പിഎസ്‍‌സി പരീക്ഷ ഒരുമിച്ച് എഴുതി, ഒരുമിച്ചു ജയിച്ച് അമ്മയും മകളും സർക്കാർ ജോലിക്ക്

megha-sreeja
പിഎസ്‌സി പരീക്ഷ ഒരേ ദിവസം വിജയിച്ച മേഘയും (ഇടത്ത്) അമ്മ എം.കെ.ശ്രീജയും കട്ടപ്പനയിലെ ജില്ലാ പിഎസ്‌സി ഓഫിസിൽ വെരിഫിക്കേഷൻ നടപടികൾക്കുശേഷം പുറത്തേക്കു വന്നപ്പോൾ.
SHARE

കട്ടപ്പന ∙ ഒരേ സെന്ററിൽ ഒരേ ദിവസം പിഎസ്‌സി പരീക്ഷയെഴുതിയ അമ്മയും മകളും ഒരേ ദിവസം കായികക്ഷമതാ പരീക്ഷയും വിജയിച്ച് സർക്കാർ സർവീസിലേക്ക്. അടിമാലി കൊരങ്ങാട്ടി ചെറുകുന്നേൽ എം.കെ.ശ്രീജയും (40) മകൾ മേഘയും (21) വനം വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫിസർ തസ്തികയിലേക്കാണു യോഗ്യത നേടിയിരിക്കുന്നത്. അഭിമുഖത്തിനുശേഷം റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചാൽ ഇവർക്കു നിയമനമാകും.

2015 മുതൽ 5 വർഷം ശ്രീജ അടിമാലി പഞ്ചായത്ത് പ്രസിഡന്റായിരുന്നു. ഇപ്പോൾ ആശാ വർക്കറാണ്. മേഘ മൂന്നാർ എസ്ടി ഹോസ്റ്റലിൽ താൽക്കാലിക ജോലി ചെയ്യുന്നു. ശ്രീജയുടെ ഇളയ മകളും പത്താംക്ലാസ് വിദ്യാർഥിനിയുമായ അനഘയുടെ പിന്തുണയോടെയാണ് ഇരുവരും പിഎസ്‍‌സി പരീക്ഷയ്ക്കു തയാറെടുത്തത്. ശ്രീജ നേരത്തേ ഒരു പ്രാവശ്യം പിഎസ്‍സി പരീക്ഷയെഴുതിയിട്ടുണ്ട്. ജോലിക്കായി മേഘയുടെ ആദ്യ പരീക്ഷയാണിത്.

ഇന്നലെ കാൽവരിമൗണ്ട് സ്കൂൾ ഗ്രൗണ്ടിൽ 100 മീറ്റർ ഓട്ടം, ലോങ്ജംപ്, ഷോട്പുട്ട് എന്നീ ഇനങ്ങളിലായിരുന്നു കായികക്ഷമതാ പരീക്ഷ. 

ശ്രീജയുടെ 2 സഹോദരങ്ങളും സർക്കാർ ഉദ്യോഗസ്ഥരാണ്. സഹോദരൻ എം.കെ.സജി എംജി സർവകലാശാലയിൽ സബ് റജിസ്ട്രാറാണ്. സഹോദരി എം.കെ.സുജ മൂന്നാറിൽ അസിസ്റ്റന്റ് ലേബർ ഓഫിസറാണ്.

English Summary: Mother and daughter join government service together in Idukki

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Best Home Renovation | ഇത് ഒരസാധാരണ വീട്!

MORE VIDEOS