ചരിത്രമെഴുതി കേരള നിയമസഭയും സ്പീക്കറും; സഭ നിയന്ത്രിക്കാൻ വനിതാ അംഗങ്ങൾ

Mail This Article
തിരുവനന്തപുരം∙ ഈ സമ്മേളനത്തിൽ സ്പീക്കറുടെയും ഡപ്യൂട്ടി സ്പീക്കറുടെയും അസാന്നിധ്യത്തിൽ നിയമസഭ നിയന്ത്രിക്കുന്നതു 3 വനിതാ അംഗങ്ങൾ ആയിരിക്കും. സഭാധ്യക്ഷരുടെ മൂന്നംഗ പാനലിൽ വനിതകളെ മാത്രം നിശ്ചയിച്ചതു കേരള നിയമസഭയുടെ ചരിത്രത്തിൽ ഇതാദ്യമാണ്.
സ്പീക്കർ എന്ന നിലയിലുള്ള തന്റെ ആദ്യ നിയമസഭാ സമ്മേളനത്തിൽ എ.എൻ.ഷംസീറാണ് ഈ തീരുമാനമെടുത്തത്. ഷംസീറും പതിനഞ്ചാം നിയമസഭയുടെ ഏഴാം സമ്മേളനവും അതോടെ ചരിത്രത്തിന്റെ ഭാഗമായി.
ഭരണപക്ഷത്തു നിന്ന് യു.പ്രതിഭ (സിപിഎം), സി.കെ.ആശ (സിപിഐ), പ്രതിപക്ഷത്തു നിന്ന് കെ.കെ.രമ (ആർഎംപി) എന്നിവരാണു പാനലിൽ. കോൺഗ്രസ് അംഗമായ ഉമ തോമസ് ഉണ്ടായിരിക്കെയാണു യുഡിഎഫിനു പുറത്തു നിന്നുള്ള രമയെ പ്രതിപക്ഷം നിർദേശിച്ചതെന്ന പ്രത്യേകതയുമുണ്ട്.
മൂന്നു പേരടങ്ങുന്ന പാനലിൽ പരമാവധി ഒരു വനിതാ അംഗത്തിനാണു വല്ലപ്പോഴും അധ്യക്ഷ പാനലിൽ അവസരം കിട്ടാറുള്ളത്. 12 വനിതാ സാമാജികരുണ്ടായിട്ടും 15–ാം കേരള നിയമസഭയുടെ കഴിഞ്ഞ 6 സമ്മേളനത്തിലും ഈ പാനലിൽ ഒരു വനിതയെപ്പോലും ഉൾപ്പെടുത്തിയിരുന്നില്ല. ഒന്നാം കേരള നിയമസഭ മുതൽ ഇതുവരെ ആകെ 32 വനിതകൾക്കു മാത്രമാണു സ്പീക്കർ പാനലിൽ ഇടം കിട്ടിയിട്ടുള്ളത്.
ഭരണപക്ഷത്തു പത്തും പ്രതിപക്ഷത്തു രണ്ടും വനിതകളാണ് ഇപ്പോൾ നിയമസഭയിലുള്ളത്. 3 പേർ മന്ത്രിമാരാണ്.
English Summary: Kerala Assembly includes all-women speakers' panel