രാജ്ഭവനെ വിട്ടു; ആർഎസ്എസിനെ പിടിച്ചു

Kerala-Legislative-Assembly
ഫയൽചിത്രം.
SHARE

സർവകലാശാലാ ഭേദഗതി ബിൽ എന്ന കാഞ്ചി പിണറായി സർക്കാർ വലിച്ചതു രാജ്ഭവൻ ലക്ഷ്യമിട്ടാണ്; പക്ഷേ സഭയിൽ പറഞ്ഞ ഉന്നം ആർഎസ്എസ് എന്നായിരുന്നു. അതുകൊണ്ടു പ്രതിപക്ഷത്തിനും കുതറിമാറാൻ കഴിഞ്ഞില്ല. ചാൻസലർ സ്ഥാനത്തുനിന്നു ഗവർണറെ നീക്കുന്നതിൽ അവരും ഒരു കൈ കൊടുത്തു. പകരം ആര് എന്ന അടുത്ത പോയിന്റിൽ പിടി കൊടുത്തില്ല. വിവാദ ബില്ലിൽ പ്രതിപക്ഷത്തിന്റെ ഭാഗിക പിന്തുണ ഭരണപക്ഷത്തിന് ഊർജമായി.

ഗവർണർ ആരിഫ് മുഹമ്മദ് ഖാന് എതിരെയുളള ആക്രോശങ്ങളാൽ നിറയും സഭ എന്ന് കരുതിയവർ നിരാശരായിട്ടുണ്ടാകും. ഗവർണർക്ക് അർഹിക്കുന്ന ബഹുമാനം ഇന്നും എന്നും ഉണ്ടാകുമെന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സജി ചെറിയാൻ പ്രഖ്യാപിച്ചു. പിന്നാലെ സിപിഐയുടെ മുഹമ്മദ് മുഹസിൻ എൽഡിഎഫ് നിയമസഭാ കക്ഷിയുടെ നയം പരസ്യമാക്കി: ‘ഗവർണറെ വ്യക്തിപരമായി വിമർശിക്കാനില്ല.’

ചർച്ച തുടങ്ങിയ കെ.കെ.ശൈലജയുടെ വാക്കുകൾ ഭരണപക്ഷ തന്ത്രം ദ്യോതിപ്പിച്ചു; ആർഎസ്എസിന്റെ ഉപകരണമായി ഗവർണർമാർ മാറുമ്പോൾ അതിനെ ചെറുക്കുക മാത്രമാണു ലക്ഷ്യം.

മന്ത്രി പി.രാജീവും പ്രതിപക്ഷനേതാവ് വി.ഡി.സതീശനും നേർക്കുനേർ വരുമ്പോൾ വാദമുഖങ്ങളാൽ സഭ തിളയ്ക്കും. ഭരണഘടനയും കോടതി വിധിയും നിയമങ്ങളും എടുത്തു പ്രയോഗിക്കുന്നതിൽ ഇരുവരും സമർഥർ. എ.പി.അനിൽകുമാറിന്റെ വാക്കുകളിൽ മന്ത്രി രാജീവിന്റേത് ‘സാമർഥ്യത്തിന്റെ ദുരുപയോഗം’.

ബിൽ അവതരണത്തിനു സ്പീക്കർ അനുമതി കൊടുത്ത പാടേ സതീശനും രമേശ് ചെന്നിത്തലയും പി.സി.വിഷ്ണുനാഥും മാത്യു കുഴൽനാടനും ടി.സിദിഖും തടസ്സവാദങ്ങളുമായി രംഗത്തെത്തി. രാഷ്ട്രീയം പാടില്ലെന്ന മറുവാദവുമായി എഴുന്നേറ്റത് മുൻ സ്പീക്കർ എം.ബി.രാജേഷ്. സ്പീക്കർ പറയുന്നതു കേൾക്കാം, മുൻ സ്പീക്കറുടെ റൂളിങ് കൂടി പറ്റില്ലെന്നു സതീശന്റെ തിരിച്ചടി. എച്ച്.സലാമിന്റെ തടസ്സപ്പെടുത്തലുകൾ വർധിച്ചപ്പോൾ ‘ഏറെ ബഹുമാനിച്ച മുൻ അമ്പലപ്പുഴ അംഗത്തിന് (ജി.സുധാകരൻ) പകരം വന്ന ആളെയോർത്ത് സഹതാപമുണ്ട്’ എന്നു പ്രതിപക്ഷനേതാവ് നോവിച്ചു.

