ADVERTISEMENT

തിരുവനന്തപുരം ∙ വിഴിഞ്ഞം തുറമുഖ നിർമാണത്തിനെതിരെ ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ 140 ദിവസമായി നടത്തിവന്ന സമരം മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചർച്ചയെത്തുടർന്ന് ഒത്തുതീർന്നു. ഈ വിഷയത്തിലെ കേസ് ഹൈക്കോടതി ഇന്നു പരിഗണിക്കാനിരിക്കുകയാണ്. 

ഉന്നയിച്ച ആവശ്യങ്ങളിൽ ഭാഗിക പരിഹാരം മാത്രമാണ് ഉണ്ടായതെന്നും സമരം തൽക്കാലത്തേക്കു പിൻവലിക്കുകയാണെന്നും പൂർണ തൃപ്തിയില്ലെന്നും സമരസമിതി ജനറൽ കൺവീനർ മോൺ.യൂജിൻ എച്ച്.പെരേര അറിയിച്ചു. സമരം അവസാനിപ്പിക്കാൻ വിട്ടുവീഴ്ച ചെയ്തെന്നും അദ്ദേഹം പറഞ്ഞു. തുറമുഖ നിർമാണം നിർത്തിവയ്ക്കില്ലെന്നു സമരസമിതി പ്രതിനിധികളോട് സർക്കാർ ആവർത്തിച്ചു വ്യക്തമാക്കി. നിർമാണ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തില്ലെന്നു സമരസമിതിയും വ്യക്തമാക്കി. 

സർക്കാർ അറിയിച്ചാൽ ഇന്നു തന്നെ നിർമാണം പുനരാരംഭിക്കുമെന്നും അതിനായി നിർമാണ സാമഗ്രികൾ എത്തിക്കുമെന്നും വിഴിഞ്ഞം തുറമുഖ നിർമാണക്കമ്പനിയായ അദാനി ഗ്രൂപ്പ് അറിയിച്ചു. 

ഇന്നലെ വൈകിട്ട് ആറിന് മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ ചീഫ് സെക്രട്ടറി വി.പി.ജോയി, സമരസമിതി പ്രതിനിധികളുമായി ചർച്ച നടത്തി. തുടർന്ന് മന്ത്രിസഭാ ഉപസമിതി അവരെ കണ്ടു. 

മന്ത്രിമാരായ വി.ശിവൻകുട്ടി, ആന്റണി രാജു, അഹമ്മദ് ദേവർകോവിൽ, വി.അബ്ദുറഹ്മാൻ, പി.പ്രസാദ് എന്നിവരാണു ചർച്ചയിൽ പങ്കെടുത്തത്. മന്ത്രിമാർ മുഖ്യമന്ത്രിയെ കണ്ടു വിവരം അറിയിച്ചതിനെത്തുടർന്ന് അദ്ദേഹം കോൺഫറൻസ് ഹാളിൽ എത്തി സമരസമിതി പ്രതിനിധികളുമായി 15 മിനിറ്റ് ചർച്ച നടത്തി. തുടർന്നാണു സമരം പിൻവലിക്കുന്നതായി അവർ അറിയിച്ചത്. 

boat-fishing

 

140 സമരദിനങ്ങൾ

ജൂലൈ 20 ന് സെക്രട്ടേറ്റിനു മുന്നിലാണ് സമരം തുടങ്ങിയത്. ഓഗസ്റ്റ് 16ന് സമരമുഖം തുറമുഖ നിർമാണ കവാടത്തിലേക്കു മാറ്റി. നവംബർ 26ന് തുറമുഖ നിർമാണത്തെ എതിർക്കുന്നവരും അന‍ുക‍ൂലിക്കുന്നവരും തമ്മിലുള്ള സംഘർഷം കയ്യാങ്കളിയിലും കല്ലേറിലുമെത്തി. ഇതിന്റെ പേരിൽ ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ.തോമസ് ജെ. നെറ്റോയെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു. ഇതിനെതിരെയുള്ള പ്രതിഷേധം 27ന് വൻ സംഘർഷമായി; പൊലീസ് സ്റ്റേഷൻ ആക്രമിക്കപ്പെട്ടു. ഡിസംബർ 3ന് അനുരഞ്ജന ചർച്ചകൾ തുടങ്ങി. 140–ാം ദിവസം സമരം പിൻവലിച്ചു. 

 

 

വിഴിഞ്ഞത്ത് സർക്കാർ നൽകിയ ഉറപ്പുകൾ

 

∙ മത്സ്യത്തൊഴിലാളികൾക്ക് 635 ചതുരശ്ര അടി വിസ്തൃതിയിൽ വീട്. വിസ്തീർണം സംബന്ധിച്ച് കൂടുതൽ ചർച്ച നടത്തും. 

∙ ഓരോ ഫ്ലാറ്റിലും ആവശ്യത്തിനു സ്ഥലവും സൗകര്യവും ഉറപ്പാക്കും

∙ ഒന്നര വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കും.

∙ രണ്ടു മാസത്തെ വാടക മുൻകൂറായി നൽകും.

∙ പുനരധിവാസ പ്രവർത്തനങ്ങൾക്കു ചീഫ് സെക്രട്ടറി മേൽനോട്ടം വഹിക്കും. 

∙ വലയും മറ്റു ഉപകരണങ്ങളും സൂക്ഷിക്കാൻ പൊതുവായി സ്ഥലം ഒരുക്കും. 

∙ നിലവിലുള്ള മണ്ണെണ്ണ എൻജിനുകൾ ഉടൻ പെട്രോൾ – ഡീസൽ–ഗ്യാസ് എൻജിനുകളാക്കും. ഇതിനായി ഒറ്റത്തവണ സബ്സിഡി നൽകും.

 

 

 

English Summary: Vizhinjam: Protesters call off stir against Adani port project 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com