കോഴിക്കോട് ബാങ്ക് തിരിമറി 21.6 കോടി

kozhikode-corporation
SHARE

കോഴിക്കോട് ∙ പഞ്ചാബ് നാഷനൽ ബാങ്ക് സീനിയർ മാനേജർ എം.പി.റിജിൽ കോഴിക്കോട് കോർപറേഷന്റേത് ഉൾപ്പെടെ 17 അക്കൗണ്ടുകളിലായി മൊത്തം  21.6 കോടിയുടെ തിരിമറി നടത്തിയെന്നു ബാങ്കിന്റെ ഓഡിറ്റ് റിപ്പോർട്ട്. ഇതിൽ 9 കോടിയോളം രൂപ കോർപറേഷന്റെ 2 അക്കൗണ്ടുകളിലും 3 വ്യക്തിഗത അക്കൗണ്ടുകളിലുമായി തിരികെ നിക്ഷേപിച്ചു. കോർപറേഷന്റെ 6 അക്കൗണ്ടുകളിൽനിന്നും 6 വ്യക്തികളുടെ അക്കൗണ്ടുകളിൽനിന്നുമായി 12.68 കോടി രൂപ നഷ്ടമായി. ഒരു വ്യക്തിക്കു മാത്രം 18 ലക്ഷം രൂപ പോയി. ജില്ലാ ക്രൈം ബ്രാഞ്ചിന് ഓഡിറ്റ് റിപ്പോർട്ട് കൈമാറി. 

ബാങ്കിന്റെ കോഴിക്കോട് ലിങ്ക് റോഡ് ശാഖയിലെ അക്കൗണ്ടുകളിൽ കഴിഞ്ഞ ഒന്നര വർഷത്തിനിടെയാണു തിരിമറി നടന്നത്. ഇവിടെ മാനേജരായിരുന്ന റിജിൽ ആറുമാസം മുൻപ് സീനിയർ മാനേജരായി നഗരത്തിലെ തന്നെ എരഞ്ഞിപ്പാലം ശാഖയിലേക്കു മാറി. തുടർന്നും ഇയാൾ ലിങ്ക് റോഡ് ശാഖയിലെ അക്കൗണ്ടുകളിൽ തിരിമറി നടത്തിയിട്ടുണ്ടെന്നു പൊലീസ് പറയുന്നു. ഒളിവിലുള്ള റിജിലിന്റെ മുൻകൂർ ജാമ്യഹർജി ജില്ലാ കോടതി ഇന്നു പരിഗണിക്കും. 

കോർപറേഷന്റെയും ബാങ്കിന്റെയും കണക്കുകളിൽ പൊരുത്തക്കേട് 

കോഴിക്കോട് ∙ അക്കൗണ്ടുകളിൽനിന്നു നഷ്ടമായെന്നു കോർപറേഷൻ പറയുന്ന തുകയും ബാങ്ക് ഓഡിറ്റിൽ കണ്ടെത്തിയ തുകയും തമ്മിൽ പൊരുത്തക്കേടുണ്ട്. 7 അക്കൗണ്ടുകളിൽനിന്നായി 15.24 കോടി രൂപ നഷ്ടമായെന്നാണ് കോർപറേഷൻ പറയുന്നത്. 

എന്നാൽ കോർപറേഷന്റെ 6 അക്കൗണ്ടുകളിൽനിന്നായി 12.4 കോടി രൂപ നഷ്ടമായെന്നാണ് ബാങ്കിന്റെ ഓഡിറ്റിൽ കണ്ടെത്തിയത്. മറ്റു രണ്ട് അക്കൗണ്ടുകളിൽനിന്നായി കോർപറേഷനു നഷ്ടമായ 2.3 കോടി രൂപ തിരികെ നിക്ഷേപിച്ചതായും പറയുന്നു. 

അക്കൗണ്ടുകളിൽനിന്നു കോടികൾ നഷ്ടമായിട്ടും മാസങ്ങളോളം ഇക്കാര്യം അറിയാതെപോയത് കോർപറേഷന്റെ ഭാഗത്തെ ഗുരുതര വീഴ്ചയാണ്. ബാങ്ക് അധികൃതർ പൊലീസിൽ പരാതി നൽകിയതോടെയാണ് കോർപറേഷനും രംഗത്തെത്തിയത്.  കോർപറേഷന്റെ കുടുംബശ്രീ അക്കൗണ്ടിൽനിന്നു മേയ്, ജൂൺ മാസങ്ങളിലായി 10.81 കോടി നഷ്ടമായിരുന്നു. എന്നാൽ ഒക്ടോബർ, നവംബർ മാസങ്ങളിലെ തട്ടിപ്പ് പുറത്തുവന്നപ്പോഴാണു മാസങ്ങൾക്കു മുൻപേ ഇത്രയും വലിയ തുക നഷ്ടമായിരുന്ന കാര്യം കോർപറേഷൻ അറിഞ്ഞത്.

English Summary: Kozhikode Punjab National Bank scam

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS