ADVERTISEMENT

ബാലരമയിലെ ‘തല മാറട്ടെ’ ചിത്രകഥ പോലെയായി ഒരു വേള നിയമസഭ. എ.എൻ.ഷംസീർ മുകളിൽ സ്പീക്കറുടെ കസേരയിൽ. താഴെ പ്രസംഗകനായി എം.ബി.രാജേഷ്. പഴയ സ്പീക്കറുടെ പ്രസംഗം അൽപം നീണ്ടപ്പോൾ പുതിയ സ്പീക്കർ ഇടപെട്ടു: മിനിസ്റ്റർ, പ്ലീസ്..സമയം..

അപ്പോൾ രാജേഷ്: വളരെ പ്രധാനപ്പെട്ട നോട്ടിസ് ആയതുകൊണ്ടാണ്.

വീണ്ടും സ്പീക്കർ: സാധാരണ നമുക്ക് ഒരു സമയം ഉണ്ടല്ലോ. അതുകൊണ്ടാണ്.

ഇടപെടുമ്പോൾ ഷംസീറിന്റെയും കേൾക്കുമ്പോൾ രാജേഷിന്റെയും മുഖത്തു കുസൃതി കലർന്ന ചിരി വിടർന്നു കൊണ്ടിരുന്നു. അതു സഭയിലാകെ ചിരിയുടെ അലകൾ ഉയർത്തി.

ചിരി, പക്ഷേ അൽപ സമയമേ ഉണ്ടായുള്ളൂ. തുടർന്നു സഭയ്ക്കു രൗദ്ര ഭാവമായി. പിൻവാതിൽ നിയമനങ്ങൾക്കെതിരെ  പി.സി.വിഷ്ണുനാഥ് കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന്റെ ചർച്ചയിൽ ഭരണ–പ്രതിപക്ഷങ്ങൾ ആവർത്തിച്ചു കോർത്തു. ഒടുവിൽ നടുത്തളത്തിൽ പ്രതിപക്ഷം മുദ്രാവാക്യങ്ങൾ മുഴക്കിത്തുടങ്ങിയതോടെ നടപടിക്രമങ്ങൾ മുന്നോട്ടു കൊണ്ടുപോകാനാവാത്ത സ്ഥിതി. സ്പീക്കർ എന്ന നിലയിൽ എ.എൻ.ഷംസീറിന്റെ ആദ്യദിനം പ്രതിപക്ഷ പ്രതിഷേധത്താൽ സംഘർഷ ഭരിതം.

എൽകെജി കുട്ടിയുടെ പിരിമുറുക്കമുണ്ടെന്നു മുൻകൂട്ടി പറഞ്ഞെങ്കിലും ആ സംഭ്രമം സ്പീക്കറിൽ കണ്ടില്ല. സ്പീക്കർമാരുടെ പതിവു ഗൗരവവും തോന്നിയില്ല. എപ്പോഴത്തെയും പോലെ വാചാലൻ. എഴുന്നേറ്റു നിന്നു ബഹളം വയ്ക്കാൻ നോക്കിയവരെ പേരെടുത്തു വിളിച്ചു തന്നെ നിയന്ത്രിച്ചു. സ്പീക്കർമാരുടെ അറ്റകൈ പ്രയോഗം.

പ്രതിപക്ഷത്തിന്റെ ആദ്യ ആവശ്യം, പക്ഷേ അംഗീകരിച്ചില്ല. ചോദ്യോത്തര വേളയിലെ തന്റെ ഏഴാമത്തെ ചോദ്യം ഒന്നാമത്തേതിനു സമാനമാണ് എന്നതിനാൽ ഒറ്റച്ചോദ്യമായി കണക്കാക്കി ഒന്നാമത് അവതരിപ്പിക്കാൻ അവസരം നൽകണമെന്ന മാത്യു കുഴൽനാടന്റെ ആവശ്യം സ്പീക്കർ തള്ളി. ഒപ്പം മാത്യുവിനെ പിണക്കാതെ ഉപചോദ്യം നൽകി. സഭയിലെ അടുത്ത ചങ്ങാതി കെ.ബി.ഗണേഷ് കുമാറിനെ പെട്ടെന്നു വിളിച്ചപ്പോൾ അദ്ദേഹം ഞെട്ടി. ചോദ്യം താൻ ആവശ്യപ്പെട്ടില്ലെന്നു ഗണേഷ് പറഞ്ഞപ്പോൾ അതിനുളള ബട്ടണിൽ അമർത്തിയെന്നായി സ്പീക്കർ. ഗണേഷിലെ നടന്റെ മനോധർമം ഉണർന്നു; ചോദ്യം റെഡി.

