വിഴിഞ്ഞത്ത് ഇരുപക്ഷവും ഒരേ വള്ളത്തിൽ

sabha-vizhinjam
വിഴിഞ്ഞം സമരത്തിൽ നിന്ന് (ഫയൽചിത്രം∙ മനോരമ), നിയമസഭ
SHARE

തീരത്തു തീ പാറുന്ന വിഴിഞ്ഞം സമരം നിയമസഭ ചർച്ചയ്ക്കെടുത്തപ്പോൾ അതേ ചൂടുണ്ടായില്ല. സമരം പോലെ ചർച്ച നീണ്ടുപോയതുമില്ല.

തുറമുഖ നിർമാണത്തോടുള്ള പ്രതിബദ്ധതയിൽ സർക്കാരും പ്രതിപക്ഷവും ഒന്നിച്ചു. അതു മാറ്റിനിർത്തിയാൽ, സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികൾക്കൊപ്പം തന്നെയാണ് തങ്ങളെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ വ്യക്തമാക്കിയത് വൈകാരികതയോടെയാണ്.

മത്സ്യത്തൊഴിലാളികളെ മുഖ്യമന്ത്രി തള്ളിപ്പറഞ്ഞില്ല. എന്നാൽ, ലത്തീൻ സഭയുടെ പൊതുനിലപാടിനു ചേരാത്ത നീക്കങ്ങൾക്കു പിന്നിൽ ബാഹ്യശക്തികളുണ്ടെന്ന് അദ്ദേഹം സംശയിക്കുന്നു.

പ്രമേയം അവതരിപ്പിച്ച എം.വിൻസന്റ് ഒടുവിൽ വോട്ടെടുപ്പ് ആവശ്യപ്പെടാത്തതും പ്രത്യേകതയായി. പുറത്തെ സമാധാനശ്രമങ്ങളെ തകിടം മറിക്കുന്ന സന്ദേശം നൽകാൻ ഭരണപക്ഷമോ പ്രതിപക്ഷമോ ആഗ്രഹിച്ചില്ല. എന്തുകൊണ്ട് ഒത്തുതീർപ്പു ചർച്ചയ്ക്കു മുഖ്യമന്ത്രി സന്നദ്ധനാകുന്നില്ലെന്ന ചോദ്യത്തിന്റെ മുന അദ്ദേഹം ഒടിച്ചു. സമരത്തിനു നേതൃത്വം കൊടുക്കുന്ന ഏറ്റവും ഉന്നതനായ വ്യക്തി ഉൾപ്പെടെയുള്ളവരുമായി ഒരു വട്ടം ചർച്ച നടത്തിയതാണെന്നു പിണറായി അറിയിച്ചു.

കേന്ദ്രസേനയുടെ സേവനം തേടി അദാനി ഗ്രൂപ്പ് ഹൈക്കോടതിയെ സമീപിച്ചപ്പോൾ ആ ആവശ്യം നേടിയെടുക്കാനുള്ള അന്തരീക്ഷം ഒരുക്കുകയാണ് ആർച്ച് ബിഷപ് ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്തു സർക്കാർ ചെയ്തതെന്നു പ്രതിപക്ഷനേതാവ് ആരോപിച്ചു. വിഴിഞ്ഞത്ത് സിമന്റ് ഗോഡൗണിൽ കഴിയേണ്ടിവരുന്ന കുടുംബങ്ങളുടെ കദനം വിവരിച്ചപ്പോൾ വി.ഡി.സതീശനും എം.വിൻസന്റും വികാരഭരിതരായി. ‘കരയുകയാണോ’ എന്ന പരിഹാസം വിൻസന്റിനു നേരെ ഭരണപക്ഷം ഉയർത്തിയത് പ്രതിപക്ഷത്തെ ദേഷ്യം പിടിപ്പിച്ചു.

കേരളത്തിൽ മത സാഹോദര്യം ഉറപ്പാക്കുന്നതിൽ മുസ്‌ലിം ലീഗിനുള്ള പങ്കിൽ പി.കെ.കുഞ്ഞാലിക്കുട്ടിയുടെ റോളാണ് അദ്ദേഹം തന്നെ വ്യക്തമാക്കിയത്.

ഇതുപോലെ തീരജനതയുടെ കണ്ണീരൊപ്പിയ സർക്കാർ ഉണ്ടായിട്ടില്ലെന്നു മുൻ ഫിഷറീസ് മന്ത്രി സജി ചെറിയാൻ പറഞ്ഞപ്പോൾ പ്രളയകാലത്ത് സജിയുടെ കണ്ണീരൊപ്പാ‍ൻ ഈ മത്സ്യത്തൊഴിലാളികൾ വേണ്ടിവന്നില്ലേയെന്നു കുഞ്ഞാലിക്കുട്ടി കുത്തി. കെ.സുധാകരൻ വിമോചന സമരനീക്കത്തിന് ഒരുങ്ങുകയാണെന്ന് ആരോപിച്ച വി.ജോയി 1959 ൽ കെപിസിസി പ്രസിഡന്റ് ആയിരുന്ന ആർ.ശങ്കറിന് ജവാഹർലാൽ നെഹ്റു എഴുതിയ കത്തു വരെ ഹാജരാക്കി.

അധ്യക്ഷ പാനലിൽ ഉൾപ്പെട്ട 3 വനിതകളിൽ ആദ്യത്തെ ഊഴം യു.പ്രതിഭയ്ക്കായി. ലോകകപ്പ് ഫുട്ബോളിലെ ജർമനി – കോസ്റ്ററിക്ക മത്സരം നിയന്ത്രിക്കാൻ 3 വനിതാ റഫറിമാരെ നിയോഗിച്ച ചരിത്ര നിമിഷമാണ് കെ.ബാബു (നെന്മാറ) അപ്പോൾ ഓർമിച്ചത്.

ഇന്നത്തെ വാചകം

നാലു മഞ്ഞക്കല്ലും കൊണ്ട് ജനങ്ങളുടെ തലയ്ക്കടിക്കുന്നതല്ല, വിഴിഞ്ഞം പോലെയുള്ള സ്വപ്ന പദ്ധതികൾ കൊണ്ടുവരുന്നതാണ് യുഡിഎഫിന്റെ വികസനപാത.

എം.വിൻസന്റ് 

English Summary: Kerala assembly discussion on Vizhinjam protest

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്നസെന്റ് ചെയ്യുന്നില്ലെന്ന് പറഞ്ഞ 'ലാസർ ഇളയപ്പൻ' | Friends Malayalam | Siddique Jayaram | Meena

MORE VIDEOS