ADVERTISEMENT

കൊച്ചി ∙ കേരള സർവകലാശാലയിലെ വൈസ് ചാൻസലറെ കണ്ടെത്താനുള്ള സേർച് കമ്മിറ്റിയിലേക്ക് സെനറ്റിന്റെ നോമിനിയെ ഒരു മാസത്തിനകം നൽകണമെന്നു ഹൈക്കോടതി സർവകലാശാലയ്ക്കു നിർദേശം നൽകി. ഈ സമയപരിധിയിൽ നോമിനിയെ നൽകിയില്ലെങ്കിൽ യുജിസി ചട്ടവും കേരള സർവകലാശാല നിയമവും അനുസരിച്ചു ചാൻസലർക്കു നടപടിയെടുക്കാം.

സെനറ്റ് നോമിനിയെ നൽകിയാൽ ആ വ്യക്തിയെ ഉൾപ്പെടുത്തി കമ്മിറ്റി രൂപീകരിക്കണമെന്നും സമയപരിധി നിശ്ചയിച്ച് എത്രയും വേഗം വൈസ് ചാൻസലറെ തിരഞ്ഞെടുക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു. കമ്മിറ്റിയിലേക്കുള്ള നോമിനിയെ നൽകുന്നില്ലെങ്കിൽ സെനറ്റ് പിരിച്ചുവിടാൻ ചാൻസലറോടു നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടു സെനറ്റ് അംഗമായ എസ് ജയറാം നൽകിയ ഹർജിയിലാണു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ വിധി. 

നിലവിൽ രൂപീകരിച്ചിട്ടുള്ള രണ്ടംഗ സേർച് കമ്മിറ്റിയോടു വിസി നിയമനത്തിനു നടപടിയെടുക്കാൻ നിർദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യങ്ങൾ ഇപ്പോൾ അംഗീകരിക്കുന്നില്ലെന്നും സെനറ്റ് അംഗങ്ങൾ മനഃപൂർവം നിയമവിരുദ്ധമായി പെരുമാറിയെന്നു തീർത്തു പറയാവുന്ന ഘട്ടം എത്തിയിട്ടില്ലെന്നും കോടതി വ്യക്തമാക്കി. ഉചിതമായ സമയത്ത് ആവശ്യമെങ്കിൽ വൈസ് ചാൻസലർക്കു നടപടി സാധിക്കുമെന്നും കോടതി പറഞ്ഞു.

കേരളത്തിലെ നമ്പർ വൺ സർവകലാശാല നാഥനില്ലാതെ പ്രവർത്തിക്കുന്നത് ഏറ്റവും വലിയ ദുരന്തമാണെന്നു കോടതി പറഞ്ഞു. ഇനിയും വൈകാനാവില്ല. എത്രയും വേഗം സേർച് കമ്മിറ്റി രൂപീകരിക്കുക, പുതിയ വിസിയെ കണ്ടെത്തുക എന്നതാണു അടിയന്തര ആവശ്യം. താൽക്കാലിക ഭരണ സംവിധാനത്തിൽ വിദ്യാർഥികളുടെ ഭാവി ആടിയുലയുകയാണ്. വിദ്യാർഥികളില്ലാതെ ആയിരക്കണക്കിനു സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നു. സെനറ്റിന്റെ നോമിനിയെ കണ്ടെത്താൻ കൂടുതൽ സമയം വേണമെങ്കിൽ സാവകാശം ചോദിക്കാൻ സർവകലാശാലയ്ക്കു സ്വാതന്ത്ര്യം ഉണ്ടാകുമെന്നു കോടതി വ്യക്തമാക്കി.

അധികാര കേന്ദ്രങ്ങൾ സഹകരിച്ചു പ്രവർത്തിക്കണം

കൊച്ചി ∙ ഉന്നത അധികാര കേന്ദ്രങ്ങൾ തമ്മിൽ സഹകരിച്ചു പ്രവർത്തിക്കേണ്ടത് കേരള സർവകലാശാലയുടെ കെട്ടുറപ്പിനും കാര്യക്ഷമതയ്ക്കും അനിവാര്യമാണെന്നു ഹൈക്കോടതി വ്യക്തമാക്കി. വിസിയെ കണ്ടെത്താൻ ചാൻസലർ രണ്ടംഗ സേർച് കമ്മിറ്റി രൂപീകരിച്ചതു ശരിയാണോ, കമ്മിറ്റിയെ പിൻവലിച്ചാൽ നോമിനിയെ നൽകാമെന്നു സെനറ്റ് വ്യവസ്ഥ വച്ചതു ശരിയാണോ എന്നെല്ലാമുള്ള അനാവശ്യ തർക്കങ്ങളിൽ ഇരുകൂട്ടരും കടിച്ചു തൂങ്ങിയെന്നു കോടതി പറഞ്ഞു.

പല തവണ ആവശ്യപ്പെട്ടിട്ടും സെനറ്റ് നോമിനിയെ നൽകാത്ത സാഹചര്യത്തിലാണു യുജിസിയുടെയും തന്റെയും നോമിനിയെ ഉൾപ്പെടുത്തി കമ്മിറ്റിയെ രൂപീകരിച്ചതെന്നും, സെനറ്റിന്റെ നോമിനിയെ കിട്ടുമ്പോൾ ഉൾപ്പെടുത്തുമെന്ന് അതിൽ പറഞ്ഞിട്ടുണ്ടെന്നും ചാൻസലർ വിശദീകരിച്ചു. മൂന്നാമത്തെ അംഗത്തെ ഉൾപ്പെടുത്തുമെന്നു പറയുന്നതിനാൽ രണ്ടംഗ കമ്മിറ്റി അന്തിമമല്ലെന്നു വ്യക്തമാണെന്നും തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലാണു സെനറ്റ് പെരുമാറിയതെന്നും കോടതി ചൂണ്ടിക്കാട്ടി.

ചാൻസലർ കമ്മിറ്റിയെ പിൻവലിച്ചാൽ മാത്രം നോമിനിയെ നൽകിയാൽ മതിയെന്നു സെനറ്റ് പ്രമേയം പാസാക്കിയതു ശരിയല്ലെന്നും കോടതി പറഞ്ഞു. കോടതിയിൽ കേസ് നിൽക്കുമ്പോൾ അത് ആവശ്യപ്പെടാൻ പാടില്ലായിരുന്നു. സെനറ്റിന്റെ രണ്ടു യോഗങ്ങൾ നോമിനിയെ കണ്ടെത്താൻ നോക്കുന്നതിനു പകരം കമ്മിറ്റിയെ പിൻവലിക്കാൻ പ്രമേയം പാസാക്കുകയാണു ചെയ്തത്. ഇത് അനാവശ്യ വിവാദങ്ങൾക്കും ആശയക്കുഴപ്പത്തിനും ഇടയാക്കി. വിജ്ഞാപനം കണക്കിലെടുക്കാതെ ഗവർണറുടെ ഓഫിസുമായി ചർച്ച നടത്തി പ്രശ്നം പരിഹരിക്കാൻ ആരും ശ്രമിച്ചില്ലെന്നു കോടതി പറഞ്ഞു.

English Summary: High court of Kerala University VC search committee

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com