ്യത്തൊഴിലാളികളെ ക്രൂശി‍ക്കില്ലെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു. പ്രചാരണജാഥ പ്രഖ്യാപിക്കുന്നതിനു തൊട്ടുമുൻപ് ആനാവൂർ ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ. തോമസ് ജെ.നെറ്റോയെ കണ്ടു വിശദമായ ചർച്ച നടത്തിയിരുന്നു.  

പാളയം ഇമാം വി.പി.സുഹൈബ് മൗലവി, ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി എന്നിവർ വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരസമിതി ജനറൽ കൺവീനർ മോൺ. യൂജിൻ എച്ച്. പെരേര‍യുമായും ചർച്ച നടത്തി.

 

ഇന്ന് നിയമസഭയിൽ ചർച്ചയാക്കാൻ സിപിഎം

വിഴിഞ്ഞം തുറമുഖ നിർമാണവും മത്സ്യത്തൊഴിലാളി സമരവും നിയമസഭാ സമ്മേളനത്തിന്റെ ആദ്യദിനം തന്നെ ചർച്ചയാകും. ഇതു സംബന്ധിച്ചു സഭയുടെ ശ്രദ്ധ ക്ഷണിക്കാനുള്ള നോട്ടിസിന് സിപിഎം എംഎൽഎയും മുൻ മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രൻ അപേക്ഷ നൽകി. മത്സ്യത്തൊഴിലാളികളുടെ ആശങ്ക പരിഹരിച്ചു തുറമുഖ നിർമാണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടാണു സഭയുടെ ശ്രദ്ധ ക്ഷണിക്കുക. മുഖ്യമന്ത്രിയാകും മറുപടി നൽകുക. വിഴിഞ്ഞം പദ്ധതിയുടെ അനിവാര്യത ബോധ്യപ്പെടുത്തി ജനങ്ങളെ ഒപ്പം നിർത്താൻ പ്രചാരണ ജാഥകൾ ഉൾപ്പെടെ നടത്താൻ സിപിഎം തീരുമാനിച്ചതിനു പിന്നാലെയാണു സഭയിലും വിഷയം അവതരിപ്പിക്കുന്നത്.

English Summary: CPM rally against Vizhinjam protest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com