ADVERTISEMENT

ആലപ്പുഴ ∙ നവജാതശിശുവിനു പിന്നാലെ അമ്മയും മരിച്ച സംഭവത്തിൽ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചൊവ്വാഴ്ച രാത്രി തുടങ്ങിയ സംഘർഷം ഇന്നലെ വൈകിട്ട് 6 വരെ നീണ്ടു. കൈനകരി കുട്ടമംഗലം കായിത്തറയിൽ രാംജിത്തിന്റെ ഭാര്യ അപർണയും (22) കുഞ്ഞുമാണു മരിച്ചത്. പ്രസവ ശസ്ത്രക്രിയയെത്തുടർന്ന് കുഞ്ഞ് ചൊവ്വാഴ്ച വൈകിട്ടും അപർണ ഇന്നലെ പുലർച്ചെയുമാണു മരിച്ചത്. 

ജീവനക്കാരുടെ അനാസ്ഥയാണു മരണങ്ങൾക്കു കാരണമെന്ന് ആരോപിച്ച ബന്ധുക്കൾ, ഗൈനക്കോളജി വിഭാഗത്തിലെ ഡോ. തങ്കു തോമസ് കോശിയെ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് മൃതദേഹങ്ങൾ ഏറ്റുവാങ്ങാതെ പ്രതിഷേധിച്ചത്. തുടർന്ന് ഇന്നലെ വൈകിട്ട് ജില്ലാ കലക്ടർ വി.ആർ.കൃഷ്ണ തേജയും ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണും സ്ഥലത്തെത്തി ആശുപത്രി സൂപ്രണ്ടുമായി നടത്തിയ ചർച്ചയ്ക്കൊടുവിൽ ഡോ. തങ്കു തോമസ് കോശിയെ നിർബന്ധിത അവധിയിൽ പ്രവേശിപ്പിക്കാൻ തീരുമാനിച്ചു. ആരോഗ്യമന്ത്രി ആവശ്യപ്പെട്ടതു പ്രകാരമുള്ള അന്വേഷണ റിപ്പോർട്ട് ലഭിക്കുംവരെ അവധിയിൽ പോകാനാണു നിർദേശിച്ചിരിക്കുന്നത്. ഇതെത്തുടർന്നാണ് ബന്ധുക്കൾ മൃതദേഹങ്ങൾ ഏറ്റുവാങ്ങിയത്. അപർണയുടെയും കുഞ്ഞിന്റെയും സംസ്കാരം ഇന്നലെ രാത്രിയോടെ കായിത്തറയിലെ വീട്ടുവളപ്പിൽ നടത്തി. 

aparna
അപർണ

സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ അംഗം വി.കെ.ബീനാകുമാരി മെഡിക്കൽ കോളജ് സൂപ്രണ്ടിനോട് ആവശ്യപ്പെട്ടു. കുറ്റകരമായ അനാസ്ഥമൂലമുള്ള മരണത്തിന് അമ്പലപ്പുഴ പൊലീസും കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. 

 

 

റിപ്പോർട്ട് ആവശ്യപ്പെട്ട് മന്ത്രി

പ്രസവത്തിനു പിന്നാലെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ.മീനാക്ഷിക്ക് മന്ത്രി വീണാ ജോർജ് നിർദേശം നൽകി. ജോയിന്റ് എംഇ ഡോ.അബ്ദുൽ റഷീദിന്റെ നേതൃത്വത്തിൽ നാലു പേരടങ്ങുന്ന സംഘമായിരിക്കും അന്വേഷിക്കുക. 

ഇതിന്റെ ഭാഗമായി ഇന്നലെ ഡോ.അബ്ദുൽ റഷീദ് ആശുപത്രിയിലെത്തിയിരുന്നു. ആശുപത്രി സൂപ്രണ്ടിന്റെ നിർദേശ പ്രകാരം ആഭ്യന്തര അന്വേഷണവും നടക്കുന്നുണ്ട്.

 

English Summary: Newborn and mother death in Alappuzha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com