രാഷ്ട്രീയക്കൊല കേരളത്തിൽ കൂടുന്നില്ലെന്ന് മുഖ്യമന്ത്രി; സിൽവർലൈൻ ഉപേക്ഷിച്ചിട്ടില്ല

Pinarayi Vijayan | File Photo: Rahul R Pattom / Malayala Manorama
പിണറായി വിജയന്‍ (File Photo: Rahul R Pattom / Malayala Manorama)
SHARE

തിരുവനന്തപുരം ∙ കേരളത്തിൽ രാഷ്ട്രീയ കൊലപാതകങ്ങൾ വർധിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്തു 36 രാഷ്ട്രീയ കൊലപാതകങ്ങളും കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് 29 രാഷ്ട്രീയ കൊലപാതകങ്ങളും നടന്നു. എന്നാൽ ഈ സർക്കാരിന്റെ കാലത്ത് ഇതുവരെ 10 രാഷ്ട്രീയ കൊലപാതകങ്ങളാണു നടന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊലീസ് ഉദ്യോഗസ്ഥർ പ്രതികളായ 828 ക്രിമിനൽ കേസുകൾ 2016 ജൂൺ 1 മുതൽ ഇതുവരെ റജിസ്റ്റർ ചെയ്തതിൽ 637 പൊലീസുകാർക്കെതിരെ വകുപ്പുതല നടപടിയെടുത്തു. പൊലീസ് സേനയുടെ ആധുനികീകരണത്തിന് 2022–’23ൽ 152.87 കോടിയുടെ പദ്ധതികൾക്കു ഭരണാനുമതി നൽകി. ജില്ലാ പൊലീസ് ഓഫിസുകളിലും പൊലീസ് ആസ്ഥാനത്തും സിസിടിവി ക്യാമറ മോണിറ്ററിങ് സിസ്റ്റം അടുത്ത ഫെബ്രുവരിക്കകം നടപ്പാക്കും. സംസ്ഥാനത്താകെ പൊലീസ് 2064 നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചതിൽ 402 എണ്ണം പ്രവർത്തിക്കുന്നില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

സിൽവർലൈൻ ഉപേക്ഷിച്ചിട്ടില്ല

സിൽവർലൈൻ പദ്ധതിക്കു കേന്ദ്രാനുമതി ലഭിക്കുന്ന മുറയ്ക്കു തുടർനടപടിയുണ്ടാകും. പദ്ധതി നിർത്തിവയ്ക്കാൻ തീരുമാനിച്ചിട്ടില്ല. സമരം ചെയ്തവർക്കെതിരെ റജിസ്റ്റർ ചെയ്ത കേസുകളുടെ കണക്ക് ക്രോഡീകരിച്ചു സൂക്ഷിച്ചിട്ടില്ല. ഇത്തരം കേസുകൾ പിൻവലിക്കാൻ പൊതുതീരുമാനം എടുത്തിട്ടില്ല. തിരുവനന്തപുരത്തെ ഔട്ടർ റിങ് റോഡ് പദ്ധതി കേരളത്തിന്റെ പ്രധാന പദ്ധതിയായി മാറാൻ പോവുകയാണ്. റിങ് റോഡിന് ഇരുവശത്തും വികസന പദ്ധതികൾ വരും. ഇതിനായി ‘ലാൻഡ് പൂളിങ്’ നടപ്പാക്കും. പദ്ധതിയോടു കേന്ദ്രം നല്ല സഹകരണമാണ്. ഇടപ്പള്ളി–തൃശൂർ ദേശീയപാത 6 വരിയാക്കുന്നതിനു ശുപാർശയുണ്ട്. കൂടുതൽ സ്ഥലം ഏറ്റെടുക്കേണ്ടിവരില്ല. അസാധ്യമായതു പലതും ഒന്നിച്ചുനിന്നാൽ നേടാം. വികസന പദ്ധതി തയാറാക്കുമ്പോൾ കുറെ വർഷങ്ങൾ അപ്പുറം കണ്ടുള്ള ആസൂത്രണം വേണം.

പിണറായി വിജയൻ, മുഖ്യമന്ത്രി

English Summary: Pinarayi Vijayan on Silver Line

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.