ADVERTISEMENT

വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ പരുക്കേറ്റ തോമസ് മരിക്കാൻ കാരണമായത് വയനാട് മെഡിക്കൽ കോളജിലെ സൗകര്യക്കുറവാണെന്നു ബന്ധുക്കൾ ആരോപിക്കുന്നു. കാലിലെ ഞരമ്പുകൾ തകർന്നു ചോരവാർന്ന നിലയിൽ മാനന്തവാടി മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും ഒരു മണിക്കൂറോളം ചികിത്സ കിട്ടിയില്ലെന്നും കോഴിക്കോട് മെഡിക്കൽ കോളജിലേക്കു കൊണ്ടുപോകാൻ ആംബുലൻസ് വൈകിയെന്നുമാണ് ആരോപണം. വയനാട് മെഡിക്കൽ കോളജിലെ അസൗകര്യങ്ങൾ മുൻപും വാർത്തയായിട്ടുണ്ട്. 2011 ലെ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തും 2016 ലെ ആദ്യ പിണറായി സർക്കാരിന്റെ കാലത്തുമായി പ്രഖ്യാപിച്ച മെഡിക്കൽ കോളജുകളിൽ വേണ്ട സൗകര്യമൊരുക്കാൻ വർഷങ്ങൾ പിന്നിട്ടിട്ടും കഴിഞ്ഞിട്ടില്ല. ഇവയുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച്:

വയനാട് 

അത്യാസന്ന നിലയിലുള്ള രോഗികളെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് കോഴിക്കോട് മെ‍ഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്യുന്നത് പതിവാണ്. ട്രോമാകെയർ സംവിധാനം ഇല്ലാത്തതിനാൽ അപകടങ്ങൾ നടക്കുമ്പോഴും പരുക്കേറ്റവരെ കോഴിക്കോട്ടേക്ക് അയയ്ക്കേണ്ടി വരുന്നു. കാർഡിയോളജിസ്റ്റ് ഇല്ലാത്തതിനാൽ ഹൃദ്രോഗവുമായി ബന്ധപ്പെട്ടെത്തുന്ന ഗൗരവമുള്ള കേസുകളും റഫർ ചെയ്യുകയാണ്. സിടി സ്കാൻ പ്രവർത്തനം നിലച്ചിട്ട് നാളുകൾ ഏറെയായി. എംആർഐ സ്കാനിങ് സൗകര്യവും ഇവിടെയില്ല. കാത്ത് ലാബ് ഇനിയും പ്രവർത്തനം തുടങ്ങിയിട്ടില്ല. ജില്ലാ ആശുപത്രിയായിരുന്നപ്പോഴത്തെ 284 കിടക്കകൾക്കുള്ള സ്റ്റാഫ് പാറ്റേൺ മാത്രമാണ് ഇവിടെ ഉള്ളത്. സീനിയർ ഡോക്ടർമാരില്ലാത്തതിന് പുറമേ ആവശ്യത്തിന് ജീവനക്കാരില്ലാത്തതും പ്രയാസമുണ്ടാക്കുന്നു. 

പാലക്കാട് 

പട്ടികജാതി വികസന വകുപ്പിനു കീഴിൽ 2014 ൽ ആരംഭിച്ച പാലക്കാട് മെഡിക്കൽ കോളജിൽ ഇപ്പോഴും കിടത്തി ചികിത്സ തുടങ്ങിയിട്ടില്ല. കെട്ടിടവും അനുബന്ധ സൗകര്യങ്ങളും പൂർത്തിയായിട്ടില്ല. ജില്ലാ ആശുപത്രിയിലെത്തുന്നവരെ ഇപ്പോഴും തൃശൂർ മെഡിക്കൽ കോളജിലേക്കാണു റഫർ ചെയ്യുന്നത്. ഒരു വർഷമായി ഒപി നടക്കുന്നുണ്ടെങ്കിലും മരുന്നുകൾ പലതും ഇവിടെനിന്നു ലഭിക്കില്ല. കോളജിൽ ഫണ്ടിന്റെ കുറവു മൂലം പല മാസങ്ങളിലും ജീവനക്കാരുടെ വേതനം മുടങ്ങാറുണ്ട്. പാലക്കാട് ജില്ലാ ആശുപത്രിയുടെ ക്ലിനിക്കൽ സൗകര്യം ഉപയോഗിച്ചാണ് 3 ബാച്ച് എംബിബിഎസ് കോഴ്സ് പൂർത്തീകരിച്ചത്. 

