ADVERTISEMENT

വൈക്കം ∙ ബ്രിട്ടനിൽ കൊല്ലപ്പെട്ട മലയാളി നഴ്സ് അഞ്ജുവിനെ (35) ശ്വാസം മുട്ടിച്ചാണു കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. അഞ്ജുവിന്റെ ദേഹത്ത് വെട്ടേറ്റതിന്റെ പാടുകളുമുണ്ട്. ബ്രിട്ടനിലെ കെറ്ററിങ്ങിൽ 15നു രാത്രിയാണ് അഞ്ജുവിനെയും മക്കളായ ജീവ (6), ജാൻവി (4) എന്നിവരെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അഞ്ജുവിന്റെ ഭർത്താവ് കണ്ണൂർ ഇരിട്ടി പടിയൂർ ചേലപാലിൽ സാജുവിനെ (52) നോർതാംപ്ടൻഷർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

അഞ്ജുവിനെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയെന്നാണു നിഗമനം. ശരീരത്തിൽ ആഴത്തിലുള്ള 7 മുറിവുകളുമുണ്ട്. കൊലപ്പെടുത്തിയ ശേഷം 4 മണിക്കൂറോളം സാജു ഇവർക്കൊപ്പം ഉണ്ടായിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ജീവയുടെയും ജാൻവിയുടെയും പോസ്റ്റുമോർട്ടം നടപടി പുരോഗമിക്കുകയാണ്. കുട്ടികളുടെ ദേഹത്ത് മുറിവേറ്റതിന്റെ പാടുകളില്ല. വൈക്കം കുലശേഖരമംഗലം ആറാക്കൽ അശോകന്റെ മകളാണ് അഞ്ജു. മൃതദേഹങ്ങൾ  നാട്ടിലേക്ക് എത്തിക്കുന്നത് സംബന്ധിച്ച് നടപടികൾ സ്വീകരിച്ചു വരുന്നു.

മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ശ്രമം

അഞ്ജുവിന്റെയും കുട്ടികളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനും മറ്റുമായി ഇന്ത്യൻ ഹൈക്കമ്മിഷൻ അടിയന്തരമായി ഇടപെടുമെന്ന് ഉറപ്പു നൽകിയിട്ടുണ്ടെന്നു തോമസ് ചാഴികാടൻ എംപി അറിയിച്ചു. ഇതിനു പുറമേ ബ്രിട്ടിഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ എന്ന സംഘടനയും ഇടപെടുന്നുണ്ട്. നോർക്ക റൂട്സ് അധികൃതരുമായും ബന്ധപ്പെട്ടതായി എംപി അറിയിച്ചു. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ എംബസിയുമായി ബന്ധപ്പെട്ടു വേഗത്തിലാക്കുമെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ അഞ്ജുവിന്റെ പിതാവ് അശോകനെ ഫോണിൽ അറിയിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് ജി.ലിജിൻലാൽ കുടുംബാംഗങ്ങളുമായി ചർച്ച നടത്തി.

അഞ്ജുവിന്റെ ഇത്തിപ്പുഴയിലെ വീട്ടിൽ അമ്മ കൃഷ്ണമ്മയും ബന്ധുക്കളും.
അഞ്ജുവിന്റെ ഇത്തിപ്പുഴയിലെ വീട്ടിൽ അമ്മ കൃഷ്ണമ്മയും ബന്ധുക്കളും.

സാജുവിന്റെ ഭാവപ്പകർച്ച ആദ്യം കണ്ടത് കൃഷ്ണമ്മ

2018ൽ അഞ്ജുവിനു രണ്ടാമത്തെ കുഞ്ഞ് പിറന്നപ്പോൾ പരിചരിക്കാനായി അശോകനും ഭാര്യ കൃഷ്ണമ്മയും സൗദിയിൽ മകളുടെ അടുത്തേക്കു പോയിരുന്നു. അവിടെവച്ച് അഞ്ജുവിന്റെ മുഖത്ത് സാജു അടിക്കുകയും വസ്ത്രത്തിൽ വലിച്ചിഴച്ച് ഉച്ചത്തിൽ ചീത്തപറയുകയും ചെയ്യുന്നതു കണ്ടെന്നു കൃഷ്ണമ്മ പറഞ്ഞു. അന്ന് ഏറെ പാടുപെട്ടാണു സാജുവിനെ ശാന്തനാക്കാൻ കഴിഞ്ഞത്. പിന്നീടൊരിക്കൽ മകൻ ജീവ പന്തു കളിക്കുന്നതിനിടയിൽ സീലിങ്ങിൽ ഇടിച്ചതിന് കുഞ്ഞിന്റെ വസ്ത്രം വലിച്ചു കീറുകയും വലിയ ശബ്ദത്തിൽ ശകാരിക്കുകയും ചെയ്തതായും കൃഷ്ണമ്മ പറയുന്നു.

∙ ‘അഞ്ജുവിനോട് പരുഷമായ രീതിയിലായിരുന്നു സാജുവിന്റെ പെരുമാറ്റം. കുട്ടികളോടും നിസ്സാര കാര്യത്തിനുപോലും പെട്ടെന്നു ദേഷ്യപ്പെടുമായിരുന്നു.വിഡിയോ കോൾ വിളിക്കുമ്പോഴും അഞ്ജുവിന്റെ മുഖത്ത് ദുഃഖം പ്രകടമായിരുന്നു.’ – അശോകൻ, അഞ്ജുവിന്റെ പിതാവ് 

∙ ‘അഞ്ജുവിനെ കാണാത്തതിനെത്തുടർന്ന് വീട്ടിലെത്തിയപ്പോൾ വാതിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു.ഫോണിൽ വിളിച്ചിട്ടും ഡോറിൽ തട്ടിയിട്ടും തുറന്നില്ല. തുടർന്ന് പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് എത്തി വാതിൽ തുറന്നു. ആ സമയം സാജു അകത്തുണ്ടായിരുന്നു.’ – മലയാളി സമാജം പ്രതിനിധി

English Summary: Malayali nurse in UK murder case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com