ADVERTISEMENT

തിരുവനന്തപുരം∙ കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗം 11ന് എറണാകുളത്ത് ചേരും. രണ്ടാഴ്ച മുൻപു ചേരാനിരുന്ന യോഗം കെപിസിസി പ്രസിഡന്റിന്റെ അസൗകര്യത്തെത്തുടർന്നു മാറ്റിയിരുന്നു. 

പല വിഷയങ്ങളിലും ആശയവിനിമയവും പൊതുധാരണയും ആവശ്യമായി വന്നിട്ടും രാഷ്ട്രീയകാര്യ സമിതി യോഗം വിളിക്കാത്തതിൽ നേതാക്കളിൽ നല്ലൊരു വിഭാഗത്തിനും അതൃപ്തിയുണ്ടായിരുന്നു. ചർച്ച നടക്കാത്തതിലെ പരിഭവം ‘എ’ ഗ്രൂപ്പ് അറിയിക്കുകയും ചെയ്തു. വിഴിഞ്ഞം തുറമുഖ സമരം, ശശി തരൂർ വിവാദം, വിലക്കയറ്റം, സർവകലാശാലാ  വിവാദം തുടങ്ങിയവയൊന്നും കോൺഗ്രസ് ചർച്ച ചെയ്തിട്ടില്ല. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര സംഘടിപ്പിച്ച സമയത്തുപോലും രാഷ്ട്രീയകാര്യ സമിതി വിളിച്ചിരുന്നില്ല. 

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ തുടങ്ങിയ സാഹചര്യത്തിലാണു രാഷ്ട്രീയകാര്യസമിതി യോഗം ചേരുന്നത്. 20 മണ്ഡലത്തിലും നേതാക്കളെ ചുമതലപ്പെടുത്തിയിരുന്നു. തിരഞ്ഞെടുപ്പു പ്രവർത്തനത്തിനായി ഡിസംബറിൽ ബൂത്ത് കമ്മിറ്റികൾ രൂപീകരിക്കണമെന്നു തീരുമാനിച്ചിരിക്കുകയാണ്. 

എല്ലാ മാസവും രാഷ്ട്രീയകാര്യ സമിതി  യോഗം ചേരുമെന്ന പ്രഖ്യാപനം നേരത്തെയുണ്ടായിരുന്നു. എന്നാൽ അഞ്ചു മാസത്തെ ഇടവേളയ്ക്കു ശേഷമാണ് ഇപ്പോഴത്തെ യോഗം. പി.സി.ചാക്കോ, കെ.വി.തോമസ് എന്നിവർ പാർട്ടി വിട്ടതിന്റെയും വി.എം.സുധീരൻ രാജിവച്ചതിന്റെയും ഒഴിവുകൾ നികത്തിയിട്ടില്ല. പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാൻ കെ.സുധാകരൻ ഡൽഹിയിലാണ്. നിയമസഭ നടക്കുന്നതിനാൽ പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ളവർ തിരുവനന്തപുരത്തുമാണ്. എല്ലാവരുടെയും സൗകര്യം കണക്കിലെടുത്താണു യോഗം ഞായറാഴ്ച നിശ്ചയിച്ചത്. യോഗം തിരുവനന്തപുരത്തു ചേരുമെന്ന അറിയിപ്പാണ് ഉച്ചയ്ക്ക് എല്ലാ അംഗങ്ങൾക്കും ലഭിച്ചത്. എന്നാൽ എറണാകുളത്തേക്കു മാറ്റിയതായി വൈകിട്ട് വീണ്ടും അറിയിപ്പു ലഭിച്ചു.

English Summary: Congress political affairs committee meeting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com