ADVERTISEMENT

കണ്ണൂർ ∙ നോവുന്ന ഹൃദയങ്ങൾക്കു സാന്ത്വനമേകുന്ന മലയാള മനോരമയുടെ ‘ഹൃദയപൂർവം’ പരിശോധനാ ക്യാംപിനു തുടക്കമായി. മദ്രാസ് മെഡിക്കൽ മിഷനുമായി ചേർന്ന് കണ്ണൂർ മലയാള മനോരമയിൽ നടത്തുന്ന ക്യാംപിൽ ആദ്യദിനത്തിൽ 203 പേർ പങ്കെടുത്തു. 

മദ്രാസ് മെഡിക്കൽ മിഷൻ കാർഡിയോളജി വിഭാഗം ഡയറക്ടർ ഡോ.അജിത് മുല്ലശേരി, പീഡിയാട്രിക് കാർഡിയോളജി വിഭാഗം തലവൻ ഡോ.കെ.ശിവകുമാർ, സീനിയർ കൺസൽറ്റന്റ് കാർഡിയോ തൊറാസിക് സർജൻ ഡോ.വി.എം.കുര്യൻ, ഡോ.രവി അഗർവാൾ, ഡോ.പ്രതിക്, ഡോ.അശ്വിൻ, ഡോ.പ്രമോദ് സാഗർ, ഡോ.തേജസ്വി പ്രമോദ്, മലയാള മനോരമ പഴ്സനൽ ആൻഡ് അഡ്മിനിസ്ട്രേഷൻ ചീഫ് ജനറൽ മാനേജർ എഡ്വിൻ വിനോദ് ജയിംസ് എന്നിവർ ചേർന്ന് ക്യാംപ് ഉദ്ഘാടനം ചെയ്തു. ഹൃദയാരോഗ്യശീലങ്ങൾ പ്രതിപാദിക്കുന്ന ‘ഹൃദയതാളം നിലയ്ക്കാതിരിക്കാൻ’ എന്ന കൈപ്പുസ്തകവും ചടങ്ങിൽ പുറത്തിറക്കി. 40 ദിവസം പ്രായമായ കുഞ്ഞുങ്ങൾ മുതലുള്ളവർ ക്യാംപിൽ വിദഗ്ധ ചികിത്സ തേടിയെത്തി. രണ്ടു ദിനം നീളുന്ന ക്യാംപിൽ വിവിധ ജില്ലകളിൽ നിന്നുമായി 300 പേർ പങ്കെടുക്കും. 

വിദഗ്ധ ഡോക്ടർമാരുടെ സമിതി ക്യാംപിൽ നടത്തുന്ന വിശദമായ പരിശോധനകൾക്കു ശേഷം ശസ്ത്രക്രിയ ആവശ്യമായവരുടെ മുൻഗണനാ പട്ടിക തയാറാക്കും. തുടർചികിത്സ ആവശ്യമുള്ളവരെ പിന്നീട് അറിയിക്കും. ആധുനിക പരിശോധന സംവിധാനങ്ങൾ ഒരുക്കിയിട്ടുള്ള ക്യാംപ് ഇന്നും തുടരും. റജിസ്ട്രേഷൻ 8.30 ന് ആരംഭിക്കും.

med
‘ഹൃദയപൂർവം’ ക്യാംപിലെത്തിച്ച കുരുന്നിനെ ഡോക്ടർ പരിശോധിക്കുന്നു.

 

ചെറുപ്പക്കാരിൽ ഹൃദ്രോഗം കൂടുന്നു: ഡോ.അജിത് മുല്ലശേരി

 

boy
കണ്ണൂർ മലയാള മനോരമയിൽ ആരംഭിച്ച ‘ഹൃദയപൂർവം’ പരിശോധനാ ക്യാംപിൽ വടകരയിൽ നിന്നു തുടർ പരിശോധനയ്ക്കെത്തിയ കുട്ടിയെ ഡോക്ടർ പരിശോധിക്കുന്നു. ചിത്രം: മനോരമ

കണ്ണൂർ∙ 45 നു താഴെ പ്രായമുള്ള 30 ശതമാനം ആളുകൾക്കും ഇപ്പോൾ ഹൃദയാഘാതത്തിനു സാധ്യതയുള്ള തരത്തിൽ ഗുരുതര ഹൃദ്രോഗമുണ്ടെന്ന് മദ്രാസ് മെഡിക്കൽ മിഷൻ കാർഡിയോളജി വിഭാഗം ഡയറക്ടർ ഡോ.അജിത് മുല്ലശേരി പറഞ്ഞു. ജീവിതശൈലിയിൽ വന്ന മാറ്റമാണ് കാരണം. 

