ആലപ്പുഴ ∙ ലഹരിക്കെതിരെ പ്രസംഗിക്കുകയും ലഹരിവസ്തുക്കൾ വിൽക്കുകയും ചെയ്യുന്നത് കേരളത്തിൽ തമാശയായി മാറിയെന്നും അതു സാർവത്രികമാവുകയാണെന്നും മുൻ മന്ത്രി ജി.സുധാകരൻ. ലഹരിക്കടത്തു കേസിൽ ആലപ്പുഴ നോർത്ത് ഏരിയ കമ്മിറ്റിയംഗം എ.ഷാനവാസ് സിപിഎമ്മിൽനിന്നു സസ്പെൻഷനിലായതിന്റെ പശ്ചാത്തലത്തിലാണ് സുധാകരന്റെ പരാമർശമെന്നത് രാഷ്ട്രീയ ശ്രദ്ധയാകർഷിക്കുന്നു.
അഴിമതിക്കെതിരെ ഘോരഘോരം പ്രസംഗിച്ചാൽ പോരാ, അഴിമതി കാണിക്കാതിരിക്കുകയും അഴിമതിക്കാരെ നിരുത്സാഹപ്പെടുത്തുകയും ഭരണഘടനാ മാനദണ്ഡമനുസരിച്ച് ശിക്ഷ കൊടുക്കുകയും വേണമെന്നും സുധാകരൻ പറഞ്ഞു. പറയുന്നതും പ്രവർത്തിക്കുന്നതും തമ്മിൽ ഒരു പൊരുത്തവും വേണ്ടെന്നത് അലിഖിതമായി അംഗീകരിക്കപ്പെട്ടിരിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. ജെസിഐ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങിലായിരുന്നു സുധാകരന്റെ പരാമർശം.
രാഷ്ട്രീയത്തിൽ ക്രിമിനലുകളുടെ സ്വാധീനം വർധിക്കുന്നതു സംബന്ധിച്ച സുധാകരന്റെ ‘പൊളിറ്റിക്കൽ ക്രിമിനൽ’ പ്രയോഗം മുൻപ് ചർച്ചയായിരുന്നു. ഇത്തരക്കാർ എല്ലാ പാർട്ടികളിലും ഉണ്ടെന്നും അദ്ദേഹം അന്നു പറഞ്ഞിരുന്നു.
English Summary : G Sudhakaran against drugs sale