തിരുവനന്തപുരം കോർപറേഷനിലെ നിയമന വിവാദം മുതൽ റാങ്ക് ലിസ്റ്റ് കാലാവധി സമയം നീട്ടിക്കൊണ്ടുപോയി നിഷ ബാലകൃഷ്ണനു ജോലി നിഷേധിച്ചതു വരെ ഉയർത്തിയാണു വിഷ്ണുനാഥ് സർക്കാരിനെയും സിപിഎമ്മിനെയും പ്രതിരോധത്തിലാക്കാൻ ശ്രമിച്ചത്. മന്ത്രി എന്ന നിലയിൽ സഭയെ അഭിമുഖീകരിച്ച ആദ്യദിനം തന്നെ അടിയന്തര പ്രമേയത്തിനു മറുപടി നൽകേണ്ട വെല്ലുവിളിയായിരുന്നു എം.ബി.രാജേഷിന്. സിപിഎമ്മിന്റെ തൊഴിൽ റിക്രൂട്മെന്റിനെ വിഷ്ണുനാഥും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും തുറന്നു കാട്ടിയപ്പോൾ മന്ത്രിക്ക് അതെല്ലാം അർധസത്യങ്ങളും വ്യാജ പ്രതീതി സൃഷ്ടിക്കലും മാത്രം.

നടുത്തളത്തിലെ‍ പ്രതിഷേധക്കടലിൽ മറ്റൊരു വലിയ വിഷയം മുങ്ങിപ്പോയി–വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ടു കടകംപള്ളി സുരേന്ദ്രൻ അവതരിപ്പിച്ച ശ്രദ്ധ ക്ഷണിക്കലും മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ മറുപടിയും.

കഴിഞ്ഞ സഭാ സമ്മേളനത്തിനു ശേഷം അന്തരിച്ച മുൻ സാമാജികർക്കു സമ്മേളനത്തിന്റെ ആദ്യ ദിനം സഭ ചരമോപാചാരം അർപ്പിക്കാറുണ്ട്. ആ പട്ടികയിൽ കോടിയേരി ബാലകൃഷ്ണനും ഉൾപ്പെട്ടതു വേദനാജനകമാണെന്നു സഭയിലേക്കു പുറപ്പെടും മുൻപ് ഷംസീർ പറഞ്ഞിരുന്നു. തന്റെ രാഷ്ട്രീയ ഗുരുനാഥനു ദീർഘമായ പ്രണാമമാണു സ്പീക്കർ സഭയിൽ അർപ്പിച്ചത്.

സ്പീക്കറുടെയും ഡപ്യൂട്ടി സ്പീക്കറുടെയും അഭാവത്തിൽ സഭ നിയന്ത്രിക്കേണ്ട ചെയർമാൻമാരുടെ പാനലിൽ വനിതകളെ മാത്രം ഉൾപ്പെടുത്തി പുതിയ സ്പീക്കർ ചരിത്രം കുറിച്ചെങ്കിലും സഭ നേരത്തേ പിരിഞ്ഞതിനാൽ അവരിലാർക്കും ഇന്നലെ അധ്യക്ഷ പീഠത്തിലേക്കു കടന്നു വരാനായില്ല.

ഇന്നത്തെ വാചകം

രാവിലെ മുതൽ തുറന്നു വച്ച ഓഫിസിൽ വച്ച് ചെയ്യേണ്ടതു ചെയ്യാതെ പിഎസ്‌സി റാങ്ക് പട്ടികയുടെ കാലാവധി തീരുന്ന ദിവസം അർധരാത്രി 11.36ന് വകുപ്പു തലവന്റെ വീട്ടിൽ പോയി അനുമതി വാങ്ങി മെയിൽ അയച്ചു എന്നെല്ലാം മന്ത്രി വിശദീകരിക്കുന്നത് ആരു വിശ്വസിക്കാനാണ്? ഇതു സമരം ചെയ്ത നിഷ ബാലകൃഷ്ണനോടുള്ള പ്രതികാരം മാത്രമാണ്.

- പി.സി.വിഷ്ണുനാഥ്

English Summary: Kerala assembly meet discussions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com