കണക്കിൽ പൊരുത്തമില്ല; സപ്ലൈകോയുടെ 221 കോടി വീണ്ടും തടഞ്ഞ് കേന്ദ്രം

trivandrum-supplyco
ഫയൽചിത്രം.
SHARE

കൊച്ചി∙ കണക്കിലെ പൊരുത്തക്കേടിന്റെ പേരിൽ കേന്ദ്രം തടഞ്ഞുവച്ച 220.92 കോടി സപ്ലൈകോയ്ക്ക് ഉടൻ കിട്ടില്ല. പിഴവ് തിരുത്തി കഴിഞ്ഞ മാസം സംസ്ഥാന പൊതുവിതരണ വകുപ്പ് നൽകിയ റിപ്പോർട്ടിൽ വീണ്ടും പൊരുത്തക്കേട് ചൂണ്ടിക്കാട്ടി കേന്ദ്രം കത്തയച്ചതോടെ സപ്ലൈകോ കൂടുതൽ പ്രതിസന്ധിയിലായി. 

കേന്ദ്രത്തിന്റെ അന്നവിതരൺ പോർട്ടലിലെ കണക്കും സംസ്ഥാന പൊതുവിതരണ വകുപ്പ് നൽകിയ കണക്കും തമ്മിലെ പൊരുത്തക്കേടിന്റെ പേരിലാണു കേന്ദ്രം ഫണ്ട് തടഞ്ഞത്. കണക്കിലെ പിഴവു ചൂണ്ടിക്കാട്ടി തടഞ്ഞുവച്ച 2019–20 കാലത്തെ 220.92 കോടി രൂപയും 2020–21 അവസാന പാദത്തിലെ (ജനുവരി– മാർച്ച്) 305 കോടി രൂപയുമടക്കം 525.92 കോടി രൂപയ്ക്കുള്ള അപേക്ഷ പിഴവുകൾ പരിഹരിച്ചു സെപ്റ്റംബറിൽ കേന്ദ്രസർക്കാരിനു സമർപ്പിച്ചിരുന്നു. ഇതിൽ 305 കോടി രൂപയുടെ കണക്ക് അംഗീകരിച്ചെങ്കിലും 2019–20 കാലത്തെ കണക്കിലാണു കേന്ദ്രം വീണ്ടും ഉടക്കിടുന്നത്. 

റേഷൻ കട വഴി വിതരണം ചെയ്ത അരിയുടെ കണക്കുമായി താരതമ്യം ചെയ്താണു കേന്ദ്രം നെല്ല് സംഭരണത്തിന്റെ ഫണ്ട് സംസ്ഥാനത്തിനു നൽകുന്നത്. റേഷൻ കടകളിൽ നിന്ന് ഇ പോസ് യന്ത്രം വഴി വിതരണം ചെയ്യുന്ന അരിയുടെ കൃത്യമായ ഡേറ്റ അപ്പപ്പോൾ കേന്ദ്രത്തിന്റെ അന്ന വിതരൺ പോർട്ടലിൽ എത്തുന്നുണ്ട്. വിതരണം ചെയ്ത അരി സംബന്ധിച്ചു പൊതുവിതരണ വകുപ്പ് കമ്മിഷണർ മൂന്നു മാസം കൂടുമ്പോൾ നൽകുന്ന കണക്ക് പോർട്ടലിലെ കണക്കുമായി ഒത്തുപോകാതെ വരുമ്പോഴാണു കേന്ദ്രം ഫണ്ട് തടഞ്ഞു വയ്ക്കുന്നത്. 

നെല്ല് സംഭരണം, കർഷകർക്കു നൽകുന്ന വിഹിതം, ഉൽപാദിപ്പിക്കുന്ന അരിയുടെ കണക്ക്, വിതരണം ചെയ്യാനായി പൊതുവിതരണ വകുപ്പിനു കൈമാറിയ അരിയുടെ കണക്ക് തുടങ്ങിയവ കൃത്യമായി സപ്ലൈകോ നൽകുന്നുണ്ട്. എന്നാൽ, റേഷൻ കട വഴി വിതരണം ചെയ്യുന്ന ധാന്യങ്ങളുടെ കണക്ക് പൊതുവിതരണ കമ്മിഷണറുടെ പരിധിയിലാണ്. ഈ കണക്കിലെ പിഴവു പരിഹരിക്കുന്നതിൽ സംഭവിക്കുന്ന വീഴ്ചയാണു വീണ്ടും കേന്ദ്രം കത്ത് അയയ്ക്കുന്നതിലേക്ക് എത്തിച്ചത്.

English Summary: Central government blocked Supplyco fund

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS