ADVERTISEMENT

കട്ടപ്പന ∙ ഓട്ടോറിക്ഷയിൽ കാട്ടിറച്ചി കൊണ്ടുവച്ച് ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയെന്ന പരാതിയിൽ 13 വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ പൊലീസ് കേസെടുത്തു. കേസിൽ പ്രതിയായതോടെ ഉപ്പുതറ കണ്ണംപടി മുല്ല പുത്തൻപുരയ്ക്കൽ സരുൺ സജിക്കു (24) ലഭിക്കേണ്ട പിഎസ്‍സി ജോലി നഷ്ടപ്പെട്ടിരുന്നു. സരുണിനെ ജാതി പറഞ്ഞ് ആക്ഷേപിക്കുകയും മർദിക്കുകയും ചെയ്തെന്നുമുള്ള പരാതിയിൽ പട്ടികജാതി പീഡന നിരോധന നിയമപ്രകാരമാണ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തത്. 

ഇടുക്കി വൈൽഡ് ലൈഫ് മുൻ വാർഡൻ ബി.രാഹുൽ, ഫോറസ്റ്റർ അനിൽകുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ ലെനിൻ, ജിമ്മി, ഷിബിൻ ദാസ്, മഹേഷ്, ഷിജിരാജ്, വാച്ചർമാരായ മോഹനൻ, ജയകുമാർ, സന്തോഷ്, ഗോപാലകൃഷ്ണൻ, ഭാസ്‌കരൻ, ലീലാമണി എന്നിവരെ പ്രതികളാക്കിയാണ് ഉപ്പുതറ പൊലീസ് കേസെടുത്തത്. ഇതിൽ രാഹുലും അനിൽകുമാറും ഉൾപ്പെടെ 7 പേരെ സർവീസിൽ നിന്നു നേരത്തേ സസ്‌പെൻഡ് ചെയ്തിരുന്നു. 

സരുൺ ഓട്ടോറിക്ഷയിൽ കാട്ടിറച്ചി കടത്തിയെന്ന് ആരോപിച്ച് സെപ്റ്റംബർ 20നാണു വനംവകുപ്പ് കേസെടുത്തത്. മറ്റൊരു പുരയിടത്തിൽ നിന്ന് കണ്ടെത്തിയ കാട്ടിറച്ചി ഓട്ടോറിക്ഷയിൽ വച്ചു കള്ളക്കേസ് എടുക്കുകയായിരുന്നു.

വനപാലകർക്കെതിരെ കേസെടുത്ത് 15 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവർഗ   കമ്മിഷൻ ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടി. 

 

English Summary: Fake poaching case: case registered against forest officials

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com