ADVERTISEMENT

പാലാ / ഈരാറ്റുപേട്ട ∙ യൂത്ത് കോൺഗ്രസ് ക്ഷണിച്ചുവരുത്തി നടത്തിയ പരിപാടിയിൽ പങ്കെടുക്കുന്നത് എങ്ങനെ സംഘടനാവിരുദ്ധമാകുമെന്നു ശശി തരൂർ എംപിയുടെ ചോദ്യം. കെപിസിസി അച്ചടക്ക സമിതി അധ്യക്ഷൻ കൂടിയായ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയെ നേരിട്ടു കാണുമ്പോൾ ഇക്കാര്യം ചോദിക്കുമെന്നും തരൂർ പറഞ്ഞു. ചട്ടവിരുദ്ധമായി പ്രവർത്തിച്ചതു കൊണ്ടാണ് തരൂരിന്റെ പരിപാടിയിൽ പങ്കെടുക്കാത്തതെന്ന തിരുവഞ്ചൂരിന്റെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘വർഗീയ ഫാഷിസത്തിനെതിരെ ഇന്നിന്റെ കാവലാളാകുക’ എന്ന പേരിൽ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി ഈരാറ്റുപേട്ടയിൽ നടത്തിയ മഹാസമ്മേളനമാണ് വിവാദകേന്ദ്രമായത്. സന്ദർശനവിവരം കോട്ടയം ജില്ലാ കോൺഗ്രസ് കമ്മിറ്റിയെ അറിയിച്ചില്ലെന്നാരോപിച്ചു പ്രസിഡന്റ് നാട്ടകം സുരേഷ് പരിപാടികളിൽനിന്നു വിട്ടുനിന്നു. എന്നാൽ, സന്ദർശനം തന്റെ ഓഫിസ് ഡിസിസി പ്രസിഡന്റിനെ അറിയിച്ചിട്ടുണ്ടെന്നും ഇല്ലെന്ന് അദ്ദേഹം പറയുന്നതിന്റെ കാരണം പരിശോധിക്കേണ്ടതാണെന്നും തരൂർ വ്യക്തമാക്കി. സമ്മേളനത്തിന്റെ പ്രചാരണാർഥം മൂന്നാഴ്ച മുൻപു യൂത്ത് കോൺഗ്രസ് ഇറക്കിയ പോസ്റ്ററിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ചിത്രം ഉൾപ്പെടുത്താത്തതും വിവാദമായിരുന്നു. പാലായിൽ കെ.എം.ചാണ്ടി അനുസ്മരണച്ചടങ്ങിനു തരൂർ എത്തും മുൻപ് നാട്ടകം സുരേഷ് കെ.എം.ചാണ്ടി ഫൗണ്ടേഷൻ ഭാരവാഹികളെക്കണ്ട് ആശംസ അറിയിച്ചു മടങ്ങിയതും ചർച്ചയായി.

കോട്ടയം ഡിസിസിയും തരൂരും രണ്ടു തട്ടിലായതോടെ അതിൽ കക്ഷി ചേരാനില്ലെന്നു പ്രഖ്യാപിച്ചാണു തിരുവഞ്ചൂർ രാധാകൃഷ്ണൻ പിന്മാറിയത്.

 

English Summary: Shashi Tharoor attend youth congress programme 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com