ലോക്കൽ സെക്രട്ടറിയെ വിസി ആക്കുമെന്നു പരിഹസിക്കുന്നവർ മല്ലിക സാരാഭായിയെ കലാമണ്ഡലം വൈസ് ചാൻസലറാക്കിയതു കണ്ടില്ലേയെന്ന് ചോദിച്ചു പ്രതിപക്ഷത്തെ പ്രതിരോധിച്ചതു രാജീവ് മാത്രമല്ല. സിപിഎം പൊളിറ്റ്ബ്യൂറോ അംഗം സുഭാഷിണി അലിയുടെ ബന്ധുവാണ് മല്ലിക എന്നതു കണ്ടുപിടിച്ച് അടുത്ത ആരോപണവുമായി വരുമോയെന്ന ‘ട്രോൾ’ രാജീവിൽ നിന്നുണ്ടായി.

ഗവർണറോട് മുസ്‌ലിം ലീഗിനു യോജിപ്പില്ലെങ്കിലും അതിന്റെ മറവിൽ ഇഷ്ടക്കാരെ നിയമിക്കാനുള്ള സിപിഎം നീക്കം അംഗീകരിക്കില്ലെന്നു പി.അബ്ദുൽ ഹമീദ് വ്യക്തമാക്കി.

എന്നാൽ, പ്രതിപക്ഷത്തെ പ്രമുഖർ തന്നെ പ്രസംഗിച്ചിട്ടും ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ നീക്കുന്ന കാര്യത്തിലെ നിലപാട് മനസ്സിലായില്ലെന്ന കൗശലം മന്ത്രി രാജീവ് പ്രയോഗിച്ചു. നീക്കുന്നതിൽ എതിർപ്പില്ലെന്നും പക്ഷേ പകരം ഇഷ്ടക്കാരെ വയ്ക്കാൻ സഹായകരമായ ബില്ലിലെ വ്യവസ്ഥയിൽ വിയോജിപ്പുണ്ടെന്നും പ്രതിപക്ഷനേതാവ് മറുപടി നൽകി. പോരു മൂത്തപ്പോൾ സഭയെ അതിശയിപ്പിച്ച് സ്പീക്കർ എ.എൻ.ഷംസീർ പൊട്ടിത്തെറിച്ചു:

‘ നിങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും നോക്കി പറഞ്ഞുകൊണ്ടിരിക്കാൻ ആണെങ്കിൽ ഞാൻ എന്തിനാണ് ഇവിടെ ഇരിക്കുന്നത്. എന്റെ സമയം എന്തിനാണ് പാഴാക്കുന്നത്?’. അൽപം കടന്നു പോയെന്നു തോന്നിയ ഷംസീർ തണുപ്പിച്ചു. ‘അല്ല, സഭ അനുശാസിക്കുന്നതു പോലെ ഞാൻ ആറര വർഷവും പ്രസംഗിച്ചതു പരമാവധി ചെയറിനെ നോക്കി തന്നെയായിരുന്നു’. ഇന്നലെ പിരിമുറുക്കം ഒഴിഞ്ഞ ഒരു നിമിഷം.

ഇന്നത്തെ വാചകം

വൈസ് ചാൻസലർമാരെ നിയമിക്കാൻ യോഗ്യത നോക്കാത്തവർ ഇനി ചാൻസലറെ യോഗ്യത നോക്കിത്തന്നെ നിയമിക്കുമെന്ന് ആർക്ക് എങ്ങനെ വിശ്വസിക്കാൻ കഴിയും?

എ.പി.അനിൽകുമാർ

English Summary: University Laws (Amendment) Bill Kerala

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്റെ ശവത്തിൽ ചവിട്ടിയിട്ട് നീ സീരിയസ് റോൾ ചെയ്താൽ മതി

MORE VIDEOS