ADVERTISEMENT

വടകര ∙ അഴിയൂരിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയെ ലഹരിമരുന്ന് കാരിയറാക്കിയെന്ന പരാതിയിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. കണ്ണൂർ റേഞ്ച് ഡിഐജി രാഹുൽ ആർ.നായർ ചോമ്പാല സ്റ്റേഷനിലെത്തി വിവരങ്ങൾ ശേഖരിച്ചു. കേസ് റജിസ്റ്റർ ചെയ്തതിൽ വീഴ്ചയുണ്ടായിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളാണ് പരിശോധിച്ചത്. 

അതേസമയം കുട്ടി ചോമ്പാല സ്റ്റേഷനിൽ ആദ്യം നൽകിയ മൊഴിയിലും മജിസ്ട്രേട്ടിനു നൽകിയ രഹസ്യമൊഴിയിലും ലഹരിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പറഞ്ഞിട്ടില്ലെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിൽ വെളിപ്പെട്ടത്. കുട്ടിയുടെ മാതാവ് മുഖ്യമന്ത്രിക്കും ‍ഡിജിപിക്കും  പൊലീസ് വീഴ്ചയെ കുറിച്ചു  നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വീണ്ടും അന്വേഷണം നടത്തിയത്. 

പ്രതിയായ യുവാവ് നവംബർ 21ന് കയ്യിൽ കയറി പിടിക്കുകയും മോശമായി പെരുമാറുകയും എന്തോ മണപ്പിക്കുകയും ചെയ്തുവെന്നാണ് കുട്ടി ആദ്യം നൽകിയ മൊഴിയിൽ പറയുന്നതെന്ന് പൊലീസ് പറയുന്നു. ഉടൻ തന്നെ കൈ തട്ടിമാറ്റി ഓടിപ്പോയി. പേടിച്ച് ആരോടും വിവരം പറഞ്ഞില്ല.

കുറച്ച് ദിവസം കഴിഞ്ഞ് അധ്യാപിക മാതാവിനെ വിളിച്ചു ക്ലാസിൽ ശ്രദ്ധിക്കുന്നില്ലെന്നു പറഞ്ഞു. രണ്ട് ദിവസം കഴിഞ്ഞു സ്കൂളിലെ കൗൺസലിങ് ടീച്ചറോട് ഉണ്ടായ കാര്യങ്ങൾ പറഞ്ഞു. അധ്യാപിക മാതാവിനോടു വിവരം പറഞ്ഞു. എനിക്കു പരാതി ഉണ്ട് – എന്നു മാത്രമാണ് കുട്ടി ആദ്യം നൽകിയ മൊഴിയിൽ പറഞ്ഞിരിക്കുന്നത്. 

പിന്നീട് മജിസ്ട്രേട്ടിനു നൽകിയ രഹസ്യമൊഴിയിലും ഇക്കാര്യം മാത്രമേ പറഞ്ഞിട്ടുള്ളൂ. പ്രതിയായ യുവാവിന്റെ പേരു പോലും പറഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് പോക്സോ മാത്രം ഉൾപ്പെടുത്തി കേസെടുത്തതെന്നു പൊലീസ് വ്യക്തമാക്കുന്നു.

English Summary: Police intensifies investigation on using girl as drugs carrier

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com