ADVERTISEMENT

കൊച്ചി ∙ ഹൈക്കോടതി വിധി വന്നതോടെ കേരള സർവകലാശാല സെനറ്റ് വെട്ടിലായി. നോമിനിയെ നൽകാതെ വിസി നിയമനം വൈകിക്കുകയെന്ന തന്ത്രമാണു സെനറ്റ് പയറ്റിയത്. എന്നാൽ ഒരു മാസത്തിനകം നോമിനിയെ നൽകിയില്ലെങ്കിൽ കേരള സർവകലാശാല നിയമവും യുജിസി ചട്ടവും അനുസരിച്ചു നടപടിയെടുക്കാൻ കോടതി ചാൻസലർക്കു സ്വാതന്ത്ര്യം നൽകിയതോടെ, ഭാവിയിൽ കടുത്ത നടപടി വന്നേക്കാം. നോമിനിയെ നൽകിയില്ലെങ്കിൽ ചാൻസലർക്കു സെനറ്റിനെതിരെ കേരള സർവകലാശാല നിയമം 7(4) വകുപ്പു പ്രകാരമുള്ള അധികാരം വിനിയോഗിക്കാനാകും. ഈ വകുപ്പ് അനുസരിച്ച് സെനറ്റിനെ സസ്പെൻഡ് ചെയ്യാനോ പിരിച്ചുവിടാനോ ചാൻസലർക്ക് അധികാരമുണ്ട്.

മാത്രമല്ല, യുജിസി ചട്ടം 7(ബി) അനുസരിച്ച് നിലവിലുള്ള കമ്മിറ്റിയെ വച്ച് വിസി നിയമന നടപടികളുമായി മുന്നോട്ടു പോകാൻ സാധ്യമാണെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടിയ‌ിരുന്നു. അത്തരം സാഹചര്യത്തിൽ നടപടിക്കു ചാൻസലറോടു നിർദേശിച്ച കോടതി, നിയമപ്രകാരമുള്ള നടപടിക്രമങ്ങൾ പാലിക്കണമെന്നു പ്രത്യേകം പറഞ്ഞിട്ടുണ്ട്. സെനറ്റ് നോമിനിയെ നൽകിയാൽ പുതിയ കമ്മിറ്റി വിജ്ഞാപനം ചെയ്യണമെന്നും കോടതി നിർദേശിച്ചതോടെ, സെനറ്റ് നോമിനിയില്ലാതെ ചാൻസലർ ഇറക്കിയ വിജ്ഞാപനവും അപ്രസക്തമായി. ഇതിനിടെ, ചാൻസലറും സെനറ്റും തമ്മിലുള്ള തർക്കത്തിനിടെ പുറത്താക്കപ്പെട്ട സെനറ്റ് അംഗങ്ങളുടെ ഹർജി തിടുക്കത്തിൽ പരിഗണിക്കേണ്ട സാഹചര്യമില്ലെന്നു കോടതി ഇന്നലെയും ആവർത്തിച്ചു.

English Summary: Senate in a fix after high court verdict regarding vc appointment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com