കാസർകോട് 

കാസർകോട് മെഡിക്കൽ കോളജ് നിർമാണോദ്ഘാടനം നടത്തി 10 വർഷം കഴിഞ്ഞിട്ടും കെട്ടിടം പണി പൂർ‌ത്തിയായിട്ടില്ല. അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് കെട്ടിടം മാത്രമാണു പണിതത്. കരാറുകാരനു പണം കൊടുക്കാത്തതിനാൽ 6 മാസമായി പണി നിർത്തിവച്ചിരിക്കുന്നു. ഏതാനും ഡോക്ടർമാരെ മാത്രം നിയോഗിച്ച് ഒപി പരിശോധന നടക്കുന്നുണ്ട്. കിടത്തി ചികിത്സയോ മറ്റു സൗകര്യങ്ങളോ ഇല്ല. ‌ 

മഞ്ചേരി 

സൂപ്പർ സ്പെഷ്യൽറ്റി ചികിത്സയില്ലാത്തതിനാൽ മഞ്ചേരി മെഡിക്കൽ കോളജിൽ റഫറൽ കേസുകൾ കൂടി. അത്യാഹിതവുമായി വന്നാൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു വിടും. 10 വർഷം മുൻപ് അന്നത്തെ ജനറൽ ആശുപത്രി മാറ്റിയാണ് കോളജ് യാഥാർഥ്യമായത്. ഡോക്ടർമാരുടെ സേവനം മാറ്റിനിർത്തിയാൽ സൗകര്യങ്ങളെല്ലാം പഴയ ജനറൽ ആശുപത്രിയുടേതിനു സമാനം. 

ന്യൂറോ, കാർഡിയോ തൊറാസിക് എമർജൻസി മെഡിസിൻ, ക്രിട്ടിക്കൽ കെയർ വിഭാഗങ്ങളിൽ സൗകര്യങ്ങൾ ഇല്ല. പല യൂണിറ്റിലും സീനിയർ റസിഡന്റ് ഡോക്ടർമാരുടെ കുറവുണ്ട്. ജനറൽ ആശുപത്രിയുടെ കിടക്കകളിൽ നാമമാത്ര വർധനയാണ് ഉണ്ടായത്. നിലവിൽ അറ്റകുറ്റപ്പണിക്ക് ശസ്ത്രക്രിയ തിയറ്റർ പൂട്ടിയിട്ടിട്ട് ഒരു മാസമായി. പുതിയ കെട്ടിടം നിർമിക്കാൻ സ്ഥലമില്ല. 5 ഏക്കർ ഏറ്റെടുക്കാൻ ഒരു വർഷം മുൻപ് ഫണ്ട് അനുവദിച്ചതാണ്. ഏറ്റെടുക്കൽ നടപടി പാതിവഴിയിലാണ്. 

കോന്നി 

ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ കിടത്തിച്ചികിത്സ കാര്യമായിട്ടില്ല. 360 കിടക്കകളുണ്ടെങ്കിലും അഞ്ചോ ആറോ പേരാണ് അഡ്മിറ്റാകുന്നത്. ഓപ്പറേഷൻ തിയറ്റർ, ഐസിയു, കാത്ത് ലാബ് എന്നിവയായിട്ടില്ല. കാർഡിയോളജി, ഓങ്കോളജി സേവനങ്ങളില്ല. ഒപിയിൽ പ്രതിദിനം 300 പേർ എത്തുന്നുണ്ട്. 5 കോടി രൂപ ചെലവഴിച്ച് സിടി സ്കാൻ സംവിധാനം ഏർപ്പെടുത്തിയെങ്കിലും ലൈസൻസ് ലഭ്യമായിട്ടില്ല. അത്യാഹിത വിഭാഗം പ്രവർത്തനമാരംഭിച്ചെങ്കിലും ഓപ്പറേഷൻ തിയറ്ററും ഐസിയു സൗകര്യങ്ങളുമില്ല. 

