ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്തെ നദികളിൽ നിന്നു മണൽ വാരിയാൽ പിഴത്തുക 25,000 രൂപയിൽ നിന്ന് 5 ലക്ഷമാക്കി ഉയർത്തുന്ന കേരള നദീസംരക്ഷണവും മണൽവാരൽ നിയന്ത്രണവും (ഭേദഗതി) ബിൽ നിയമസഭ ചർച്ച ചെയ്ത് സബ്ജക്ട് കമ്മിറ്റിക്കു വിട്ടു. ചട്ടലംഘനം തുടരുന്ന ഓരോ ദിവസത്തിനും 1000 രൂപയായിരുന്ന അധിക പിഴ 50,000 ആയി വർധിപ്പിക്കും. കണ്ടുകെട്ടുന്ന മണലിന്റെ മതിപ്പുവില കലക്ടർക്കു നിശ്ചയിക്കാം. തുടർന്ന് ലേലം ചെയ്ത് സ്ഥാപനങ്ങൾക്കോ വ്യക്തികൾക്കോ നൽകാമെന്നും മന്ത്രി കെ.രാജൻ അവതരിപ്പിച്ച ബില്ലിലുണ്ട്. 

 

∙1964നും 2005നും ഇടയിൽ മിച്ചഭൂമി വിലയ്ക്കു വാങ്ങിയ വ്യക്തിക്ക് ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട ലാൻഡ് ട്രൈബ്യൂണലിന്റെ ഉത്തരവിനെതിരെ അപ്പീൽ നൽകാൻ വ്യവസ്ഥ ചെയ്യുന്ന 2021-ലെ കേരള ഭൂപരിഷ്കരണ (ഭേദഗതി) ബില്ലും സബ്ജക്ട് കമ്മിറ്റിക്കു വിട്ടു. 1964 ന് മുൻപ് കൈവശം വച്ചതോ അതിന് ശേഷം വിലയ്ക്ക് വാങ്ങിയതോ ആയ മിച്ചഭൂമിയുടെ (4 ഏക്കർ വരെ) ഉടമയെ കുടിയാനായി കണക്കാക്കി ക്രയസർട്ടിഫിക്കറ്റ് നൽകാൻ നേരത്തെ വ്യവസ്ഥ കൊണ്ടുവന്നിരുന്നു. എന്നാൽ, ഇതുസംബന്ധിച്ച് ലാൻഡ്  ട്രൈബ്യൂണൽ പുറപ്പെടുവിക്കുന്ന ഉത്തരവ് ചോദ്യം ചെയ്യാൻ നിലവിൽ വ്യവസ്ഥ ഉണ്ടായിരുന്നില്ല. മന്ത്രി കെ.രാജനാണ് ബിൽ അവതരിപ്പിച്ചത്. 

 

∙ ക്ഷേമനിധി ബോർഡുകളുടെ ജില്ലാ ഓഫിസുകൾ ജില്ലാ ആസ്ഥാനങ്ങളിൽ സ്ഥാപിക്കുന്ന കാര്യം പരിഗണിക്കുമെന്ന് കേരള അബ്കാരിത്തൊഴിലാളി ക്ഷേമനിധി(ഭേദഗതി) ബില്ലും കേരള മോട്ടർ ട്രാൻസ്പോർട്ട് തൊഴിലാളി ക്ഷേമനിധി(ഭേദഗതി) ബില്ലും അവതരിപ്പിച്ച് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ക്ഷേമനിധിയിലേക്ക് തൊഴിലാളികൾ അടയ്ക്കുന്ന അംശാദായം തൊഴിലാളിയുടെ പ്രതിമാസ വേതനത്തിന്റെ 10 ശതമാനത്തിൽ നിന്ന് 11.5 ശതമാനമായി ഉയർത്താനുള്ളതാണ് ഭേദഗതി. തൊഴിലുടമയുടെ വിഹിതം 10 ശതമാനമായി തുടരും. തൊഴിലുടമ ഗ്രാറ്റുവിറ്റിയായി അടയ്ക്കേണ്ട വിഹിതം തൊഴിലാളിയുടെ വേതനത്തിന്റെ 5 ശതമാനമെന്നത് 7 ആയി ഉയർത്താനും ഭേദഗതി നിർദേശിക്കുന്നു. 2 ബില്ലുകളും സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു.

 

 

English Summary: Penalty for sand mining from river 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com