ADVERTISEMENT

തിരുവനന്തപുരം ∙ കോവളത്ത് വിദേശവനിതയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയ സംഭവത്തിൽ പ്രത്യക്ഷ തെളിവുകൾ ലഭിക്കാഞ്ഞതിനെത്തുടർന്ന് പൊലീസിനു പിടിവള്ളിയായത് സാഹചര്യത്തെ​ളിവുകൾ. ലഹരിമരുന്നു നൽകിയുള്ള പീഡനം, കൊലപാതകം, തെളിവു നശിപ്പിക്കൽ എന്നിവയെല്ലാം ശാസ്ത്രീയമായി പൊലീസിനും പ്രോസിക്യൂഷനും തെളിയിക്കാനായി. 

കൊലപാതകം നടന്ന് 38 ദിവസം കഴിഞ്ഞാണ് മൃതദേഹം കണ്ടെത്തിയത്. മൃതശരീരം ജീർണിച്ചതിനാൽ പല സുപ്രധാന തെളിവുകളും നഷ്ടമായി. സംഭവത്തെക്കുറിച്ച് നാട്ടുകാർക്കും ഏറെയൊന്നും അറിവില്ലായിരുന്നു.  30 സാക്ഷികളെ കണ്ടെത്തി വിസ്തരിച്ചു. ഇതിൽ രണ്ടുപേർ കൂറുമാറി. കേസിലെ കെമിക്കൽ എക്സാമിനർ കൂറുമാറിയത് ഒരു ഘട്ടത്തിൽ തിരിച്ചടിയായെങ്കിലും ശാസ്ത്രീയമായ കണ്ടെത്തലുകളും നിഗമനങ്ങളും  തെളിവുകളായി.

 

സമാനതകളില്ലാത്ത പോരാട്ടം

 

കൊല്ലപ്പെട്ട യുവതിയുടെ സഹോദരി, കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനും പരമാവധി ശിക്ഷ നേടിക്കൊടുക്കാനും നടത്തിയത് സമാനതകളില്ലാത്ത പോരാട്ടം.ആയുർവേദ ചികിൽസയ്ക്കായി ഇരുവരും ഒരു സുഹൃത്തും ഒന്നിച്ചാണ് തിരുവനന്തപുരത്ത് എത്തുന്നത്. യുവതിയുടെ തിരോധാനത്തെ തുടർന്ന് സഹോദരിയും കാണാതായ യുവതിയുടെ ഭർത്താവും  കേരളം മുഴുവൻ അവരെ അന്വേഷിച്ച് അലഞ്ഞു.  നാടെങ്ങും യുവതിയുടെ പോസ്റ്ററുകൾ പതിച്ചു. 2 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചു. ഒട്ടേറെ പേർ പിൻതുടരുന്ന ‘മിസ്സിങ് ഇൻ കേരള’ എന്ന ഫെയ്സ് ബുക് പേജിൽ പല തവണ അവ  ദുഃഖവും പ്രതീക്ഷയും ഇട കലർന്ന വരികൾ കുറിച്ചിരുന്നു. ‘ഗോ ഫണ്ട് മീ ’ എന്ന ക്രൗഡ് സോഴ്സിങ് പ്ലാറ്റ്ഫോമിൽ യുവതിക്കായുള്ള തിരച്ചിലിന് ലോകമെങ്ങും നിന്ന് ധനസഹായം ലഭിച്ചിരുന്നു. പിന്നീടു മൃതദേഹം കിട്ടിയ ശേഷം തൈക്കാട് ശാന്തികവാടത്തിൽ സംസ്കാരം നടത്തി. ചിതാഭസ്മത്തിൽ ഒരു ഭാഗം ലാത്‍വാനിയൻ തലസ്ഥാനമായ റിഗയിലെ വീട്ടിലേക്കു കൊണ്ടുപോയി. ഒരു ഭാഗം വർക്കലയിൽ നിമജ്ജനം ചെയ്തു.  

 

പ്രതികളുടെ രോഷ പ്രകടനം 

വിദേശ വനിതയുടെ കൊലപാതക കേസിൽ ഇരട്ട ജീവപര്യന്തം വിധിച്ചയുടനെ പ്രതികൾ കോടതിമുറിയിൽ രോഷാകുലരായി. തങ്ങളെ ശിക്ഷിക്കരുതെന്ന് ഇരുവരും രോഷത്തോടെ ആവശ്യപ്പെട്ടു. കേസിൽ നുണ പരിശോധന നടത്താൻ തയാറാകണം. സംഭവ സ്ഥലത്ത് നിന്ന് ഒരു യോഗ പരിശീലകൻ ഓടിപ്പോയിരുന്നു. ഇയാൾ ദ്വിഭാഷിയാണ്. ഇയാളെക്കുറിച്ചും അന്വേഷിച്ചിട്ടില്ല തുടങ്ങിയ കാര്യങ്ങൾ ഇവർ ആവർത്തിക്കുകയും ചെയ്തു.  

 

പ്രതികളുടെ പിടിയിൽ 7 മണിക്കൂറോളം

 തിരുവനന്തപുരം ∙ കൊല്ലപ്പെടുന്നതിനു മുൻപായി വിദേശ യുവതിയെ നാലു തവണയാണ് പ്രതികൾ പീഡിപ്പിച്ചത്. 7 മണിക്കൂറോളം യുവതി തങ്ങളുടെ പിടിയിലായിരുന്നുവെന്നു പ്രതികൾ കുറ്റസമ്മതവും  നടത്തി. കോവളം ബീച്ചിൽ നിന്നു വാഴമുട്ടത്തെ കണ്ടൽക്കാടിനു തെല്ലകലെയുള്ള ക്ഷേത്ര ഓഡിറ്റോറിയം വരെ നടന്നെത്തിയ യുവതിയെ ടൂറിസ്റ്റ് ഗൈഡ് എന്ന വ്യാജേന ഉമേഷ് കെണിയിൽപ്പെടുത്തുകയായിരുന്നു. 

സുഹൃത്തായ ഉദയനുമൊത്ത് യുവതിക്കു ലഹരിമരുന്നു നൽകി കണ്ടൽക്കാടിനുള്ളിൽ എത്തിച്ച് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. 

വൈകിട്ട് ബോധം വീണ്ടെടുത്ത യുവതിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയും ചെയ്തു.  ആത്മഹത്യയെന്നു വരുത്തിത്തീർക്കാൻ മൃതദേഹം സമീപത്തുള്ള മരത്തിൽ കാട്ടുവള്ളി ഉപയോഗിച്ചു കെട്ടിത്തൂക്കി. 

ഉമേഷ് ലഹരിമരുന്ന്, അടിപിടി ഉൾപ്പെടെ 13 കേസുകളിലും ഉദയൻ ആറു കേസുകളിലും പ്രതിയായിരുന്നു. സ്ത്രീകളെയും ആൺകുട്ടികളെയും ഉൾപ്പെടെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയതായും പരാതികളുണ്ട്. ഇരുവരും വർഷങ്ങളായി ലഹരിമരുന്നിനും അടിമകളായിരുന്നു.

 

English Summary: Liga murder case investigation 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com