ADVERTISEMENT

തിരുവനന്തപുരം∙സംസ്ഥാന രാഷ്ട്രീയത്തിലേക്ക് കൂടുമാറാനുള്ള ശശി തരൂരിന്റെ താൽപര്യം കോൺഗ്രസ് നേതൃത്വത്തിനു രസിക്കുന്നില്ല. എന്നാൽ തരൂരിനോടു തർക്കിച്ച് വിവാദം സൃഷ്ടിക്കാനുമില്ല. മുഖ്യമന്ത്രിസ്ഥാനാർഥിയാകാൻ ഒരുക്കമെന്നു പ്രഖ്യാപിച്ചതിനു പിന്നാലെയാണ് നിയമസഭയിലേക്കു മത്സരിക്കാൻ തരൂർ സന്നദ്ധത വ്യക്തമാക്കിയത്. ചോദ്യത്തിനുള്ള മറുപടിയെന്ന് വിശദീകരിക്കുന്നെങ്കിലും സാധ്യതകളൊന്നും തള്ളിക്കളയാനുമില്ല, തരൂർ ക്യാംപ്. 

ഒരു മാസമായി തരൂർ നടത്തുന്ന യാത്രകളും സന്ദർശനങ്ങളും അദ്ദേഹത്തിനു കേരള രാഷ്ട്രീയത്തിലുണ്ടായ പുതിയ താൽപര്യം തന്നെയാണു കാണിക്കുന്നത്. ദേശീയ നേതൃത്വത്തിൽ നിന്നുള്ള സൂചനകൾ ശുഭമല്ലെന്ന് അദ്ദേഹം കരുതുന്നു. പ്രഫഷനൽ കോൺഗ്രസ് അധ്യക്ഷപദമൊഴിച്ചാൽ ദേശീയ തലത്തിൽ പ്രധാന ചുമതലയൊന്നും തരൂരിനില്ല. റായ്പുരിലെ നിർദിഷ്ട പ്ലീനറി സമ്മേളനത്തിൽ പ്രവർത്തകസമിതിയിലേക്ക് നാമനിർദേശം ലഭിക്കുമോ എന്നും ഉറപ്പില്ല. 

ഈ സാഹചര്യത്തിലാണ് കേരളത്തിൽ തന്റെ സ്വീകാര്യത കാണിക്കാനും സമുദായ നേതൃത്വങ്ങളുടെയടക്കം പിന്തുണ ഉറപ്പിക്കാനും ശ്രമം തുടങ്ങിയത്. നിയമസഭയിലേക്കല്ല, 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ തന്നെയാണ് തരൂർ മത്സരിക്കേണ്ടതെന്ന നിലപാടിലാണു കോൺഗ്രസ് നേതൃത്വം. ജി–23 ന്റെ ഭാഗമായപ്പോൾ ടിക്കറ്റ് നിഷേധിക്കുമെന്ന ശങ്ക തരൂരിനുണ്ടായിരുന്നു. തരൂർ താൽപര്യപ്പെടുന്നെങ്കിൽ സംസ്ഥാന നേതൃത്വം അദ്ദേഹത്തിനായി നിൽക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആ ഘട്ടത്തിൽ വാക്കു നൽകി.

താനടക്കമുള്ള നേതൃത്വത്തെ വിശ്വാസത്തിലെടുക്കാതെയുള്ള സമാന്തര നീക്കമാണു തരൂരിന്റേതെന്നു കരുതുന്ന സതീശന് പഴയ സൗഹൃദം ഇപ്പോഴില്ല. ടിക്കറ്റ് നിഷേധിക്കണമെന്ന വികാരവുമില്ല.  കഴിഞ്ഞ തിരഞ്ഞെടുപ്പി‍ൽ പാർട്ടിസംവിധാനത്തിൽ നിന്നു ലഭിച്ച പിന്തുണയിൽ മതിപ്പില്ലാത്ത തരൂരിന് പുതിയ സാഹചര്യം  ആശങ്ക ഉയർത്താം. 

പ്രവർത്തകസമിതിയിൽനിന്നു തഴയപ്പെട്ടാൽ തരൂർ കോൺഗ്രസിൽ തുടരുമോ എന്നു സംശയിക്കുന്നവരുണ്ട്. ഇതു കണക്കിലെടുത്താണ് തരൂരിനെക്കൂടി ഉൾക്കൊള്ളണമെന്ന നിലപാട് ഉമ്മൻ ചാണ്ടി പുലർത്തുന്നത്. സംസ്ഥാന നേതൃത്വത്തെ എതിരാക്കി തരൂരിനു വേണ്ടി തീവ്ര നിലപാട് ഉമ്മൻ ചാണ്ടി സ്വീകരിക്കാനുമിടയില്ല. 

തരൂർ മാറിയാൽ തിരുവനന്തപുരത്ത് ആര്?

തരൂർ മാറിയാൽ തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ ആരു സ്ഥാനാർഥിയാകും എന്നുവരെയുള്ള ചർച്ച ഇതിനിടെ കോൺഗ്രസിൽ ആരംഭിച്ചതാണു കൗതുകം. തിരുവനന്തപുരത്തോടു മമതയുള്ള കെ.മുരളീധരൻ വടകര വിട്ട് തലസ്ഥാനത്തേക്കു മാറുമെന്ന് കരുതുന്നവരും മുരളി ഇനി നിയമസഭയിലേക്കാകും എന്നു പറയുന്നവരുമുണ്ട്. എംപിമാരിൽ ചിലർ 2024 ൽ മത്സരിക്കാതെ 2026 ൽ നിയമസഭയിലേക്കു മത്സരിക്കാൻ ആഗ്രഹിക്കുന്നവരാണ്.  

സ്വീകാര്യത ഇപ്പോഴുണ്ടായതല്ല

‘എനിക്കുള്ള സ്വീകാര്യത ഇപ്പോൾ ഉണ്ടായതല്ല. നേരത്തേയും ഉണ്ട്. നിയമസഭയിലേക്കു മത്സരിക്കുന്ന കാര്യം ചർച്ച ചെയ്യാൻ സമയമുണ്ട്. എംപിമാരിൽ പലരും നിയമസഭയിലേക്കു മത്സരിച്ചേക്കും. അതെല്ലാം തീരുമാനിക്കേണ്ടതു പാർട്ടിയാണ്. കോൺഗ്രസിനെയാണു തിരിച്ചു കൊണ്ടുവരേണ്ടത്.’ – ശശി തരൂർ (തൃശൂരിൽ പറഞ്ഞത്)

English Summary: Congress plenary session may decide whether Shashi Thaoor to focus in kerala or national level

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com