ഐഎഫ്എഫ്കെ ഇവർക്ക് പ്രണയോത്സവം; വിവാഹശേഷം നേരെ ടഗോർ തിയറ്ററിലേക്ക്

pampally-and-surabhi
സംവിധായകൻ പാമ്പള്ളിയും സുരഭിയും.
SHARE

തിരുവനന്തപുരം ∙ ഒരു ഐഎഫ്എഫ്കെ കാലത്താണ് അവർ ആദ്യമായി കണ്ടത്. തുടർന്നു വന്ന ചലച്ചിത്രോത്സവങ്ങൾ അവരുടെ സൗഹൃദം വളർത്തി. ഇന്നാരംഭിക്കുന്ന വീണ്ടുമൊരു ഐഎഫ്എഫ്കെ കാലത്ത് അവർ ഒരുമിച്ചുള്ള ജീവിതവും തുടങ്ങുന്നു.

6 വർഷം മുൻപ് തിരുവനന്തപുരത്തു രാജ്യാന്തര ചലച്ചിത്രമേളയിൽ പരിചയപ്പെട്ട യുവ സംവിധായകൻ പാമ്പള്ളിയുടെയും സർക്കാർ ഉദ്യോഗസ്ഥ സുരഭിയുടെയും വിവാഹം 11ന് നടക്കുമ്പോൾ ഇരുവർക്കും പങ്കിടാനുള്ളത് പ്രണയം നിറഞ്ഞ ഒരു പിടി ഐഎഫ്എഫ്കെ ഓർമകൾ.  വിവാഹച്ചടങ്ങിനു ശേഷം നവദമ്പതികൾ നേരെയെത്തുക ഐഎഫ്എഫ്കെ വേദിയായ ടഗോർ തിയറ്ററിലേക്കും...  

2018ൽ മികച്ച നവാഗത സംവിധായകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിയായ പാമ്പള്ളി (42) സംവിധാനം ചെയ്ത ‘സിൻജാർ’ എന്ന ചിത്രത്തിനായിരുന്നു. ലക്ഷദ്വീപിലെ ലിപിയില്ലാത്ത ‘ജസരി’ ഭാഷയിലായിരുന്നു ഈ ചിത്രം. അതേ വർഷം ജസരി ഭാഷയിലെ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും സിൻജാറിനു ലഭിച്ചു.  

അതിനു 2 വർഷം മുൻപാണ് ചലച്ചിത്രോത്സവ വേദിയായ ടഗോർ തിയറ്ററിൽ കല്ലമ്പലം നാവായിക്കുളം സ്വദേശിയായ സുരഭിയെ പാമ്പള്ളി കണ്ടുമുട്ടുന്നത്. സിനിമയോടുള്ള പ്രണയവും ജീവിതസങ്കൽപങ്ങളും സമാനമെന്നു തിരിച്ചറിഞ്ഞതോടെ ഒരുമിച്ചു ജീവിക്കാൻ ഉറച്ചു.  എല്ലാ ഐഎഫ്എഫ്കെകളിലും ഒരുമിച്ചു ചലച്ചിത്രങ്ങൾ കണ്ടു.

2016 ൽ റീജനൽ കാൻസർ സെന്ററിൽ അനസ്തീസിയ ടെക്നിഷ്യൻ ആയി ജോലി ചെയ്യുകയായിരുന്ന സുരഭി ജോലിയിലിരിക്കെ തന്നെ സിവിൽ സർവീസിനു വേണ്ടി ശ്രമം തുടങ്ങി. ഇടയ്ക്കു പിഎസ്‌സി പരീക്ഷയെഴുതി 4 തസ്തികകളിൽ നിയമനം നേടി. ഇപ്പോൾ ഹെൽത്ത് സർവീസസ് ഡയറക്ടറേറ്റിൽ ഉദ്യോഗസ്ഥ. സിവിൽ സർവീസ് പരിശീലനവും തുടരുന്നു. റിട്ട.അധ്യാപികയായ രമയും കെടിസിയിൽ മാനേജറായിരുന്ന കുമാരനുമാണ് പാമ്പള്ളിയുടെ മാതാപിതാക്കൾ. സുരഭിയുടെ അമ്മ ലതിക കൃഷിവകുപ്പിൽ ഉദ്യോഗസ്ഥ.

മറ്റന്നാൾ രാവിലെ 10നും 11 നും ഇടയിലുള്ള മുഹൂർത്തത്തിൽ കല്ലമ്പലം ജെജെ ഓഡിറ്റോറിയത്തിൽ നടക്കുന്ന വിവാഹച്ചടങ്ങിനു ശേഷം മേളയിൽ പങ്കെടുക്കാനെത്തുന്ന വധൂവരന്മാരെ പ്രണയകാലം പച്ചപിടിച്ചു നിൽക്കുന്ന ടഗോറിൽ  ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്, സെക്രട്ടറി അജോയ് ചന്ദ്രൻ തുടങ്ങിയവർ ചേർന്നു സ്വീകരിക്കും. അന്നു 3.30 ന് ടഗോറിൽ പ്രദർശിപ്പിക്കുന്ന ‘ലോർഡ് ഓഫ് ദി ആന്റ്സ്’ എന്ന ഇറ്റാ‌ലിയൻ സിനിമ കാണാൻ ഇരുവരും സീറ്റു റിസർവ് ചെയ്തിട്ടുണ്ട്.

English Summary: Director Pampally and Surabhi getting married

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS