ADVERTISEMENT

തൃശൂർ ∙ കാലാവധി പൂർത്തിയായ സ്ഥിരനിക്ഷേപം മടക്കിനൽകാൻ കരുവന്നൂർ സഹകരണ ബാങ്ക് ഏതാനും മാസങ്ങൾക്കുള്ളിൽ സമാഹരിക്കേണ്ടത് 18.76 കോടി രൂപ. നിക്ഷേപകർക്കു പണം കൊടുക്കാൻ മാർഗമില്ലാതായപ്പോൾ ഒരു വർഷത്തേക്കു പുതുക്കി നൽകേണ്ടിവന്ന നിക്ഷേപങ്ങളാണിവ. പുതുക്കി നൽകിയ സമയപരിധി പൂർത്തിയാകുന്ന മുറയ്ക്കു പണം നൽകുമെന്നാണു ബാങ്കിന്റെ പ്രതികരണം. കിട്ട‍ാക്കടങ്ങൾ കൂട്ടത്തോടെ ജപ്തി ചെയ്തു പണം സ്വരുക്കൂട്ടാനുള്ള ശ്രമത്തിലാണു ബാങ്ക്. 

സിപിഎം പ്രാദേശിക നേതാക്കളായ ഭരണസമിതി അംഗങ്ങളും ഒരുകൂട്ടം ജീവനക്കാരും ചേർന്നു നടത്തിയ 227 കോടി രൂപയുടെ തട്ടിപ്പ‍ാണു ബാങ്കിന്റെ നടുവൊടിച്ചത്. കേരള ബാങ്കും തൃശൂർ ജില്ലയിലെ പ്രാഥമിക സഹകരണ സംഘങ്ങളും ചേർന്നു പല സമയത്തായി അനുവദിച്ച 35 കോടി രൂപ ഉപയോഗിച്ചു നിക്ഷേപങ്ങൾ മടക്കിനൽകാൻ കരുവന്നൂർ ബാങ്ക് അധികൃതർ നടപടി തുടങ്ങിയിരുന്നു. കാലാവധി പൂർത്തിയായ സ്ഥിര നിക്ഷേപത്തിന്റെ 10% പലിശയുടെ പകുതി എന്ന അനുപാതത്തിലാണു നിക്ഷേപം മടക്കിനൽകാൻ തുടങ്ങിയത്. ഈ രീതിയിൽ 8.10 കോടി രൂപ ഇതുവരെ വിതരണം ചെയ്തിട്ടുണ്ട്. കാലാവധി പൂർത്തിയായ 18,76,71,359 രൂപയുടെ സ്ഥിരനിക്ഷേപം ഒരു വർഷത്തേക്കു പുതുക്കി നൽകേണ്ടിവന്നിരുന്നു. ഈ നിക്ഷേപങ്ങളുടെ കാലാവധി തീരാൻ ഇനി ഏതാനും മാസങ്ങളേ ശേഷിക്കുന്നുള്ളൂ. 

ബാങ്ക് കടക്കെണിയിലായെന്ന് അറിഞ്ഞതോടെ വൻകിട വായ്പക്കാരിൽ പലരും പണം തിരിച്ചടയ്ക്കുന്നതു നിർത്തിയതു പ്രതിസന്ധി കൂട്ടി. ഇവരുടെ ആസ്തികൾ കൂട്ടത്തോടെ പിടിച്ചെടുത്തു പണം സ്വരുക്കൂട്ടലാണു ബാങ്കിന്റെ മുന്നിലുള്ള പ്രതീക്ഷ. ഇവരിൽ പലരും പാർട്ടി അനുഭാവികളോ പാർട്ടി സ്വാധീനം ഉപയോഗിച്ചു വൻതുക വായ്പ തരപ്പെടുത്തിയവരോ ആണെന്നതാണു തലവേദന. കൂട്ട ജപ്തിയിലേക്കു കടന്നാലും നിശ്ചിത സമയ പരിധിക്കുള്ളിൽ ഇതു നടപ്പാക്കാനാകില്ലെന്നതിനാൽ സർക്കാരിൽ നിന്നു സാമ്പത്തിക പാക്കേജ് കിട്ടേണ്ടിവരും.

തിരിച്ചുനൽകേണ്ട നിക്ഷേപം ഇനിയുമെത്രയോ ഏറെ

കാലാവധി പൂർത്തിയായ സ്ഥിരനിക്ഷേപങ്ങൾ മടക്കിനൽകാൻ വേണ്ട തുക മാത്രമാണ് 18.76 കോടി രൂപ. സാധാരണ നിക്ഷേപങ്ങളുടെ കണക്ക് ഇതിന്റെ പല മടങ്ങാണ്. ഒടുവിൽ ലഭ്യമായ കണക്കു പ്രകാരം പല സ്കീമുകളിലായി ബാങ്ക് നിക്ഷേപകർക്കു കൊടുത്തു തീർക്കേണ്ട തുക 140 കോടിയിലേറെയാണ്. നിക്ഷേപം മടക്കിനൽകാൻ കഴിയാത്ത അവസ്ഥയിലുള്ള സഹകരണ ബാങ്കുകളെ രക്ഷിക്കാൻ സർക്കാർ രൂപീകരിക്കുന്ന പാക്കേജിലാണു കരുവന്നൂർ സഹകരണ ബാങ്കിന്റെയും കണ്ണ്.

English Summary: Karuvannur Cooperative Bank's financial crisis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com