ADVERTISEMENT

മലപ്പുറം ∙ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്നു ഗവർണറെ മാറ്റുന്നതുൾപ്പെടെയുള്ള വിഷയങ്ങളിൽ കോൺഗ്രസിന്റേതിൽനിന്നു വ്യത്യസ്തമായ അഭിപ്രായവുമായി മുസ്‌ലിം ലീഗ്. ശശി തരൂരിന്റെ പര്യടനങ്ങളുമായി ബന്ധപ്പെട്ട കോൺഗ്രസിലെ അഭിപ്രായഭിന്നതകളിലും പാർട്ടിക്കു കടുത്ത അതൃപ്തി. നിയമസഭാ സമ്മേളനത്തിനു മുന്നോടിയായി ചേർന്ന ഉന്നത നേതാക്കളുടെയും എംഎൽഎമാരുടെയും യോഗത്തിലാണു കോൺഗ്രസിനെതിരായ വികാരമുയർന്നത്. സഭാ സമ്മേളനത്തിനു മുൻപ് എംഎൽഎമാരുടെ യോഗം വിളിക്കുന്നതു ലീഗിൽ അപൂർവമാണ്.

സർക്കാർ–ഗവർണർ ഏറ്റുമുട്ടലിൽ ആരിഫ് മുഹമ്മദ് ഖാനെ പൂർണമായി പിന്തുണയ്ക്കാനാവില്ലെന്നാണു ലീഗിന്റെ നിലപാട്. ഇന്നു രാവിലെ ചേരുന്ന യുഡിഎഫ് നിയമസഭാകക്ഷി യോഗത്തിൽ ഇതു വ്യക്തമാക്കും. സഭയിലെ ചർച്ചയിലും ഇതേ നിലപാടായിരിക്കും സ്വീകരിക്കുക. എന്നാൽ, വോട്ടെടുപ്പുണ്ടായാൽ യുഡിഎഫിന്റെ പൊതുനിലപാടിനൊപ്പം നിൽക്കും. ലീഗിനു സ്വന്തം അഭിപ്രായമുണ്ടെന്നും അതു യുഡിഎഫിൽ അറിയിക്കുമെന്നും യോഗത്തിനുശേഷം സാദിഖലി ശിഹാബ് തങ്ങളും പി.കെ.കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.

മന്ത്രി വി.അബ്ദുറഹിമാനെതിരെ  ഫാ.തിയഡോഷ്യസ് ഡിക്രൂസ് നടത്തിയ പരാമർശത്തിനെതിരെ യോഗത്തിൽ രൂക്ഷവിമർശനമുണ്ടായി. 

ശശി തരൂരിന്റെ ജില്ലാ പര്യടനങ്ങളുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ ഉടലെടുത്ത ആഭ്യന്തര തർക്കങ്ങൾ യുഡിഎഫിനെ ബാധിക്കുന്ന രീതിയിലേക്കു വളർന്നുവെന്നും ലീഗ് നേതൃത്വം കാഴ്ചക്കാരായിരിക്കാതെ ഇടപെടേണ്ട സമയമായെന്നും ചില എംഎൽഎമാർ തുറന്നടിച്ചു. എന്നാൽ, അത്തരം ചർച്ചകളുണ്ടായിട്ടില്ലെന്നും മറ്റു പാർട്ടികളുടെ ആഭ്യന്തര പ്രശ്നത്തിൽ ലീഗ് ഇടപെടില്ലെന്നുമാണ് ഔദ്യോഗിക വിശദീകരണം.

English Summary: Muslim League on Congress politics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com