ADVERTISEMENT

തിരുവനന്തപുരം ∙ നിയമസഭയിൽ വിഴിഞ്ഞം പ്രശ്നത്തിൽ അടിയന്തര പ്രമേയം ചർച്ചയ്ക്കെടുത്തപ്പോൾ, പദ്ധതി നിർത്തിവയ്ക്കേണ്ടതില്ലെന്നു സർക്കാരും പ്രതിപക്ഷവും യോജിച്ച നിലപാടെടുത്തു. മന്ത്രി വി.അബ്ദുറഹിമാനെതിരെ സമരസമിതി ഭാരവാഹികളിലൊരാൾ നടത്തിയ വർഗീയ പരാമർശത്തെയും ഇരുകൂട്ടരും തള്ളിപ്പറഞ്ഞു. എന്നാൽ മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങൾ പൂർണമായി നടപ്പാകുംവരെ സമരത്തിനു പിന്തുണ നൽകുമെന്നു പ്രതിപക്ഷം വ്യക്തമാക്കി.

രാവിലെ എം.വിൻസെന്റ് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയപ്പോൾ തന്നെ ചർച്ചയ്ക്കു സർക്കാർ സന്നദ്ധമാണെന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

പദ്ധതി ആരംഭിക്കുന്നതിനുമുൻപ് മത്സ്യത്തൊഴിലാളികൾ എതിർപ്പ് ഉന്നയിച്ചപ്പോൾ മണിക്കൂറുകളോളം ചർച്ചയ്ക്ക് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തയാറായെന്ന് വിൻസന്റ് ഓർമിപ്പിച്ചു. മികച്ച പുനരധിവാസ പാക്കേജ് അവതരിപ്പിച്ചപ്പോൾ പദ്ധതിയുമായി സഹകരിക്കുമെന്നു പ്രഖ്യാപിച്ചവരാണ് മത്സ്യത്തൊഴിലാളികൾ. 5000 കോടി രൂപയുടെ പദ്ധതിക്കെതിരെ അന്ന് 7000 കോടി രൂപയുടെ അഴിമതി ആരോപണം ഉന്നയിച്ചയാളാണ് പിണറായി. അദ്ദേഹം മുഖ്യമന്ത്രിയായ ഉടൻ അഴിമതി അന്വേഷിക്കാൻ ജുഡീഷ്യൽ കമ്മിഷനെ നിയോഗിച്ചെങ്കിലും ഒന്നും കണ്ടെത്തിയില്ലെന്നും വിൻസെന്റ് പറഞ്ഞു.

ഉമ്മൻ ചാണ്ടി സർക്കാർ പ്രഖ്യാപിച്ച 475 കോടി രൂപയുടെ പാക്കേജ് 7 വർഷമായിട്ടും നടപ്പാക്കാത്തതാണു സമരത്തിനു കാരണം. സിമന്റ് ഗോഡൗണിൽ നരകജീവിതം നയിക്കുന്നവർ പ്രതിഷേധിക്കുമ്പോൾ തീവ്രവാദികളെന്നും രാജ്യദ്രോഹികളെന്നും വിളിക്കുന്നതു മര്യാദയല്ലെന്നും കുറ്റപ്പെടുത്തി.

സമരക്കാരുമായി ചർച്ച നടത്തിയില്ലെന്ന പ്രചാരണം ശരിയല്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. ലത്തീൻ സഭയിലെ അത്യുന്നതനുമായി താൻ സംസാരിച്ച വിവരം പുറത്തു പറഞ്ഞില്ലെന്നേയുള്ളു. പദ്ധതിയിൽനിന്നു പിന്മാറാനാകില്ലെന്ന് ആ ചർച്ചകളിൽ താൻ പറഞ്ഞിരുന്നു. എങ്കിൽ തുറമുഖ നിർമാണമാണോ തീരശോഷണത്തിനു കാരണമെന്നു കണ്ടെത്താൻ പഠനം നടത്തണമെന്ന് ആവശ്യപ്പെട്ടു. തുറമുഖ നിർമാണവും തീരശോഷണവും തമ്മിൽ ബന്ധമില്ലെന്നു പല പഠനങ്ങളിലും വ്യക്തമായിട്ടുണ്ട്. എങ്കിലും സഭാ മേലധികാരികളുടെ ആവശ്യമല്ലേയെന്ന പരിഗണനയിൽ വീണ്ടും പഠന നടത്താമെന്ന് ഉറപ്പുനൽകി. രമ്യമായ രീതിയിൽ കാര്യങ്ങൾ മുന്നോട്ടുപോകുന്നതിനിടെയാണ് അനിഷ്ടസംഭവങ്ങളുണ്ടായത്. അപ്പോഴാണ് പദ്ധതി തകിടംമറിക്കാൻ ബാഹ്യശക്തികളുടെ ഇടപെടലുണ്ടോയെന്ന സംശയം ഉയർന്നതെന്നും അദ്ദേഹം പറഞ്ഞു.

 

 

English Summary: UDF and LDF on Vizhinjam protest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com