ADVERTISEMENT

കൊല്ലം ∙ 1098 എന്ന നമ്പറിൽ സഹായം ആവശ്യപ്പെട്ട് വിളിക്കുന്ന കുട്ടികൾക്ക് ആശ്വാസമേകാൻ ഏതു നേരവും സന്നദ്ധരായിരുന്ന ചൈൽഡ്‌ലൈൻ പ്രവർത്തകർ കൊഴിഞ്ഞുപോകുന്നു. സാമ്പത്തിക പ്രതിസന്ധി മൂലം കഴിഞ്ഞ 5 മാസത്തിനിടെ ജോലി ഉപേക്ഷിച്ചത് ജില്ലാ കോഓർഡിനേറ്റർമാർ അടക്കം 91 പേർ. സംസ്ഥാനത്ത് നൂറുകണക്കിന് പോക്സോ കേസുകളിലെ പരാതിക്കാരും പ്രധാന സാക്ഷികളുമാണ് ഇവരെന്നതിനാൽ നിയമനടപടികൾ അട്ടിമറിക്കപ്പെടും എന്നതാണ് പ്രധാന പ്രതിസന്ധി. 

കേന്ദ്ര വനിതാ ശിശുവികസന വകുപ്പിന് കീഴിൽ നിന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലേക്ക് ചൈൽഡ്‌ലൈൻ മാറ്റാനുള്ള തീരുമാനത്തിന് പിന്നാലെയാണ് ഈ സാമ്പത്തിക വർഷം കേന്ദ്രഫണ്ട് നിലച്ചത്. ലക്ഷക്കണക്കിന് രൂപ കുടിശിക ലഭിക്കാനുള്ള എൻജിഒകളും സഹായം നൽകുന്നത് ഭാഗികമായി അവസാനിപ്പിച്ചു. സംസ്ഥാന സർക്കാർ ഇടപെടുമെന്ന പ്രതീക്ഷയിലാണ് ചൈൽഡ്‌ലൈൻ.

കാസർകോട് ജില്ലയിൽ ചൈൽഡ്‌ലൈൻ പ്രവർത്തനം പൂർണമായും അവസാനിച്ചു. ഇടുക്കിയിൽ 18 പേരും കോഴിക്കോട് 10 പേരും തൃശൂരിൽ 8 പേരും തിരുവനന്തപുരത്ത് 7 പേരും ജോലി അവസാനിപ്പിച്ചു. മറ്റു ജില്ലകളിലും സമാനമാണ് സ്ഥിതി. ഒരു ജില്ലയിൽ കുറഞ്ഞത് 12 പേരാണ് ജോലി ചെയ്തിരുന്നത്. 

പരാതിക്കാരായ കുട്ടികളുടെ സ്വകാര്യത സംരക്ഷിക്കണമെന്നതിനാൽ അന്വേഷണത്തിന്റെ ഭാഗമായുള്ള യാത്രകൾക്ക് അടക്കം പ്രത്യേക വാഹനം ഉണ്ടായേ തീരൂ. സ്വന്തം കയ്യിൽനിന്നു പണം മുടക്കിയാണ് ഇപ്പോൾ വാഹനങ്ങൾ ഉപയോഗിക്കുന്നത്. ഫീൽഡ് പ്രവർത്തനങ്ങൾ നിർത്തുന്നതോടെ സഹായം ആവശ്യപ്പെട്ടുള്ള വിളികൾ പൊലീസിനു കൈമാറുക എന്ന നടപടിയിലേക്ക് ചുരുങ്ങേണ്ടി വരും. അതിക്രമം അറിഞ്ഞ് ഇടപെടാതിരുന്നാലും പോക്സോ ആക്ട് പ്രകാരം കുറ്റകരമാണ്. ഇത്തരത്തിൽ ഫീൽഡിൽ പോകാൻ കഴിയാതിരുന്നതിന്റെ പേരിലും ഇപ്പോൾ ചൈൽഡ്‌ലൈൻ പ്രവർത്തകർക്ക് എതിരെ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് എല്ലാ ജില്ലയിലും പ്രതിമാസം ശരാശരി 15 പോക്സോ കേസുകൾ എങ്കിലും റിപ്പോർട്ട് ചെയ്യുന്നുണ്ട്.

English Summary: Childline staffs quit job

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com