ADVERTISEMENT

തിരുവനന്തപുരം ∙ അനുരഞ്ജന നീക്കങ്ങളിൽ സർക്കാർ സംവിധാനം ഉൾപ്പെടെ പുറത്തു സജീവമാകുമ്പോൾ ഗവർണറുമായി ഒത്തുതീർപ്പില്ലെന്നു വ്യക്തമാക്കുന്ന നിയമനിർമാണ നടപടികളുമായി നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കും. 

തിരുവനന്തപുരം കോർപറേഷനിലെ കത്തുവിവാദത്തിൽ ഇന്നു മന്ത്രി വിളിച്ചു ചേർത്ത രാഷ്ട്രീയപാർട്ടികളുടെ യോഗവും വിഴിഞ്ഞം സമരത്തിൽ  സർക്കാർ തലത്തിൽ തുടങ്ങിയ അനുനയനീക്കങ്ങളുടെ അന്തരീക്ഷവുമാണ് സഭയ്ക്കു പുറത്ത്. എന്നാൽ, സർവകലാശാലകളുടെ ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ നീക്കാനുള്ള ബിൽ അവതരിപ്പിക്കുന്നത് ഉൾപ്പെടെ ഉള്ള പ്രധാന നിയമ നിർമാണങ്ങൾക്കാണു സഭ ചേരുന്നത്. 

സർവകലാശാല ഭരണത്തിൽ ഗവർണർ തുടർച്ചയായി ഇടപെട്ടതോടെയാണു ചാൻസലർ സ്ഥാനത്തു നിന്ന് അദ്ദേഹത്തെ മാറ്റാൻ സർക്കാർ തീരുമാനിച്ചത്. ഇതിനായി ഓർഡിനൻസ് പുറപ്പെടുവിച്ചെങ്കിലും ഗവർണർ ഒപ്പിടാത്തതിനെ തുടർന്നാണു സഭാ സമ്മേളനം വിളിച്ച് ബിൽ കൊണ്ടു വരാൻ തീരുമാനിച്ചത്.

ഈ ബിൽ നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിവസങ്ങളിൽ ഇല്ല. ബില്ലിൽ ലീഗ് ഉൾപ്പെടുന്ന പ്രതിപക്ഷത്തിന്റെ നിലപാട് സർക്കാർ ഉറ്റുനോക്കുന്നുണ്ട്. അതേസമയം, തിരുവനന്തപുരം കോർപറേഷനിലെ ഉൾപ്പെടെ താൽക്കാലിക നിയമനങ്ങൾ, വിഴിഞ്ഞം സമരം, സിൽവർ ലൈൻ പദ്ധതി നടപടികളിൽ നിന്നുള്ള പിന്മാറ്റം തുടങ്ങി ഒട്ടേറെ വിഷയങ്ങൾ പ്രതിപക്ഷം ഇത്തവണ ആയുധമാക്കും. 

എന്നാൽ, ശശി തരൂരിന്റെ പര്യടനം ഉൾപ്പെടെയുള്ള രാഷ്ട്രീയ വിഷയങ്ങൾ കൊണ്ട് പ്രതിപക്ഷത്തെ നേരിടാനാകും ഭരണപക്ഷത്തിന്റെ ശ്രമം. ഭരണപക്ഷത്തെ മുന്നണി പോരാളിയായിരുന്ന എ.എൻ.ഷംസീർ സ്പീക്കറായി സഭ നിയന്ത്രിക്കുന്ന ആദ്യ സമ്മേളനമാണിത്. ഇതിനു നേർസാക്ഷിയാകാൻ ഭരണകക്ഷിയുടെ മുൻനിരയിൽ മുൻ സ്പീക്കറും മന്ത്രിയുമായ എം.ബി.രാജേഷ് ഉണ്ടാകും. 

ഇന്നും നാളെയുമായി ഏഴു ബില്ലുകളാണ് അവതരിപ്പിക്കുന്നത്. ഇന്ന് ഉച്ചയ്ക്കു സഭയിലെ കക്ഷി നേതാക്കളുടെ യോഗം ചേർന്ന് 7 മുതലുള്ള ദിവസങ്ങളിലെ നടപടിക്രമത്തിൽ ധാരണയിൽ എത്തും. 15 വരെയാണു സഭ സമ്മേളിക്കുക.

English Summary: Kerala assembly session begins

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com