പരിസ്ഥിതി ലോല മേഖല; ഏകദേശ പഠനം മാത്രം

buffer-zone
SHARE

തിരുവനന്തപുരം∙ പരിസ്ഥിതി ലോല വിഷയത്തിൽ ജനവാസമേഖലകൾ നിർണയിക്കാൻ ജസ്റ്റിസ് തോട്ടത്തിൽ ബി.രാധാകൃഷ്ണന്റെ നേതൃത്വത്തിൽ സർക്കാർ നിയോഗിച്ച അഞ്ചംഗ വിദഗ്ധ സമിതിയുടെ ഭൗതിക സ്ഥല പരിശോധന ഏകദേശ പഠനത്തിലൊ‍തുങ്ങും. സ്ഥലപരിശോധനയും വിവരശേഖരണവും ‘ആവശ്യ‍ത്തിനു’ മാത്രം മതിയെന്നു കഴിഞ്ഞ ദിവസം കൊച്ചിയിൽ ചേർന്ന സമിതി യോഗം തീരുമാനിച്ചു.

കുടുംബശ്രീയുടെ സഹകരണത്തോടെയുള്ള സ്ഥലപരിശോധനയ്ക്ക് കാലതാമ‍സമുണ്ടാകുമെന്നും ചെലവു കൂടുമെന്നും വിദഗ്ധസമിതി യോഗത്തിൽ തദ്ദേശവകുപ്പ് ചൂണ്ടിക്കാട്ടി. ഏകദേശ‍പഠനം മതിയെന്ന നിലപാടാണ് പരിസ്ഥിതി , വനം വകുപ്പുകളും സ്വീകരിച്ചത്. 115 പഞ്ചായത്തുകളിലാണ് ജനവാസമേഖല നിർണയി‍ക്കേണ്ടത്. അതതു മേഖലയുടെ പ്രത്യേകതകൾ കൂടി കണക്കിലെടുത്ത്, റവന്യു രേഖകളുടെ സഹായത്തോടെ പരിശോധന നടത്താനായിരുന്നു നേരത്തേ സമിതി നിശ്ചയിച്ചത്. വനാതിർത്തിയിൽ നിന്നു ജനവാസ, വാണിജ്യ മേഖലകളിലേക്കുള്ള ദൂരം പ്രത്യേകമായി പരിശോധിക്കേണ്ട‍തുമുണ്ട്. നേരിട്ടുളള സ്ഥലപരിശോധനയ്ക്കു മാസങ്ങൾ വേണ്ടി വരും. അതീവശ്രമക‍രവുമാണ്. അതിനാലാണ് ഏകദേശപഠനത്തിനുള്ള നീക്കം.

ജൂൺ 3 ലെ സുപ്രീംകോടതിയുടെ നിർദേശത്തെത്തുടർന്ന്, സംരക്ഷിത വനപ്രദേശങ്ങൾക്കു ചുറ്റുമുള്ള ഒരു കിലോമീറ്റർ പരിസ്ഥിതിലോല മേഖലയിൽ (ഇഎസ്‍സെഡ് / ബഫർസോൺ) ഉൾപ്പെടുന്ന ജനവാസമേഖല നിർ‍ണയിക്കാനാണ് സമിതിയെ നിയോഗിച്ചത്. സംസ്ഥാന റിമോട്ട് സെൻസിങ് ആൻഡ് എൻവയൺമെന്റ് സെന്ററിനെ ( കെഎസ്‍ആർഇസി ) സർക്കാർ നിയോഗിച്ചെങ്കിലും ഇവരുടെ ഉപഗ്രഹ സർവേയിൽ ജനവാസമേഖലകൾ കൃത്യമായി നിർണയിക്കാ‍ൻ കഴിഞ്ഞില്ല. സമിതിയുടെ അടുത്ത യോഗം ഈ മാസം 11 ന് കൊച്ചിയിൽ നടക്കും. അതേസമയം, സ്ഥലപരിശോധനയും വിവരശേഖരണവും ത്വരിതപ്പെടുത്താൻ നിർദേശിച്ചതായി മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു.

കെഎസ്‍ആർഇസി റിപ്പോർട്ട് 11ന് അകം

കെഎസ്‍ആർഇസി തയാറാക്കിയ റിപ്പോർട്ടിന്റെ സംക്ഷിപ്ത രൂപം ഈ മാസം 11 ‍ന‍് അകം സർക്കാർ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. പഞ്ചായത്ത് , വില്ലേജ് തല സർവേ നമ്പർ ഉൾപ്പെടെ നിർമി‍തികളുടെ വിവരം മാപ്പുകൾ സഹിതം പഞ്ചായത്തുകൾക്കു നൽകും. മാധ്യമങ്ങൾക്കും ലഭ്യമാക്കും.

ഈ റിപ്പോർട്ടിൽ , രേഖകളിൽ ഉൾപ്പെടാതെ പോയ നിർമിതികൾ ഉണ്ടെങ്കിൽ അവയുടെ വിശദാംശങ്ങൾ ഈ മാസം 23 ന‍് അകം eszexpertcommittee@gmail.com എന്ന ഇ–മെയി‍ലിലോ, ജോയിന്റ് സെക്രട്ടറി, വനം വന്യജീവി വകുപ്പ്, അഞ്ചാം നില, സെക്രട്ടേറിയറ്റ് അനെക്സ് (രണ്ട്) ബിൽഡിങ്, തിരുവനന്തപുരം 695001 എന്ന വിലാസത്തിലോ അറിയിക്കണം. ഇപ്രകാരം ലഭിക്കുന്ന വിവരങ്ങൾ ത‍ദ്ദേശ വകുപ്പ് കുടുംബശ്രീ മുഖേന പരിശോധിക്കും. അടുത്ത മാസം 14 ‍ന‍് അകം തുടർനടപടികൾക്കായി സമിതി മുൻപാകെ സമർപ്പിക്കും.

English Summary: ESZ study team Kerala

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാവർക്കും ഇഷ്ടപ്പെടും രുചിയിൽ ചില്ലി മഷ്റും

MORE VIDEOS