ADVERTISEMENT

മേപ്പാടി (വയനാട് )∙ ഗവ. പോളിടെക്നിക് കോളജിൽ യൂണിയൻ തിരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് 2 പേരെക്കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് അപർണാ ഗൗരിയെ ആക്രമിച്ച കേസിൽ പിണങ്ങോട് പാറപ്പുറം മുഹമ്മദ്‌ ഫർഹാൻ (20) , താമരശ്ശേരി കട്ടിപ്പാറ കല്ലുവീട്ടിൽ മുഹമ്മദ്‌ അസ്‌ലം (20) എന്നിവർ അറസ്റ്റിലായത്. ഫർഹാനെ ഞായർ രാത്രിയും അസ്‌ലമിനെ തിങ്കളാഴ്ചയുമാണ് പിടികൂടിയത്. ഇരുവരെയും റിമാൻഡ്‌ ചെയ്‌തു. ഇതോടെ കേസിൽ 6 പേർ അറസ്‌റ്റിലായി.

ഇതിനിടെ കോളജിലെ വിദ്യാർഥിയായ കോഴിക്കോട് വാല്യക്കോട് കീരിക്കണ്ടി അഭിനവിന് (19) വീടിനടുത്ത റോഡിൽ വച്ച് മർദനമേറ്റു.  റിമാൻഡിൽ കഴിയുന്ന  രണ്ടു വിദ്യാർഥികളുടെ വടകര വൈക്കിലശേരിയിലെ വീട്ടിൽ നിന്ന് ബൈക്ക് തള്ളിക്കൊണ്ടുപോയി റോഡിലിട്ടു കത്തിച്ചു. സംഭവത്തിനു പിന്നിൽ എസ്എഫ്ഐ ആണെന്നാണ് ആരോപണം. ജയിലിലുള്ളവർ പുറത്തിറങ്ങിയാൽ ജയിലിന്റെ മുറ്റം മുതൽ വീടിന്റെ വാതിൽക്കൽ വരെ അടിക്കുമെന്നും ഓരോ ബസ് സ്റ്റോപ്പിൽ നിന്നും അടിക്കുമെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.  7 സീറ്റിൽ 6 എണ്ണവും നേടി ‌കോളജിന്റെ ചരിത്രത്തിലാദ്യമായി യൂണിയൻ തിരഞ്ഞെടുപ്പിൽ യുഡിഎസ്എഫ് വിജയിച്ചതിനെ തുടർന്നായിരുന്നു രണ്ടാംതീയതി ഉച്ചയോടെ കോളജിൽ സംഘട്ടനമുണ്ടായത്. 

ട്രാബിയോക് എന്ന ലഹരിസംഘമാണ് അപർണ ഗൗരിയെ മർദിച്ചതെന്നും ഇവർക്ക് യുഡിഎസ്എഫ് പിന്തുണയുണ്ടെന്നുമാണ് എസ്എഫ്ഐ പറയുന്നത്. എന്നാൽ, എസ്എഫ്ഐയിൽനിന്നു പുറത്താക്കിയവരടങ്ങുന്ന സംഘമാണ് അപർണയെ മർദിച്ചതെന്നു  യുഡിഎസ്എഫ് പറയുന്നു.  

 

English Summary: Meppadi polytechnic college clash

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com