തിരുവനന്തപുരം 

തിരുവനന്തപുരത്തു സർക്കാർ മേഖലയിൽ രണ്ടാം മെഡിക്കൽ കോളജിനായി 191 കോടി രൂപ ചെലവിൽ നിർമിച്ച കൂറ്റൻ കെട്ടിടം അനാഥാവസ്ഥയിൽ. യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഉദ്ഘാടനം ചെയ്ത ഇന്ദിരാഗാന്ധി ഗവ.മെഡിക്കൽ കോളജ് തുടർന്നുവന്ന എൽഡിഎഫ് സർക്കാർ പൂട്ടി. 

ജനറൽ ആശുപത്രി വളപ്പിൽ മെഡിക്കൽ കോളജിനായി 1,38,000 ചതുരശ്ര അടി വിസ്തൃതിയുള്ള കെട്ടിടസമുച്ചയം നിർമിച്ചു. മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ എംബിബിഎസിനു 100 സീറ്റ് അനുവദിച്ചു. 2016 ൽ എൽഡിഎഫ് സർക്കാർ എത്തിയതോടെ മെഡിക്കൽ കോളജ് വേണ്ടെന്നുവച്ചു. 

മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ (ഡിഎംഇ) ചുമതലയിലുള്ള കെട്ടിടം ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്. ആരോഗ്യ ഡയറക്ടറേറ്റിന് (‍ഡിഎച്ച്എസ്) കീഴിലാണ് ജനറൽ ആശുപത്രി പ്രവർത്തിക്കുന്നത്. അതിനാൽ നിയമപരമായി വിട്ടുകിട്ടാതെ ഈ ആശുപത്രിക്കു കെട്ടിടം ഉപയോഗിക്കാനാവില്ല. 

കൊല്ലം 

യുപിഎ സർക്കാരിന്റെ കാലത്ത് ഇഎസ്ഐ കോർപറേഷനാണ് കൊല്ലം മെഡിക്കൽ കോളജ് നിർമിച്ചത്. 2013 ൽ നിർമാണം പൂർത്തിയായി. പിന്നീടു സംസ്ഥാന സർക്കാർ ഏറ്റെടുത്തു. കെട്ടിടങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ ഏറ്റവും വലിയ മെഡിക്കൽ കോളജ് ആശുപത്രിയാണിത്. ആകെ കിടക്കകൾ 470. 

2017 ലാണ് എംബിബിഎസ് ക്ലാസുകൾ ആരംഭിച്ചത്. എന്നാൽ ആദ്യ ബാച്ച് പഠനം പൂർത്തിയാക്കിയിട്ടും ട്രോമാ കെയർ, സൂപ്പർ സ്പെഷ്യൽറ്റി ചികിത്സാ വിഭാഗങ്ങൾ ആരംഭിച്ചിട്ടില്ല. ന്യൂറോ, ന്യൂറോ സർജറി, യൂറോളജി, നെഫ്രോളജി, ഗ്യാസ്ട്രോ തുടങ്ങിയ ചികിത്സാ വിഭാഗങ്ങൾ ഇല്ല. കാർഡിയോളജി വിഭാഗത്തിൽ 7 ഡോക്ടർമാർ വേണ്ടിടത്ത് 2 പേർ മാത്രം. 

ഹരിപ്പാട് 

2015 ൽ യുഡിഎഫ് സർക്കാർ മെഡിക്കൽ കോളജ് സ്ഥാപിക്കാൻ ഹരിപ്പാട് കരുവാറ്റയിൽ 25 ഏക്കർ സ്ഥലം ഏറ്റെടുത്തിരുന്നു. പിന്നീട് വന്ന എൽഡിഎഫ് സർക്കാർ ഈ പദ്ധതി ഉപേക്ഷിച്ചു. ഇതോടെ ഏറ്റെടുത്ത സ്ഥലം വെറുതെയായി. സ്ഥലം സംരക്ഷിക്കണമെന്നും ഇവിടെ ആയുർവേദ ആശുപത്രിയോ ആയുർവേദ മെഡിക്കൽ കോളജോ സ്ഥാപിക്കണമെന്നും രമേശ് ചെന്നിത്തല നിയമസഭയിൽ ആവശ്യപ്പെട്ടിരുന്നു.

English Summary : Functioning for many new medical colleges not proper

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com