പുകവലി, മലിനീകരണം, നഗരജീവിതത്തിലെ സമ്മർദങ്ങൾ, ശരീരം അനങ്ങാത്ത തരത്തിലുള്ള ജോലി, വ്യായാമത്തിന്റെ കുറവ്, അമിതവണ്ണം, ഭക്ഷണരീതിയിൽ വന്ന മാറ്റങ്ങൾ എന്നിവയാണ് ഹൃദയസംബന്ധമായ രോഗങ്ങൾ കൂടാൻ കാരണം. അതേസമയം കുട്ടികളുടെ ഹൃദയരോഗങ്ങൾ ഭൂരിഭാഗവും ജന്മനായുള്ളതാണ്. കുട്ടികളിലെ ഹൃദയരോഗങ്ങൾ കൂടുന്നില്ലെന്നും എന്നാൽ കണ്ടെത്തി ചികിത്സ തേടുന്ന കേസുകളുടെ എണ്ണം കൂടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. രോഗം വന്നതിനുശേഷം ജീവിതശൈലി ക്രമീകരിക്കാമെന്നതു തെറ്റിദ്ധാരണയാണ്. ആവശ്യത്തിനു വ്യായാമം ചെയ്തും ഭക്ഷണം ക്രമീകരിച്ചും നന്നായി ഉറങ്ങിയും സമ്മർദം കുറച്ചും ഹൃദയത്തെ സംരക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

 

സൗമ്യയുടെ ഹൃദയത്തിന്  ഇനി കരുതലേറെ... 

 

കണ്ണൂർ∙ മകൾക്ക് പേസ്മേക്കർ വയ്ക്കണം, തന്റെ ഹൃദയത്തിനു ദ്വാരം അടയ്ക്കാനുള്ള ശസ്ത്രക്രിയ വേണം എന്നെല്ലാം ഡോക്ടർമാർ പറയുമ്പോഴും ഇടുക്കി തൊടുപുഴ സ്വദേശി സൗമ്യയ്ക്ക് സമ്മർദമൊന്നുമില്ല. മകൾ അഭിനന്ദനയ്ക്കും അമ്മ റജിക്കുമൊക്കെ മദ്രാസ് മെഡിക്കൽ മിഷനിൽ മുൻപും ശസ്ത്രക്രിയകൾ ചെയ്തിട്ടുണ്ടെന്നതാണു കാരണം. 

ഹൃദയത്തിലെ ദ്വാരങ്ങളടയ്ക്കാനുള്ള ശസ്ത്രക്രിയയായിരുന്നു ഇരുവർക്കും ചെയ്തത്. അഭിനന്ദനയ്ക്ക് ഹൃദയമിടിപ്പ് കുറയുന്നതിനാൽ പേസ്മേക്കർ വേണമെന്ന് ഡോക്ടർമാർ നേരത്തെ പറഞ്ഞിരുന്നു. അതിനുള്ള ചികിത്സ തേടി ക്യാംപിലെത്താനിരിക്കുമ്പോഴാണ് ആശുപത്രിയിലെ ശുചീകരണ ജീവനക്കാരിയായ സൗമ്യ നെഞ്ചിടിപ്പു കുറഞ്ഞ്, തളർന്നു വീഴുന്നത്. അങ്ങനെ അമ്മയും മകളുടെയൊപ്പം ചികിത്സ തേടിയെത്തി. 

പരിശോധനയിൽ സൗമ്യയ്ക്കും ഹൃദയത്തിൽ ദ്വാരമുണ്ടെന്നു കണ്ടെത്തി. അഭിനന്ദനയുടെ ശസ്ത്രക്രിയയ്ക്ക് എത്തുമ്പോൾ തന്നെ ശസ്ത്രക്രിയയ്ക്ക് പരിഗണിക്കാമെന്ന് ഡോക്ടർമാർ സൗമ്യയ്ക്ക് ഉറപ്പു നൽകി. 

 

 

 

English Summary: Manorama heart checkup camp 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com