ADVERTISEMENT

തിരുവനന്തപുരം ∙ വിഴിഞ്ഞം തുറമുഖ പ്രശ്നത്തിൽ സർക്കാരും സമരത്തിനു നേതൃത്വം നൽകുന്ന ലത്തീൻ അതിരൂപതയും കടുത്ത നിലപാടിൽനിന്ന് അയയുന്നതായി സൂചന. ചർച്ചകൾക്കായി നിയോഗിക്കപ്പെട്ട മന്ത്രിസഭാ ഉപസമിതി മുഖ്യമന്ത്രി പിണറായി വിജയനുമായി സമരസമിതിയുടെ ആവശ്യങ്ങൾ ചർച്ച ചെയ്തു. മന്ത്രിമാരായ കെ.രാജൻ, വി.ശിവൻകുട്ടി, ആന്റണി രാജു, വി.അബ്ദു‍റഹിമാൻ, അഹമ്മദ് ദേവർകോവിൽ എന്നിവരാണ് ഉപസമിതിയിലുള്ളത്. 

തുടർന്ന് സർക്കാരിന്റെ നിലപാട് ചീഫ് സെക്രട്ടറി വി.പി.ജോയ് ആർച്ച് ബിഷപ് ഡോ.തോമസ് ജെ.നെറ്റോയെ കണ്ടു വിശദീകരിച്ചു. സമരസമിതി ഇന്നു യോഗം ചേർന്നശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നു ജനറൽ കൺവീനർ മോൺ. യൂജിൻ എച്ച്.പെരേര അറിയിച്ചു.

സമരസമിതിയു‍ം മന്ത്രിസഭാ ഉപസമിതിയും ഇന്നു കൂടിയാലോചന നടത്തുമെന്നും ഒത്തുതീർപ്പിനുള്ള ധാരണയായാൽ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചർച്ച നടത്തി അക്കാര്യം പ്രഖ്യാപിക്കുമെന്നും അറിയുന്നു. 

സമരസമിതി ഉന്നയിച്ച ചില ആവശ്യങ്ങളിൽ വ്യക്തത വരാത്തതിനാലാണ് ചർച്ച ഇന്നും തുടരുന്നത്.

 

തർക്കവിഷയങ്ങൾ ഇവ

തീരശോഷണം പഠിക്കാൻ സമിതിയെ നിയോഗിക്കണമെന്ന സമരസമിതിയുടെ ആവശ്യം സംബന്ധിച്ചു തർക്കമുണ്ട്. മത്സ്യത്തൊഴിലാളികളെ സമിതിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യത്തിൽ സമിതി ഉറച്ചുനിൽക്കുന്നു. വീടു നഷ്ടപ്പെട്ടവ‍ർക്കുള്ള മാസ‍വാടക 5500 രൂപയിൽനിന്ന് 8000 ആക്കുക, സംഘർഷത്തിന്റെ പേരിലെടുത്ത കേസുകൾ പിൻവലിക്കുക എന്നീ ആവശ്യങ്ങളിലും വ്യക്തതയായിട്ടില്ല. വാടകത്തുക കൂട്ടാൻ കഴിയില്ലെന്നാണു സർക്കാർ നിലപാട്.

 

English Summary: Discussions to resolve Vizhinjam protest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com